‘ചാവേർ’ എന്ന സിനിമയിൽ അശോകൻ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ടിനു പാപ്പച്ചൻ തനിക്ക് ആ കഥാപാത്രം നൽകിയപ്പോലുള്ള പ്രതീക്ഷകളും പിന്നീട് കഥാപാത്രമായി മാറിയതിനെക്കുറിച്ചും പറയുകയാണ് കുഞ്ചാക്കോ ബോബൻ. ചാവേർ സിനിമയുടെ ട്രെയിലർ ലോഞ്ച് വേദിയിൽ വെച്ചായിരുന്നു താരം തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ..
”ഞാൻ കണ്ട അശോകനല്ല ഇപ്പോൾ നിങ്ങൾ കാണുന്ന ചാവേറിലെ അശോകൻ. ടിനുവിന്റെ സിനിമ വന്നപ്പോൾ ഞാൻ വിചാരിച്ചു, ഒരു ആക്ഷൻ, കട്ട ഫിഗർ ലുക്കൊക്കെ പിടിക്കാമെന്നായിരുന്നു. പക്ഷെ അപ്പോളാണ് ടിനു എന്റെയടുത്ത് പറയുന്നത്, നമ്മുക്ക് പത്തുപതിനഞ്ച് കിലോ ഭാരം കൂട്ടാം, കുടവയറൊക്കെ വെക്കാം എന്നൊക്കെ. അപ്പോൾ ഞാൻ പറഞ്ഞു എന്റെ മസിൽ, സിക്സ് പാക്ക്, ബെെസെപ്സ് ഇവയൊക്കെ പോവില്ലേ എന്ന്. നമുക്കു കഥാപാത്രമാണ് വലുത്, മറ്റേതൊന്നും നമുക്കാവശ്യമില്ല, കഥാപാത്രം വിട്ടൊരു കളിയില്ല എന്നാണ് ടിനു അപ്പോൾ പറഞ്ഞത്.
അത് കഴിഞ്ഞാണ് കഥാപാത്രത്തിന്റെ സ്കെച്ച് ഒക്കെ തയ്യാറാക്കുന്നത്. പിന്നീട് മേക്കപ്പും കോസ്റ്റ്യൂമും ഒക്കെ വന്നു. ലൊക്കേഷനിലേക്ക് വരുമ്പോൾ അവിടെ അതിന്റെതായ ആംബിയൻസും കാര്യങ്ങളൊക്കെ തയ്യാറായി. ആ കഥാപാത്രം ചെയ്യുമ്പോൾ ഞാൻ ശരിക്കും മിനിമൽ മേക്കപ്പിലാണ് എത്തുന്നത്. എന്നാ തൻ കേസ് കൊട് എന്ന സിനിമയിൽ എന്നെകൊണ്ട് ആവിശ്യമുള്ളതും ഇല്ലാത്തതും ഒക്കെ രതീഷ് പൊതുവാൾ ചെയ്തിട്ടുണ്ട്. പല്ലു വെക്കുകയും, മുടി ഒക്കെ എണ്ണ കൊണ്ട് പറ്റിച്ച് ചീകുകയും, അങ്ങനെയുള്ള പരിപാടികൾ ചെയ്തു.എന്നാൽ ചാവേറിൽ അങ്ങനെ ഒന്നും വേണ്ട വളരെ ഫ്രീ ആയി ചെയ്യാം എന്നുപറഞ്ഞ് വന്നപ്പോളാണ് ടിനു പറയുന്നത് വണ്ണം വെക്കണം, മുടി പറ്റെ വെട്ടണം, കട്ട താടി മീശ, മുറിവുകളുടെ പാടുകൾ വേണം കണ്ണിൽ ലെൻസും വേണം എന്നൊക്കെ പറഞ്ഞത്.
ഒന്നര മണിക്കൂർ എടുത്താണ് അശോകന്റെ മേക്കപ്പ് ചെയ്യുന്നത്, അതിലും ബുദ്ധിമുട്ടാണ് അത് കഴുകി കളയാൻ. മേക്കപ്പ് ചെയ്യുന്ന സമയത്ത് ചോര ഒന്നുമുണ്ടാവില്ല. പിന്നീട് അടിയും ഇടിയും ഒക്കെ കഴിഞ്ഞ് വരുമ്പോൾ പക്ഷെ ചോര ഒക്കെ ഉണ്ടാവും. അപ്പോൾ മേക്കപ്പ് കളയാൻ തന്നെ വേണം രണ്ട് രണ്ടര മണിക്കൂർ. പക്ഷെ എന്തൊക്കെ ബുദ്ധിമുട്ടുകൾ നമ്മൾ സിനിമയിൽ അഭിനയിക്കുമ്പോൾ നേരിട്ടാലും, സിനിമ ഇറങ്ങി അത് നേരിൽ കാണുമ്പോൾ വളരെ സന്തോഷമുള്ള കാര്യമാണ്.
ഈ സിനിമയ്ക്കായി ഞാൻ വളരെ ആകാംഷയോടെ ആണ് കാത്തിരിക്കുന്നത് . ഓരോ കഥാപാത്രങ്ങളുടെയും കാര്യങ്ങൾ അങ്ങനെയാണ്. ആന്റണിയുടെ ആയാലും അർജുന്റെ ആയാലും അംങ്ങനെതന്നെയാണ് കാര്യങ്ങൾ. കൂടാതെ എന്റെ കൂടെ ഈ യാത്രയിൽ മുഴുവൻ ഉണ്ടായിരുന്ന എല്ലാവർക്കും അങ്ങനെയാണ്. ഇവരെയൊക്കെ മുൻപത്തെ സിനിമകളിൽ കണ്ട പോലെ അല്ല ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആ ഒരു കാര്യം ഈ സിനിമയുടെ ക്വാളിറ്റി കൂട്ടാൻ സഹായിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.
പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിൽ കാര്യങ്ങളെ അവതരിപ്പിക്കാൻ സിനിമയുടെ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങുന്നുണ്ട്. അത് മാറ്റൊരു പ്രത്യേക വെെബിലുള്ള ഗാനമായിരിക്കും ഏന്ന് പറയാവുന്നതാണ്.”