പവൻ കല്യാൺ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഒജി’. ഈ പുതിയ ചിത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ . പവൻ കല്യാണിന്റെ പിറന്നാൾ ദിനമായ ഇന്നാണ് ചിത്രത്തിന്റെ ഗ്ലിമ്പ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ഒരു ചീറ്റയുടെ വേട്ടയാടൽ പോലെത്തന്നെയാണ് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്നും സിനിമയെ മനസിലാക്കാൻ കഴിയുന്നത്. ‘വിശന്നിരിക്കുന്ന ചീറ്റ’ എന്ന പേരിലാണ് ഇപ്പോൾ ചിത്രത്തിന്റെ ഗ്ലിമ്പ്സ് അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങളിലുടനീളം അക്രമങ്ങളും, ചോരക്കളികളുമാണ് കാണാൻ കഴിയുന്നത്.

പ്രഭാസ് നായകനായി പ്രദർശനത്തിനെത്തിയ പാൻ ഇന്ത്യൻ ചിത്രമായിരുന്നു ‘സഹോ’. എന്നാൽ ചിത്രത്തിന് പ്രതീക്ഷിച്ചത്ര വിജയം തീയേറ്ററിൽ നേടാനായിട്ടില്ല. ‘സഹോ’യിലൂടെ പേരുകേട്ട സംവിധായകനാണ് സുജിത് . നാലു വർഷങ്ങൾക്ക് ശേഷം ‘ഒജി’ എന്ന ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് സുജിത്.

രവി കെ ചന്ദ്രനാണ് ഒജിയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. ‘ഒജി’യിൽ കേന്ദ്രകഥാപാത്രമായ ‘ഒജാസ് ഗംഭീര’ എന്ന ‘ഒജിയായി’ പവൻ കല്യാൺ ആണ് എത്തുന്നത്. ചിത്രത്തിലെ നായികയായി എത്തുന്നത് പ്രിയങ്ക അരുൾ മോഹനാണ്. മറ്റ് കഥാപാത്രങ്ങളായി ഇമ്രാൻ ഹാഷ്‍മിയും പ്രകാശ് രാജും, അർജുൻ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് ഡി വി വി ദനയ്യയാണ്. ഡിവിവി എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ ആണ് നിർമാണം. ഹരീഷ് പൈയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. എക്സിക്യുട്ടീവ് പ്രൊഡ്യൂസറായെത്തുന്നത് അശ്വിൻ മണിയും.

പവൻ കല്യാൺ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘ഹരി ഹര വീര മല്ലു’. ഈ ചിത്രവും അണിയറയിലൊരുങ്ങുന്നുണ്ട്. കൃഷ്‍ ജഗർലമുഡി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. കൃഷ്‍ ജഗർലമുഡി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പവൻ കല്യാണിനൊപ്പം അർജുൻ രാംപാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ നർഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും അഭിനയിക്കുന്നുണ്ട്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ ദയകർ റാവുവും എ എം രത്‍നവും ഒത്തുചേർന്നാണ് ‘ഹരി ഹര വീര മല്ലു’വെന്ന ഈ പുതിയ ചിത്രം നിർമിക്കുന്നത്. ജ്ഞാന ശേഖർ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എം എം കീരവാണിയാണ്.

