സംവിധായൻ ജോഷിയുടെ പുതിയ സിനിമയിൽ അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടൻ അപ്പാനി ശരത്. ജോജു നായകനായെത്തുന്ന ‘ആന്റണി’ എന്ന ചിത്രത്തിലാണ് താരം വേഷമിടുന്നത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജോഷിയുടെ പുതിയ സിനിമയിലേക്കെത്തിയതിന്റെ കഥ പങ്കുവെച്ചത്.
”ജോഷി സാറിന്റെ സിനിമയിലഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോഴുള്ളത്. സത്യം പറയുകയാണെങ്കിൽ, വിളിച്ചു ചോദിച്ച വേഷമാണെന്നു വേണമെങ്കിൽ പറയാം. ബാദുക്കയും ഞാനും ഒരു സിനിമ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സിനിമയുടെ ലൊക്കേഷനിലായിരുന്നപ്പോഴാണ് ബാദുക്ക എന്നോട് ഇതിനെ കുറിച്ച് പറയുന്നത്. അന്ന് ഞാൻ ബാദുക്കയുടെ അടുത്ത് പറഞ്ഞു, പുതിയ സിനിമകൾ വരുമ്പോ എന്നെ വിളിക്കണമെന്ന്. അപ്പോഴാണ് ഈ സിനിമയെകുറിച്ചെന്നോട് പറയുന്നത്. നിനക്കൊന്ന് ജോഷി സാറിനെ വിളിച്ചുനോക്കിക്കൂടെ എന്ന്. സാറിന്റെ നമ്പറൊന്നും എന്റെ കയ്യിലില്ലായിരുന്നു. പിന്നെ നമ്പർ വാങ്ങി വിളിച്ചു. എന്നെ അറിയാമായിരുന്നു അദ്ദേഹത്തിന്. അങ്കമാലി ഡയറീസ് ഒക്കെ കണ്ട് നേരിട്ടുവന്നു അഭിപ്രായമൊക്കെ പറഞ്ഞിരുന്നു.
അവിടെ സിനിമയിൽ പല ചർച്ചകളിലും എന്റെ പേര് വന്നിട്ടുണ്ടായിരുന്നു. ഞാൻ വിളിച്ചത് നല്ല സമയത്തായിരുന്നു. അന്ന് ഞാൻ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ, വിളിക്കാം എന്ന് പറഞ്ഞ് വെച്ചു. ഒരു ആഴ്ച കഴിഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ വിളിച്ച് വേഷമുണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് ഞാൻ സാറിന്റെ സിനിമയിലേക്കെത്തിയത്. ഞാൻ വിളിക്കാതെ എനിക്ക് കിട്ടിയ വേഷമാണ് ഇത് എന്നൊക്കെ പറഞ്ഞൽ അത് കള്ളമാകും. ഇതുവരെയുള്ളതിൽനിന്നും മാറി ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഈ സിനിമയിലെ കഥാപാത്രം വലിയ മുതൽക്കൂട്ടായിരിക്കും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. നല്ല കുട്ടിയായിട്ട് നല്ലവണ്ണം ജോലിയെടുത്തിരുന്നു. നല്ലൊരു കഥാപാത്രമാണ് സിനിമയിൽ. ഇത്രയും വലിയൊരു സംവിധായകന്റെ കൂടെ ജോലി ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷമാണുള്ളത്.”
ജോഷി സംവിധാനം നിർവഹിച്ച് ജോജു ജോർജ് നായക കഥാപാത്രത്തിലെത്തുന്ന പുതിയ സിനിമയാണ് ആന്റണി . കല്യാണി പ്രിയദർശനും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സിനിമയ്ക്കുവേണ്ടി ജോജു നടത്തിയ മേയ്ക്ക് ഓവറിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി ഒരുക്കുന്ന “ആന്റണി’ യുടെ ചിത്രീകരണം പൂർത്തിയായിരുന്നു .നീണ്ട എഴുപത് ദിവസത്തെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയിലാണ് നടന്നിരുന്നത്.