തന്റെ എല്ലാ സിനിമയിലും കാസർഗോഡ് ഭാഷതന്നെ വേണമെന്ന് നിർബന്ധം പിടിക്കാൻ കഴിയില്ലല്ലോ എന്നുപറയുകയാണ് നടൻ പി പി കുഞ്ഞികൃഷ്ണൻ. കൂടാതെ സിനിമകൾ കൂടുതലും കാസർഗോഡ് ജില്ലയിൽ കേന്ദ്രീകരിക്കുന്നതിനു കാരണം മയക്കുമരുന്നിന്റെ എളുപ്പത്തിലുള്ള ലഭ്യതയാണെന്നുള്ള വിവാദ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ‘കാസർഗോൾഡ്’ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി പി കുഞ്ഞികൃഷ്ണന്റെ വാക്കുകൾ…
”ആദ്യത്തെ സിനിമയിൽ പൂർണ്ണമായും കാസർഗോഡ് ഭാഷതന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. പക്ഷെ എല്ലാ സിനിമയിലും അത് ഉപയോഗിക്കണം എന്ന് എനിക്ക് ആഗ്രഹമില്ല. അങ്ങനെ തന്നെ വേണമെന്ന് നിർബന്ധം പിടിക്കാൻ നമുക്ക് പറ്റുകയുമില്ലല്ലൊ. കാരണം സംവിധായകനോ തിരക്കഥാകൃത്തോ ചിലപ്പോൾ ആഗ്രഹിക്കുന്നത് അതായിരിക്കില്ല. അപ്പോൾ അത് മാറ്റിപിടിക്കേണ്ടിവരും. അടുത്ത് വരാൻ പോകുന്ന സിനിമ ‘പഞ്ചവത്സരപദ്ധതി’ എന്നൊരു സിനിമയാണ്. സ്വാഭാവികമായും അതിലൊരു മാറ്റമുണ്ട്. പക്ഷെ, ‘കാസർഗോൾഡി’ൽ ആ മാറ്റമില്ല. കാസർഗോൾഡ് സിനിമയിൽ നമ്മൾ പൂർണ്ണമായും കാസർഗോഡ് ഭാഷ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.”
മയക്കുമരുന്നിന്റെ ലഭ്യത എളുപ്പമായതുകൊണ്ടാണ് സിനിമകരെല്ലാം ഇപ്പോൾ കാസർഗോഡ് കേന്ദ്രീകരിച്ച് സിനിമയെടുക്കുന്നതെന്നുള്ള നിർമ്മാതാവ് എം രഞ്ജിത്തിന്റെ പ്രസ്താവന വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. നടൻ ഷെയ്ൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്കിക്കൊണ്ടുള്ള വാർത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. അങ്ങനെ കേൾക്കുമ്പോൾ കാസർഗോഡുകാർക്കു ഒരു വേദനയും ഉണ്ടായിരുന്നില്ലെന്ന് പി പി കുഞ്ഞികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി.
”അങ്ങനെ ഒരു പ്രസ്താവന കേട്ടപ്പോൾ ഞങ്ങൾക്ക് ഒരു വേദനയും ഇല്ലായിരുന്നു, കാരണം അങ്ങനൊരു സംഭവമേ അവിടെ ഇല്ലായിരുന്നു. അങ്ങനൊന്ന് ഉണ്ടെങ്കിലല്ലേ നമുക്ക് വേദനിക്കേണ്ട കാര്യമുള്ളൂ. കാസർഗോഡ് ഒരുപാട് സിനിമകളുടെ ചിത്രീകരണങ്ങൾ നടക്കുന്നുണ്ട്. സിനിമകളുടെ പ്രധാനപ്പെട്ട കേന്ദ്രമായി കാസർഗോഡ് മാറിയിട്ടുണ്ട് എന്നത് വാസ്തവമായ കാര്യമാണ്. സ്വാഭാവികമായും ഞങ്ങളൊക്കെ ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോകുന്നുണ്ടല്ലോ, എന്നാൽ ഇതുവരെ അങ്ങനെയുള്ളള സ്ഥലങ്ങളിൽ സിനിമാ നടന്മാരോ, അല്ലെങ്കിൽ ആരെങ്കിലും അത്തരത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുന്നതായി എന്റെ ശ്രദ്ധയില്പെട്ടിട്ടില്ല. ശ്രദ്ധയിൽ പെടാത്ത ഒരു കാര്യത്തെകുറിച്ചോർത്ത് പരിഭ്രമിക്കേണ്ട കാര്യം നമ്മൾക്കില്ലല്ലോ. അതുകൊണ്ടുതന്നെ നമുക്ക് പൂർണ്ണമായും തള്ളിക്കളയാൻ കഴിയുന്ന കാര്യമാണ് ആ പ്രസ്താവന. ഒരുതരത്തിലും അവിടെ ഇങ്ങനെ മയക്കുമരുന്ന് ഉപയോഗിച്ചതായി എനിക്ക് ബോധ്യപ്പെട്ടിട്ടില്ല. എനിക്ക് ബോധ്യപ്പെടാത്ത കാര്യം എനിക്ക് അംഗീകരിക്കാനും കഴിയില്ല.”
രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ മജിസ്‌ട്രേറ്റ് വേഷത്തിലൂടെയാണ് പി പി കുഞ്ഞികൃഷ്ണൻ എന്ന നടൻ സിനിമയിലേക്കെത്തിയത്. വലിയൊരു സ്വീകാര്യത തന്നെയായിരുന്നു ആ കഥാപാത്രത്തിന് പ്രേക്ഷകർക്കിടയിൽ ലഭിച്ചിരുന്നത്.