‘എന്നെ തീയേറ്ററിന്റെ മുൻപിൽ നിന്ന് ഓടിച്ചുവിട്ടവർക്കൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്’ : പ്രമോദ് വെളിയനാട്

0
178

നാടകാഭിനയത്തിലൂടെയാണ് പ്രമോദ് വെളിയനാട് എന്ന നടൻ സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നേരിട്ട മോശം അഭിനയത്തെകുറിച്ച് പറയുകയാണ് താരം. അന്ന് തന്നെ ഓടിച്ചുവിട്ട പലരുടെയും കൂടെ പിന്നീട് അഭിനയിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തനിക്ക് നാടകത്തിൽ നിന്നും ലഭിച്ച ആദ്യ ശമ്പളത്തെ കുറിച്ചും പറയുകയുണ്ടായി. മൂവി വേൾഡ് മീഡിയ നടത്തിയ സിനിമയല്ല ജീവിതം എന്ന പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

പ്രമോദ് വെളിയനാടിന്റെ വാക്കുകൾ…

”നാടകത്തിൽ ഏറ്റവും ആദ്യം ലഭിച്ച ശമ്പളം എന്നുപറയുന്നത് നൂറു രൂപയാണ്. ആ നൂറു രൂപ ഞാൻ അച്ഛന്റെ കയ്യിൽ കൊടുത്തു. അച്ഛൻ കഴിഞ്ഞിട്ടാണ് അമ്മ. കാരണം അമ്മയ്ക്ക് നാടകത്തിനെ കുറിച്ചൊന്നും അറിയാത്ത കാലത്തല്ലേ നമ്മൾ നാടകത്തിനൊക്കെ പോയത്. അച്ഛനാണ് ഉള്ളുകൊണ്ട് എന്നെ നടനാക്കാൻ ആഗ്രഹിച്ചത്. അമ്മ അച്ഛനോട് ചേർന്നപ്പോൾ പിന്നീട് അവർ രണ്ടുപേരുടെയും ഇഷ്ടമായി മാറി എന്നെ നടനക്കണമെന്നത്. പട്ടിയെ കണ്ടാൽ, ആദ്യമേ എന്നെ എറിഞ്ഞുകഴിഞ്ഞിട്ടേ പട്ടിയെ എറിയുമായിരുന്നുള്ളൂ. ആ എന്നെ നടനാക്കണമെന്ന് ആഗ്രഹിച്ച ആളുകളാണ് എന്റെ അച്ഛനും അമ്മയും.

നമ്മൾ കാണുന്ന നാടക പറമ്പിലും, അമ്പലപ്പറമ്പിലും നല്ല സുന്ദരന്മാരും സുന്ദരികളും, നല്ല ശബ്ദ ഗാംഭീര്യമുള്ളവരും നിന്ന് അഭിനയിക്കുമ്പോൾ , ഞാൻ കരഞ്ഞുകൊണ്ട് പറയാറുണ്ട്, എന്നെ നോക്കിയിട്ട്, ഇത് നടക്കുമോ ഇല്ലയോ എന്ന്. പക്ഷെ ആ നടന്മാരുടെ കൂടെ ഞാൻ അഭിനയിച്ചു.

കോട്ടയം രമേശ് ചേട്ടനുൾപ്പെടെ. അയ്യപ്പനും കോശിയിലെ കോട്ടയം രമേശ് ചേട്ടനൊക്കെ എന്നെ തീയേറ്ററിന്റെ മുൻപിൽ നിന്നൊക്കെ ഓടിച്ചുവിട്ടിട്ടുണ്ട്. പോയി പുറകിലൊക്കെ നിൽക്കാൻ പറഞ്ഞിട്ട്. വല്ലതും എടുത്തുകൊണ്ടുപോകാൻ നിന്നതാണെന്നു വിചാരിച്ചിട്ട്. കൗതുകം കൊണ്ട് നമ്മൾ വിഗ്ഗിലൊക്കെ തൊട്ടുനോക്കും .അങ്ങനെ ഓടിച്ചുവിട്ട പുള്ളിയുടെ കൂടെ ഞാൻ ഒന്നിച്ചു നാടകം കളിച്ചു, ഒന്നിച്ചു സിനിമയിലും അഭിനയിച്ചു. എന്റെ സ്വപ്നത്തിനും ആഗ്രഹത്തിനും അത്രയ്ക്ക് വിലയുണ്ടായിരുന്നു. അതുകൊണ്ടാണ്”. കരഞ്ഞുകൊണ്ടാണ് താരം ഇക്കാര്യങ്ങൾ മുവി വേൾഡ് മീഡിയയുടെ പരിപാടിയിൽ വെളിപ്പെടുത്തിയത്.

 

”എനിക്ക് കിട്ടിയ അവാർഡുകളൊക്കെ പിടിച്ചു അച്ഛൻ നിൽക്കുന്ന നിൽപ്പ് കണ്ടാൽ ഓസ്കാർ വാങ്ങി നിൽക്കുന്നപോലെയാണ് അച്ഛന്റെ മുഖം. ആ കാര്യത്തിൽ ഞാൻ നൂറു ശതമാനം ഭാഗ്യവാനാണ്. അച്ഛനും അമ്മയും ആഗ്രഹിച്ചതിന്റെ അപ്പുറത്തു ഞാൻ എത്തിയിട്ടുണ്ട്”. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here