സ്നേഹം, ബന്ധങ്ങൾ എന്നിവയെല്ലാം ഭാഷയ്ക്കതീതമാണെന്നും പ്രത്യേകിച്ച് മലയാളികൾക്ക് ഭാഷ ഒരു പ്രശ്‌നമല്ലെന്നും പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. മലയാളം വശമില്ലാത്ത ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞു മലയാളികൾക്കിടയിലേക്ക് വരുന്നൊരു സന്ദർഭം നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിൽ പശ്ചാത്തലമാക്കുന്നുണ്ട്, അതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു താരം സംസാരിച്ചത്.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ…
”ഭാഷയ്ക്കും അതീതമാണ് സ്നേഹബന്ധങ്ങൾ. എന്റെ ഭാര്യ ഒരു മലയാളിയല്ല. അവൾ മലയാളം സംസാരിച്ചുതുടങ്ങിയിട്ട് ഏകദേശം എട്ട് വര്ഷമായിട്ടേ ഉള്ളു. ഇപ്പോഴും മലയാളം പറയുമ്പോൾ ചെറിയ തിരുത്തൽ വരാറുണ്ട്. അതുപോലെ തന്നെ അവരുടെ നാട്ടിൽ പോയാലും നമ്മുടെ അവസ്ഥ അതാണ്. നമുക്കു ഹിന്ദി വശമില്ലാത്തതുകൊണ്ട് അവർ നമ്മളെയും തിരുത്തിതരും.
അരവിന്ദന്റെ അതിഥികൾ, കഥ പറയുമ്പോൾ എന്നീ സിനിമയൊക്കെ ചെയ്ത എം മോഹനൻ എന്റെ മാമനാണ്. അദ്ദേഹം കല്യാണം കഴിച്ചത് മലയാളിയെ ആണെങ്കിലും, മാമി ജനിച്ചതും വളർന്നതും ഒക്കെ ബോംബെയിലാണ്. മലയാളം ഒട്ടും അറിയില്ല. മാമനാണെങ്കിൽ മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. അവർ രണ്ടുപേരും പറയുന്നത് അവർക്ക് മനസിലാവാറില്ലായിരുന്നു, പക്ഷെ അത് അവരുടെ സ്നേഹ ബന്ധത്തിന് ഒരു തടസമായിരുന്നില്ല. മലയാളികൾ അങ്ങനെയാണ്. ഭാഷ അറിയില്ലെങ്കിലും , ആശയവിനിമയം നടത്താൻ പ്രഗത്ഭരാണ്.
മാമന്റെ രസകരമായ ഒരു കഥയുണ്ട്. സൽക്കാരത്തിനായി മാമൻ ബോംബയിൽ പോയിരുന്നു. അവർക്ക് വലിയ ആഥിത്യ മര്യാദയാണ്. അന്ന് അങ്ങനെ ഒരുപാട് ഭക്ഷണം കഴിച്ച് മാമന്റെ വയർ പൊട്ടാറായിരുന്നു. കുറെ തവണ മതി എന്ന് പറഞ്ഞെങ്കിലും അവർ വീണ്ടും നിർബന്ധിച്ചുകൊണ്ടിരുന്നു. അവസാനം അവിടെത്തെ ജോലിക്കാരി വലിയൊരു താലത്തിൽ ഒരു ഭക്ഷണം കൊണ്ടുവന്നു, അത് കണ്ടപ്പോൾ മാമൻ അവരുടെ കാല് പിടിച്ചു പറഞ്ഞു മതിയെന്ന്. ഇതുകണ്ട് അവരൊക്കെ ഞെട്ടിപോയി, ഇത്രയ്ക്കു വിനയമുള്ള ആളാണോ മാമൻ എന്നൊക്കെ ചിന്തിച്ചു. എങ്കിലും അവിടെ എല്ലാവർക്കും കാര്യം മനസിലായി
കൂടാതെ, എന്റെ ഒരു സുഹൃത്ത് അറബി പറയുന്നതുകേട്ട് ഞാൻ ഞെട്ടിപോയിട്ടുണ്ട്. അവനെയും കൂട്ടി ഞാനൊരിക്കൽ ദുബായ് മാളിൽ പോയിരുന്നു. അവനൊരു കടയിൽ ചെന്നിട്ട് ഒരു സാധനത്തിനെന്താ വില എന്ന് ചോദിച്ചു. പറഞ്ഞത് മലയാളത്തിലാണെങ്കിലും അതിന്റെ താളം അറബിയുടെ ആയിരുന്നു. ചോദിച്ചപ്പോളവാൻ പറഞ്ഞതിങ്ങനെയാണ്. കടക്കാരന് കാര്യം മനസിലായാൽ മതിയല്ലോ എന്ന്. അതാണ് സത്യം, ഭാഷ എന്നുപറയുന്നത് പലപ്പോഴും ആശയവിനിമയം നടത്താനല്ലാതെ അതൊരു തടസമായിട്ട് എനിക്കും, പ്രത്യേകിച്ച് മലയാളികൾക്കും തോന്നിയിട്ടില്ല.”