വളരെ വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായെത്തിയ ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന സിനിമ. സിനിമയിലെ താരങ്ങൾക്കൊപ്പംതന്നെ യഥാർത്ഥ കണ്ണൂർ സ്‌ക്വാഡ് അംഗങ്ങളും ഇപ്പോൾ താരങ്ങളാണ്. കണ്ണൂരില്‍ വെച്ച് യഥാര്‍ത്ഥ കണ്ണൂര്‍ സ്‌ക്വാഡിന്റെ കുടുംബവുമായി മൂവീ വേള്‍ഡ് മീഡിയ ഒരു പ്രത്യേക അഭിമുഖ പരിപാടി നടത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിന് പോകുമ്പോൾ വളരെയധികം പ്രാർഥനയോടെയാണ് തങ്ങൾ വീട്ടിൽ ഇരിക്കാറുള്ളതെന്നു പറയുകയാണ് യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിന്റെ ഹെഡിന്റെ ഭാര്യ.
”കേസിനു പോയാൽ ഞങ്ങൾക്ക് രാവിലെയും വെെകുന്നേരവും പ്രാർത്ഥനയാണ്. പ്രാർത്ഥനയിൽ എല്ലാം ഉൾപ്പെടുത്തും. അവിടെ വെച്ച് ഇടക്ക് വിളിക്കാറുണ്ട്. പ്രതിയെ അന്വേഷിക്കുകയാണ്, അടുത്തെത്താറായി എന്നൊക്കെ പറയാറുണ്ട്. അതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷമാണുണ്ടാവുക. ആ സമയത്ത് മക്കളൊക്കെ വളരെ ചെറുപ്പമായിരുന്നു, അവർ ഇതിനെക്കുറിച്ചൊന്നും അറിയാറായിട്ടില്ലായിരുന്നു. സിനിമ കണ്ടിരുന്നു. അദ്ദേഹത്തിന്റെ വേഷത്തിൽ മമ്മൂക്ക അഭിനയിച്ചപ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും തോന്നിയിരുന്നു.” എന്നാണ് കണ്ണൂർ സ്‌ക്വാഡിന്റെ ഹെഡ് ബേബി ജോർജിന്റെ ഭാര്യ പറഞ്ഞത്.
കുടുംബത്തെകുറിച്ച് കണ്ണൂർ സ്‌ക്വാഡിന്റെ ഹെഡ് ആയ ബേബി ജോർജും സംസാരിക്കുകയുണ്ടായി. ”നമ്മളുടെ ഏറ്റവും വലിയ പിന്തുണ കുടുംബമാണല്ലോ. അവരില്ലാതെ നമ്മുക്ക് സമാധാനത്തോടെ കേസിനു പോകാൻ കഴിയില്ല. നമ്മൾ പോയ്ക്കഴിയുമ്പോൾ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത് ഇവരാണ്. അന്ന് നമ്മളിൽ പലരുടെയും വീട്ടിൽ പ്രായമായ ആളുകളൊക്കെ ഉണ്ട്, കൂടാതെ ചെറിയ മക്കളൊക്കെയുണ്ട്. ആ സമയത്ത് അവർക്ക് സുഖമില്ലാത്ത അവസ്ഥയൊക്കെ വരാറുണ്ട്. അങ്ങനെയുള്ള അവസ്ഥയിലും നമ്മളെ പിന്തുണയ്ക്കുന്നത് നമ്മുടെ കുടുംബമാണ്. അതാണ് ഞങ്ങളുടെ ബലം. ഞങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് കിട്ടുന്നതിനേക്കാളും, പൊതുജനങ്ങളിൽ നിന്ന് കിട്ടുന്നതിനേക്കാളും ബലം ആണ് ഈ പിന്തുണ. അതില്ലെങ്കിൽ ഞങ്ങൾക്ക് മുന്നേറാൻ കഴിയില്ല.” എന്നാണ് ബേബി ജോർജ് പറഞ്ഞത്.
ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ഒറിജിനല്‍ സ്‌ക്വാഡില്‍ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂര്‍ സ്‌ക്വാഡ് ചിത്രത്തില്‍ നാല് പോലീസ് ഓഫീസര്‍മാരെ മാത്രം കേന്ദ്രീകരിച്ചാണ് ചിത്രം മുമ്പോട്ട് പോകുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കല്‍പ്പിക കഥ കൂടിയാണിത്.റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.