സേഫ് സൈഡ് നോക്കിയാണ് താൻ സിനിമകൾ തെരഞ്ഞെടുക്കാറുള്ളത് എന്ന് പറയുകയാണ് നിർമ്മാതാവ് വേണു കുന്നപ്പിള്ളി . മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ…
”ഒരു സിനിമ വരുമ്പോൾ തന്നെ അതിന്റെ എല്ലാ കാര്യങ്ങളും ചാർട്ട് ചെയ്യാറുണ്ട്. ഒരു കഥ നമ്മൾ കേൾക്കുമ്പോൾ നമുക്ക് ചെറിയ ഒരു ധാരണ കിട്ടും എത്ര ബഡ്ജറ്റ് ആവും എന്നത് .കാരണം കഥ കേൾക്കുമ്പോൾ അത് നമുക്ക് മനസിലാക്കാവുന്നതേ ഉള്ളു. പിന്നീട് നമ്മൾ ചോദിക്കുക നടൻമാർ ആരൊക്കെയാണെന്നാണ്. നടന്മാരെ വെച്ചിട്ടാണ് ഇവിടെ പല സിനിമകളുടെയും ബഡ്ജറ്റ് ഏത് രീതിയിലേക്കും പോകും എന്ന് തീരുമാനിക്കുക, നല്ല ആർട്ടിസ്റ്റുകൾ ആണെങ്കിൽ. അതായത് ഓടിടി , സാറ്റ്ലെെറ്റ് ഡിമാൻഡ് ഉള്ള ആർട്ടിസ്റ്റുകൾ. സിനിമയെക്കുറിച്ച് പറയുമ്പോൾ ആരാണ് നടൻ എന്നുംകൂടെ അറിയുമ്പോൾ ബഡ്ജറ്റ് നമുക്ക് കണക്കാക്കാം. പിന്നീട് പ്രൊഡക്ഷൻ എത്രവരും , എത്ര ദിവസം ചിത്രീകരണം ഉണ്ടാവും , ഒരു ദിവസത്തെ ചിലവെത്ര വരും എന്നൊക്കെ നോക്കും. ചിലപ്പോൾ ഒരു പത്തോ പതിനഞ്ചോ ശതമാനത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാവും.
ഈ നടന് എത്ര ഓടിടി കിട്ടാൻ സാധ്യത ഉണ്ടെന്നു നോക്കും,അതിനും നമുക്ക് ഏകദേശ ധാരണ ഉണ്ട്. സാറ്റ്ലെറ്റ് , ഓവർസീ ഇതൊക്കെ എത്ര കിട്ടുമെന്നും നമ്മൾ കണക്കാക്കും. അപ്പോൾ ഒരു ധാരണ വരും. ചില കഥകൾ കേട്ട് ആരാണ് നടൻ എന്നൊക്കെ അറിഞ്ഞാൽ ഞാനില്ല എന്നൊക്കെ ഞാൻ പറയാറുണ്ട് . കാരണം ചിലതൊക്കെ വലിയ വെല്ലുവിളിയായിരിക്കും, അതിനു പുറകെ നടക്കേണ്ടിവരും. അതുകൊണ്ട് സേഫ് സൈഡിലെ ഞാൻ പോകാറുള്ളൂ.
കാരണം ഇഷ്ടംപോലെ പ്രോജക്ടുകൾ ഉണ്ട്. കിട്ടാത്ത സാധനങ്ങൾ ഒന്നുമല്ല ഈ പ്രൊജക്ടുകൾ. കഥകൾ കേൾക്കാനായി സംവിധായകരുൾപ്പെടെ നിരവധി ആളുകൾ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു നിർമ്മാതാവിനെ സംബന്ധിച്ച് നല്ലൊരു സിനിമ നോക്കി എടുക്കുക എന്ന് പറയുന്നത് അത്ര പാടുള്ള കാര്യമൊന്നുമല്ല.”
2018 എന്ന വിജയ ചിത്രത്തിന്റെ നിർമ്മാതാവാണ് വേണു കുന്നപ്പിള്ളി. ഇപ്പോൾ അരുൺ നായരും വേണു കുന്നപ്പിള്ളിയും ഒരുമിച്ചു നിർമ്മിച്ച് പ്രദർശനത്തിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ചാവേർ. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് പെപ്പെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.