‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷമാണ് തെന്നിത്യയിൽനിന്നുള്ള പാൻ ഇന്ത്യൻ സിനിമകൾ ലോകമെങ്ങും സജീവമാകാൻ തുടങ്ങിയത്. അതിനു തുടക്കമിട്ടത് എസ് എസ് രാജമൗലിയും. പ്രഭാസ് എന്ന നടനും അനുഷ്ക ഷെട്ടിക്കും രാജ്യത്താകമാനം നിരവധി ആരാധകരെ നെടുത്തിക്കൊടുത്തതിൽ ‘ബാഹുബലി’ക്കും രാജമൗലിക്കും അസാമാന്യ പങ്കാണുള്ളത്.
ബാഹുബലിയിലെ ദേവസേനയെന്ന അനുഷ്ക ഷെട്ടിയുടെ കഥാപാത്രത്തിന് അത്രയധികം ആരാധകരെ ലഭിക്കാൻ കാരണം അനുഷ്കയുടെ അഭിനയം കൊണ്ടുതന്നെയാണ്. എന്നാൽ ബാഹുബലിക്ക് ശേഷം അത്തരത്തിലുള്ള പാൻ ഇന്ത്യൻ സിനിമകൾ അനുഷ്ക തിരഞ്ഞെടുത്തിട്ടില്ല. അതിനുള്ള കാരണം അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുഷ്ക പറഞ്ഞിരുന്നു.
ബോധപൂർവ്വമാണ് പാൻ-ഇന്ത്യൻ പ്രോജക്റ്റുകൾ തിരഞ്ഞെടുക്കാതിരുന്നതെന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു താരം . ജയറാം, ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം 2018ൽ ‘ഭാഗമതി’യും പിന്നീട് 2020ൽ ദ്വിഭാഷ ചിത്രമായ ‘നിശബ്ദവു’മാണ് അനുഷകയുടെതെയായി പ്രദർശനത്തിനെത്തിയ മറ്റു ചിത്രങ്ങൾ.
ബാഹുബലിക്ക് ശേഷമാണ് അനുഷ്ക ബാഗമതി തിരഞ്ഞെടുത്തു ചെയ്യുന്നത്. പിന്നീടാണ് താരം മനഃപൂർവം ഒരു ഇടവേള എടുക്കുന്നത്. കാരണം വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമായിരുന്നു താരത്തിന്. അതിന് ഒരിടവേള അത്യാവശ്യമായി തോന്നിയെന്നാണ് താരം പറഞ്ഞത്. ആ സമയങ്ങളിൽ താരം തിരക്കഥകൾ കേട്ടിരുന്നില്ലെന്നും, എന്നാലിപ്പോൾ കഥകൾ കേൾക്കുന്നുണ്ടെന്നും അനുഷ്ക പറഞ്ഞു.
‘ബാഹുബലി പൂർത്തിയാക്കിയ ശേഷം ഭാഗമതി കമ്മിറ്റ് ചെയ്തിരുന്നു. പിന്നീട് ബോധപൂർവ്വം ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചു. പുതിയ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമായിരുന്നു. ആ സമയത്ത് തിരക്കഥകൾ കേട്ടിരുന്നില്ല. ഇപ്പോൾ പുതിയ തിരക്കഥകൾ കേൾക്കുകയാണ് ഞാൻ . അതിനാൽതന്നെ എന്നെ ആവേശം കൊള്ളിക്കുന്ന ഒരു കഥാപാത്രം ലഭിച്ചാൽ, ഭാഷപോലും പരിഗണിക്കാതെ അഭിനയിക്കുമെന്നും’ അനുഷ്ക അഭിമുഖത്തിൽ പറയുകയുണ്ടായി.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്ക ഷെട്ടി നായികാ കഥാപാത്രത്തിൽ എത്തുന്ന തെലുങ്ക് ചിത്രം ‘മിസ് ഷെട്ടി, മിസ്റ്റർ പോളിഷെട്ടി’ തീയേറ്ററുകളിലെത്തുന്നത് . മഹേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവീൻ പോളി ഷെട്ടിയാണ് നായകനായി അഭിനയിക്കുന്നത്. നടൻ ജയസൂര്യ നായകനാകുന്ന കത്തനാർ എന്ന പുതിയ ചിത്രത്തിലും അനുഷ്ക അഭിനയിക്കുന്നുണ്ട്. കത്തനാരിന്റെ ഗ്ലിംപ്സ് ഈ അടുത്ത് ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് പുറത്തിറങ്ങിയത്.