വന്യമായ ചിരിയുമായി മമ്മൂട്ടി ഇരിക്കുന്ന ഒരു ബ്ലാക്ക് ആൻദ് വെെറ്റ് പോസ്റ്ററാണ് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ ഭാഗമായി മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഈ പോസ്റ്റർ ഇറങ്ങിയതുമുതൽ തന്നെ ആരാധകർ ആവേശകരമായ കാത്തിരിപ്പിലാണുള്ളത്. എന്നാലിപ്പോൾ മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ചിത്രത്തെക്കുറിച്ചുള്ള ആസിഫ് അലിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘ഭ്രമയുഗ’ത്തിൽ അർജുൻ അശോകൻ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. എന്നാൽ ആ കഥാപാത്രം താൻ ചെയ്യാനിരുന്നതാണെന്നും ചില ഡേറ്റിന്റെ പ്രശ്നങ്ങൾ കാരണം അതിനു സാധിച്ചിരുന്നില്ലെന്നും ആസിഫ് അലി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തലാണ് ആസിഫ് അലി ഇതേക്കുറിച്ചു പറഞ്ഞത്. ഭ്രമയുഗത്തിലുള്ളപോലത്തെ കഥാപാത്രം മമ്മൂട്ടി ചെയ്യുമെന്നു ഒരിക്കലും കരുതിയിരുന്നില്ലെന്നും, അദ്ദേഹത്തിന്റെ മറ്റൊരു എക്സ്ട്രാ ഓർഡിനറി സിനിമയാകും ‘ഭ്രമയുഗം’ എന്നും ആസിഫ് അലി അഭിമുഖത്തിൽ പറഞ്ഞിരുന്നു. പരീക്ഷണ സിനിമകളോട് തനിക്കു പേടി ആയിരുന്നെന്നും , എന്നാൽ ആ പേടി റോഷാക്ക് എന്ന സിനിമയിലൂടെ മാറ്റിത്തന്ന ക്യാപ്റ്റനാണ് മമ്മൂക്ക എന്നുമാണ് ആസിഫ് പറഞ്ഞ മറ്റൊരു കാര്യം.
“സോ കോൾഡ് പരീക്ഷണ സിനിമകളോട് ഒരു പേടി വന്നിട്ടുണ്ട്. ആ പേടി ‘റോഷാക്കി’ലൂടെ മാറ്റി തന്നൊരു ക്യാപ്റ്റൻസിയാണ് മമ്മൂക്ക. ഭ്രമയുഗത്തിൽ ഞാനായിരുന്നു അർജുൻ അശോകൻ ചെയ്യുന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് . പക്ഷേ ആദ്യം പറഞ്ഞ ഡേറ്റിൽ ചില മാറ്റം വന്നപ്പോൾ എന്റെ ഡേറ്റ്സുമായി ഒത്തുപോകാതെ വന്നു . അങ്ങനൊരു കഥാപാത്രം മമ്മൂക്ക ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. മമ്മൂക്കയുടെ അടുത്ത എക്സ്ട്രാ ഓർഡിനറി സിനിമതന്നെ ആയിരിക്കും അത്.മമ്മൂക്ക സിനിമകൾ തിരഞ്ഞെടുക്കുന്ന രീതി വളരെ അവിശ്വസനീയമാണ്. അതെനിക്ക് ഇപ്പോഴും പ്രചോദനം നൽകാറുണ്ട്.”, എന്നാണ് ആസിഫ് അലി പറഞ്ഞത്.
ചിത്രത്തിൽ ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത്. നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ദുർമന്ത്രവാദിയാണ് മമ്മൂട്ടിയുടെ കഥാപാത്രം എന്നാണ് സൂചന. പൂർണ്ണമായും ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ചിത്രം. മലയാളത്തിൽ കൂടാതെ മറ്റ് നാല് ഭാഷകളിലും ചിത്രം റിലീസിന് എത്തും. ഇതിനുമുൻപ് വിധേയൻ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ റോഷാക്കിലും പുഴുവിലും ഗ്രേ ഷേഡുള്ള കഥാപാത്രങ്ങളിലാണ് മമ്മൂട്ടി എത്തിയിരുന്നത് . പുതിയ സിനിമയായ “ഭ്രമയുഗം” ത്തിലും നടൻ വില്ലനായി തകർക്കുമെന്നാണ് ആരാധകർ ഇതിനോടകം പറയുന്നത്.