‘ജയിലർ’ എന്ന സിനിമ കേരളത്തിൽ വിതരണത്തിന് എടുത്തതിലൂടെ രജനികാന്ത് എന്ന നടനുമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞെന്ന് പറയുകയാണ് ശ്രീ ഗോകുലം മൂവീസിന്റെ ഉടമ ഗോകുലം ഗോപാലൻ. രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ എന്ന സിനിമ കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ഗോകുലം മൂവീസ് ആയിരുന്നു, ചിത്രം വമ്പൻ വിജയവുമായി മാറുകയും ചെയ്തിരുന്നു.
ഗോകുലം ഗോപാലന്റെ വാക്കുകൾ…
”കാണാതെയൊക്കെയാണ് ചില ചിത്രങ്ങൾ നമ്മൾ വിതരണത്തിന് എടുക്കുക. ചില സിനിമകളെന്നും കാണിക്കാൻ അവർ തയ്യാറാവില്ല. ഈ സിനിമ വിതരണത്തിലെടുക്കുമ്പോൾ നല്ല ലാഭം കിട്ടും എന്ന രീതിയിൽ അവർ അവതരിപ്പിക്കും, ഞങ്ങളത് വിശ്വസിച്ച് വിതരണത്തിന് എടുക്കും. അങ്ങനെ സിനിമകൾ വിതരണത്തിന് എടുത്തിട്ട് ഇതുവരെ പരാജയപ്പെട്ടിട്ടില്ല. നന്നായിട്ട് തന്നെയാണ് പോയിട്ടുള്ളത്.
‘ജയിലർ’ എന്ന സിനിമയൊക്കെ ഞങ്ങൾക്ക് നല്ലൊരു വിജയമാണ് നൽകിയത്. ആ സിനിമ വിതരണത്തിന് എടുത്തതിലൂടെ രജനികാന്ത് എന്ന മനുഷ്യനുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനും സാധിച്ചു. വളരെ നല്ല രീതിയിലായിരുന്നു കേരളത്തിൽ ആ സിനിമയുടെ എല്ലാ കാര്യങ്ങളും ചെയ്തത്. അതിനു നല്ലൊരു റിസൾട്ട് ഞങ്ങൾക്ക് കിട്ടുകയും ചെയ്തു. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് തമിഴും മലയാളവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. സിനിമയുടെ പ്രമോഷന് വേണ്ടി കേരളത്തിലെത്തുന്ന തമിഴ് നടന്മാരോട് വരെ തമിഴിലാണ് പത്രക്കാർ ചോദ്യങ്ങൾ ചോദിക്കുന്നത്. അത്രയധികം ഇമ്പ്രൂവ് ആയിട്ടുണ്ട്. മലയാളം സിനിമ കണ്ടാലും തമിഴ് സിനിമ കണ്ടാലും ഒരേ അനുഭൂതിയാണ് പ്രേക്ഷകർക്ക്. മലയാളികൾക്ക് ഭാഷ പെട്ടാണ് മനസിലാവുകയും ചെയ്യും.
മലയാളികളുടെ ഏറ്റവും വലിയൊരു ക്വാളിറ്റി എന്നുപറയുന്നത്, ഏത് ഭാഷയിലും സാഹചര്യത്തിലും സംസ്കാരത്തിലും അവർ ഉടൻ അലിഞ്ഞുചേരും എന്നതാണ്. പല ദോഷ വശങ്ങൾ ഉണ്ടെങ്കിലും അതൊരു വലിയ പ്രത്യേകത തന്നെയാണ്. അന്യനാട്ടിൽ ജീവിക്കുന്ന ഒരു പ്രവാസി മലയാളി എന്ന തരത്തിൽ നമുക്കത് മനസിലാവും. എല്ലാ മലയാളികളും അങ്ങനെയാണ്, അന്യനാട്ടിൽ പോയി എന്തെങ്കിലും വ്യവസായം ഉണ്ടാക്കിയാണ് തിരിച്ചു വരാറുള്ളത്. ”
ഒരു സൗത്ത് ഇന്ത്യൻ വ്യവസായിയും സിനിമ നിർമ്മാതാവും നടനുമാണ് ഗോകുലം ഗോപാലൻ. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിക്കുകയും, കൂടാതെ വമ്പൻ അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെടുക്കുകയും ചെയ്യുന്ന പ്രശസ്തമായ നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിന്റെ ഉടമസ്ഥനാണന് ഗോകുലം ഗോപാലൻ. ആഗോളലതലത്തിൽ വലിയ വിജയമായി മാറിയ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ചിത്രം ജവാൻ കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ഗോകുലം മൂവീസ് ആയിരുന്നു. റെക്കോർഡ് തുകയ്ക്കാണ് ജവാൻ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിന് എത്തിച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്കും ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യുഷൻ രംഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്.