ജീവിതത്തിന്റെ എല്ലാ അവസരങ്ങളിലും ഒരാൾ നമ്മളെ താങ്ങി നിർത്താനുണ്ടാവുമെന്ന് നമ്മൾ ചിന്തിക്കാൻ പാടില്ലെന്ന് പറയുകയാണ് നടൻ അപ്പാനി ശരത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
”എല്ലായ്പ്പോഴും ഒരാൾ നമ്മളെ താങ്ങിനിർത്തുമെന്നു വിശ്വസിക്കരുത്. അതൊരിക്കലും നടക്കാത്ത കാര്യമാണ്. നമ്മൾക്ക് എപ്പോഴും നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളു. സിനിമകൾ കുറഞ്ഞ സമയത്ത് ഞാൻ മനസിലാക്കിയ കാര്യമാണത്. നമ്മുടെ കുടുംബവും നമ്മളും മാത്രമേ നമുക്കൊപ്പമുണ്ടാവുകയുള്ളു. സൗഭാഗ്യങ്ങളിൽ കൂടെ ഉണ്ടായിരുന്നവരാരും നമ്മുക്കൊരു കഷ്ടപ്പാട് വരുമ്പോ കൂടെ കാണില്ല.
സിനിമകൾ കുറഞ്ഞ സമയത്ത് ഞാൻ ഒരുപാടുപേരെ വിളിച്ചിരുന്നു, പക്ഷെ അന്നൊന്നും സിനിമകൾ കിട്ടാതായിപ്പോയത് എന്നോടുള്ള ഇഷ്ടക്കേടുകൾ കൊണ്ടൊന്നുമല്ല. എനിയ്ക്ക് ചേരുന്ന കഥാപാത്രങ്ങൾ ഇല്ലാതിരുന്നത് കൊണ്ടാണ്. മാലികിൽ ഞാൻ ചെയ്ത കഥാപാത്രം ഒരുപാട് തവണ വിളിച്ചു ചോദിച്ചു വാങ്ങിയ കഥാപാത്രമാണ്. സൗബിനിക ചെയ്യാനിരുന്ന കഥാപാത്രമാണ് അത്. വിളിച്ചപ്പോൾ അവർ പറഞ്ഞിരുന്നു, ഇത് ഫഫയും കൂട്ടരും ഒക്കെയുള്ള സിനിമയാണ്, വലിയ കഥാപാത്രങ്ങളൊന്നുമില്ല എന്ന്. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഭീമാപ്പള്ളിയുടെ കഥകളെക്കുറിച്ചൊക്കെ അറിയാം , അതുകൊണ്ട് എനിക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റും, എന്തെങ്കിലും കഥാപാത്രം തരുമോ എന്ന്. അന്നെന്നോട് പറഞ്ഞു, ഒരു കഥാപാത്രമുണ്ട്, പക്ഷെ അത് സൗബിൻ ചെയ്യാനിരിക്കുകയാണ്, ആള് നോ എന്നും പറഞ്ഞിട്ടില്ല യെസ് എന്നും പറഞ്ഞിട്ടില്ല, പിന്നെ ഞാൻ വിളിച്ചപ്പോ ചോദിച്ചത് സൗബിനിക്ക നോ പറഞ്ഞോ എന്നാണ്, അപ്പോളവർ ചിരിച്ചു. അങ്ങനെയാണ് ഞാൻ ആ കഥാപാത്രം ചെയ്യുന്നത്. പുതിയ സിനിമകൾ തുടങ്ങുമ്പോൾ ഇപ്പോഴും ഞാൻ സംവിധായകരെ വിളിച്ചു ചോദിക്കാറുണ്ട്.
എല്ലാവരും പറയാറില്ലേ അവരൊരു ഗ്രൂപ് ആണ് ഗാംങ് ആണ് എന്നൊക്കെ. അത് പക്ഷെ അങ്ങനെ അല്ല, അവർക്കു സുഗമായി വർക് ചെയ്യാൻ കഴിയുന്ന ഒരു കൂട്ടം ആളുകൾ അത്രയേ ഉള്ളു. ഒരു കലയല്ലേ നമ്മൾ ചെയ്യുന്നത്. സിനിമ നമുക്കാണ് ആവിശ്യം , അതുകൊണ്ട് ഞാൻ സംവിധായകരെ വിളിക്കാറുണ്ട് . ഒരിക്കൽ ശങ്കർ രാമകൃഷ്ണൻ സാറിനെ വിളിച്ചിട്ട് എനിക്ക് പടങ്ങളൊന്നും കിട്ടുന്നില്ല, സാറിന് പടങ്ങൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ എന്നെ വിളിക്കണം, ഞാൻ മാനസികമായി പ്രശ്നത്തിലാണ്, സിനിമകൾ കിട്ടിയില്ലെങ്കിൽ ഞാൻ പഴയ ആ അവസ്ഥയിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് രാവിലെ നേരത്തെ എണീക്കാനാണ്. നേരത്തെ എണീറ്റ് എന്റെ നാടകത്തിലെ പണികളെല്ലാം കഴിഞ്ഞിട്ട് പറ്റുന്ന സംവിധായകരെ ഒക്കെ വിളിക്കാനാണ് പറഞ്ഞത്. ഞാൻ അഭിനയിക്കാനറിയാം എന്ന് തെളിയിച്ചു വന്നൊരാളാണ്. അതുകൊണ്ട് അവരാരും എന്നെ തെറി വിളിക്കില്ലെന്നദ്ദേഹം പറഞ്ഞു. ഞാനിപ്പോളും അത് തുടരുന്നുണ്ട്. നേരിട്ട് കാണുമ്പോഴും സംവിധായകരോട് അവസരങ്ങൾ ചോദിക്കാറുണ്ട്.”