ആരാധകർ ആവേശത്തോടെ കാത്തിരുന്ന വിജയ് ലോകേഷ് ചിത്രത്തിൽ നിരവധി സർപ്രൈസ് താരങ്ങൾ എത്തിയിരുന്നു. പ്രദർശനത്തിന് മുൻപ് പുറത്തു വിടാത്ത താരങ്ങൾ സ്‌ക്രീനിൽ എത്തിയപ്പോൾ ആളുകളെല്ലാം ആവേശത്തിലായിരുന്നു. അത്തരത്തിൽ സംവിധായകൻ അനുരാഗ് കശ്യപ് ‘ലിയോ’യിൽ ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു. എങ്ങനെയാണു താൻ ലോകേഷ് കനകരാജിന്റെ ലിയോയിൽ എത്തിപ്പെട്ടതെന്ന് പറയുകയാണ് അനുരാഗ് കശ്യപ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
വിജയ് ചിത്രം ലിയോയിൽ സംവിധായകൻ അനുരാഗ് കശ്യപ് ഒരു ചെറിയ വേഷത്തിൽ ഉണ്ടായിരുന്നു. മുൻപൊരിക്കൽ ചെന്നൈയിൽ എത്തിയപ്പോൾ ഒരു അഭിമുഖത്തിൽ താൻ പറഞ്ഞത് കേട്ടിട്ടാകണം ലിയോയിലേക്ക് തന്നെ ക്ഷണിച്ചത് എന്ന് ആണ് അനുരാഗ് കശ്യപ് പറയുന്നത്. അന്നൊരിക്കൽ ഒരു അഭിമുഖത്തിൽ ലോകേഷിന്റെ സിനിമയിൽ മരണരംഗം അഭിനയിക്കണം എന്ന് താൻ പറഞ്ഞിരുന്നുവെന്നും, അതുകണ്ടിട്ട് അദ്ദേഹം തന്നെ വിളിച്ചുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു. വിളിച്ചപ്പോൾ ആദ്യം ചോദിച്ചത്, ആ പറഞ്ഞത് തമാശയായിട്ടാണോ എന്നാണ്, എന്നാൽ അനുരാഗ് അത് യഥാർത്ഥത്തിലാണ് പറഞ്ഞതെന്ന് പറഞ്ഞു, അപ്പോഴാണ് ലോകേഷ് പറഞ്ഞത്, അങ്ങനെയെങ്കിൽ അത്തരത്തിൽ ഒരു മരണരംഗം ഉണ്ടെന്ന്. അങ്ങനെയാണ് ലോകേഷിന്റെ ലിയോയിൽ അനുരാഗ് കശ്യപ് എത്തുന്നത്. വളരെ നല്ല സ്വീകരണമായിരുന്നു ലോകേഷ് തനിക്ക് നൽകിയതെന്നും അനുരാഗ് കശ്യപ് പറഞ്ഞു
”മൂന്ന് മണിക്കൂറിനുള്ളിൽ അവർ ആ രംഗങ്ങൾ ചെയ്തു പൂർത്തിയാക്കി. ചെറുതെങ്കിലും എനിക്കത് മികച്ച ഒരു വേഷമാണ്. നല്ല രീതിയിലാണ് അവർ എന്നെ പരിഗണിച്ചത്. വിജയിയും, ലോകേഷും ഒപ്പം മറ്റുള്ളവരും ആ രംഗം ചിത്രീകരിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു. നല്ല അനുഭവമായിരുന്നു ലിയോയിലേത്,” എന്നും സംവിധായകൻ അനുരാഗ് കശ്യപ് പറയുന്നു.
‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമായതിനാൽ ആരാധകർ വലിയ ആവേശത്തിലായിരുന്നു. വിക്രത്തിന്റെ വിജയത്തിന് ശേഷമുള്ള ലോകേഷ് ചിത്രം എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ സെക്കൻഡ് ഹാഫ് പലരേയും നിരാശരാക്കിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. വിജയ് എന്ന നടന് കഴിയില്ലെന്ന് പല ആളുകളും പറഞ്ഞിരുന്ന പലതും ഈ സിനിമയിലൂടെ തെളിയിച്ചുകൊടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ആരാധകർ പറഞ്ഞത് എന്നിരുന്നാലും ഈ വർഷത്തെ ഏറ്റവും വലിയ ആദ്യദിന ഓപ്പണിംഗ് നേടുന്ന സിനിമയെന്ന റെക്കോർഡ് ലിയോയ്ക്ക് സ്വന്തമാണ്.