സിനിമാ രംഗത്തെ പല താരങ്ങളുടെയും കണ്ടുമുട്ടലുകൾ അവസാനിക്കുന്നത് പുതിയൊരു ചിത്രത്തിന്റെ വിശേഷങ്ങളിലായിരിക്കും . അത്തരമൊരു സസ്പെൻസ് ബാക്കിയാക്കിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത് രണ്ടു താരങ്ങൾ കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളാണ്. തമിഴിലെ സൂപ്പർസ്റ്റാർ അജിത്തും മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
View this post on Instagram
മോഹൻലാലിൻറെ സുഹൃത്ത് സമീർ ഹംസയാണ് ഇരുവരുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിൻറെ ദുബൈയിലുള്ള ഫ്ലാറ്റിലാണ് അജിത്ത് അതിഥിയായി എത്തിയത്.
ഇരുവരും കണ്ടുമുട്ടിയത് പുതിയ ചിത്രത്തിന്റെ ഭാഗമായാണോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം. രണ്ടു സിനിമാ ഇൻഡസ്ട്രികളിലെ രാജാക്കന്മാരുടെ ചിത്രം ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.
വളരെ ക്കാലത്തിന് ശേഷം തമിഴ് സിനിമാ പ്രേക്ഷകർ ലാലേട്ടനെ ബിഗ് സ്ക്രീനിൽ കണ്ടത് രജനികാന്ത് നായകനായെത്തിയ ജയിലറിലൂടെയായിരുന്നു. ചിത്രത്തിൽ അതിഥിതാരമായാണ് മോഹൻലാൽ എത്തിയത്. രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തിന്റെ സുഹൃത്തും അധോലോക നായകനുമായ മാത്യു എന്ന കഥാപാത്രമായാണ് മോഹൻലാൽ സിനിമയിൽ എത്തിയത്. വളരെ കുറച്ചു സമയം മാത്രമേ ലാലേട്ടന് സിനിമയിൽ രംഗങ്ങൾ ഉണ്ടായിരുന്നുള്ളുവെങ്കിലും, തിയറ്ററുകളിൽ വലിയ കൈയടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. കേരളത്തിൽ പ്രതീക്ഷിച്ചതിലധികം വിജയമാണ് ജയിലർ നേടിയെടുത്തത്. അതിലെ വലിയൊരു പങ്കും മോഹൻലാലിന്റേതാണ്.
നിരവധി വലിയ ചിത്രങ്ങൾ മോഹൻലാലിൻറേതായി പുറത്തുവരാനിരിക്കുന്നുണ്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്, കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, ജീത്തു ജോസഫ് സംവിധാനം നിർവഹിക്കുന്ന നേര്, പാൻ ഇന്ത്യൻ ചിത്രമായ വൃഷഭ, ജീത്തു ജോസഫ് തന്നെ ഒരുക്കുന്ന റാം, പൃഥ്വിരാജ് സുകുമാരൻറെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാൻ എന്നിങ്ങനെയാണ് മോഹൻലാലിൻറെ വരാനുള്ള സിനിമകൾ . ഇതിൽ നേര്, വൃഷഭ എന്നീ സിനിമകളുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . ദൃശ്യം 2 ൽ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേര് എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് കഴിഞ്ഞ ചിങ്ങം ഒന്നിന് ആയിരുന്നു.
അതേസമയം അജിത്തിൻറേതായി അവസാനം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം തുനിവ് ആണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയർച്ചിയാണ് അദ്ദേഹത്തിൻറെ അടുത്തതായി അണിയറയിൽ ഒരുങ്ങുന്നത്.