ബിഗ്‌ബോസ് മലയാളം സീസൺ ഫൈവ് വിജയിയായ അഖിൽ മാരാരുടെ പിറന്നാളിനോട് അനുബന്ധിച്ച് മൂവി വേൾഡ് മീഡിയ സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി ഫാന്‍സ് ഫാമിലി ഷോ നടത്തിയിരുന്നു. പരിപാടിയിൽ നടന്ന ചോദ്യോത്തരവേളയിൽ അഖിൽ മാരാർ ഒരു സംഘിയാണോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. കൂടാതെ അഖിൽ മാരാർ നിരവധി പുസ്തകങ്ങൾ വായിക്കുന്ന ആളാണെന്നുള്ള ആളുകളുടെ ചിന്തയെകുറിച്ചും മാരാർ സംസാരിച്ചു.
”ആളുകൾ പറയുന്ന പോലെ ഞാൻ അധികം പുസ്തകങ്ങൾ ഒന്നും വായിക്കാറില്ല. ഞാൻ ആകെ വായിച്ചിട്ടുള്ള പുസ്തകങ്ങൾ മോട്ടിവേഷണൽ പുസ്തകങ്ങളാണ്. കൂടാതെ മനുഷ്യന്റെ യഥാർത്ഥ ജീവിതങ്ങൾ അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങളാണ് ഞാൻ വായിക്കാറുള്ളത്. അല്ലാതെ സാഹിത്യമോ, മറ്റെന്തെങ്കിലും പുസ്തകങ്ങൾ വായിച്ചാലൊന്നും പ്രത്യേകിച്ച് അറിവ് കിട്ടുകയൊന്നുമില്ല . എനിക്കുവേണ്ടത് ഞാൻ ഗൂഗിളിൽ നിന്നെടുക്കും, അതിന്റെ ഏറ്റവും സത്യസന്ധമായ അറിവ് കിട്ടുന്നിടത്തേക്കു ഞാൻ തേടിപോകും. ഒരു ഉദാഹരണത്തിന് ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ചു പത്തുപേർ എഴുതിയാൽ അത് പത്ത് വിധത്തിലായിരിക്കും ഉണ്ടാവുക. അതിൽ സത്യമെങ്ങനെ കണ്ടുപിടിക്കാൻ പറ്റും. ചരിത്രമൊക്കെ പിൽക്കാലത്തു കെട്ടുകഥകളായി മാറും. സ്വാതന്ത്ര്യസമരത്തിന്റെ കഥ എഴുതിവരുമ്പോൾ അവസാനം മഹാഭാരതവും അതുമൊക്കെ ഒരുപോലെ ആയിപ്പോകും. പിന്നെ ഞാൻ സോഷ്യൽ മീഡിയയിലെല്ലാം പറയുന്നത് എന്റെ മാത്രം ചിന്തകളാണ്.
രാഷ്ട്രീയപാർട്ടികളിലൂടെയുള്ള രാഷ്ട്രീയത്തെകുറിച്ചാണ് എല്ലാവരും ചോദിക്കാറുള്ളത്. നിങ്ങൾ അരവിന്ദ് കെജ്രിവാളിനോട് അദ്ദേഹത്തിന്റെ രാഷ്ട്രീയം ചോദിച്ചാൽ അദ്ദേഹം എന്താണ് പറയുക. അദ്ദേഹത്തിന് രാഷ്ട്രീയമുണ്ട്, അദ്ദേഹം മുഖ്യമന്ത്രിയാണ്. എന്നാൽ അദ്ദേഹം ബിജെപി അല്ല , കോൺഗ്രസ് അല്ല കമ്മ്യൂണിസ്റ് അല്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റോതായ ആശയം ഉണ്ട്, എനിക്കും എന്റേതായ ആശയമുണ്ട്, പക്ഷെ അത് ജനങ്ങൾക്ക് മനസിലാവില്ല. അവർക്കു മനസിലാവുന്ന കാലം വരുമ്പോൾ മാത്രമേ അവർക്കു എന്റെ രാഷ്ട്രീയമെന്താണെന്നു മനസിലാവുകയുള്ളു. അല്ലെങ്കിൽ അവർ ഇതുപോലെ എന്റെ പോസ്റ്റുകൾക്ക് വന്നു തെറി വിളിക്കും.”
ജൂറി ചെയർമാനെതിരെ പരിഹാസ്യമായി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം അഖിൽ മാരാർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. അതിനു നിരവധി വിമർശനങ്ങളും നേരിട്ടിരുന്നു. അതിനെ കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പരിപാടിയിൽവെച്ചു മാരാർ പറഞ്ഞു.
“നാഷണൽ അവാർഡ് പ്രഖ്യാപനത്തോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. നാഷണൽ അവാർഡ് ജൂറി ചെയർമാന് കുറഞ്ഞത് ഒരു ഗവർണർ എങ്കിലും ആകണം. അല്ലു അർജുനൊക്കെ അവാർഡ് കിട്ടാനുള്ള അഭിനയം കണ്ടു കഴിയുമ്പോൾ എനിക്ക് മമ്മൂക്കയോടും ലാലേട്ടനോടും അമീർഖാനോടും ബഹുമാനം തോന്നുന്നു. കാരണം അവർ ചെയ്തു വെച്ച കഥാപാത്രങ്ങൾ ആ ലെവലിലുള്ള കഥാപാത്രങ്ങൾ ആയിരുന്നു. അവിടെ എനിക്ക് പുഷ്പ എന്ന സിനിമ വർക്ക് ആയിരുന്നില്ല. ചില അവാർഡുകളോടേ എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. കലാകാരന് രാഷ്ട്രീയമാകാം. എന്നാൽ കലാകാരന്റെ അംഗീകാരം രാഷ്ട്രീയമാകരുത്.
ഞാൻ അവരെ വിമർശിച്ചാണ് എഴുതിയത്. അവിടെ എന്നെ വന്ന് തെറി വിളിച്ചത് ബിജെപിക്കാരായിരുന്നു. എന്നാൽ ഇന്നലത്തെ പോസ്റ്റിനു താഴെ വന്ന് തെറി വിളിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ഓരോ പോസ്റ്റ് കാണുമ്പോൾ ഓരോരുത്തർ വന്ന് തെറി വിളിക്കും. അത് അവരുടെ സന്തോഷം. അവര് വിളിച്ചോട്ടെ. അവർക്ക് എന്നെ തെറിയല്ലേ വിളിക്കാൻ കഴിയുകയുള്ളു, അതുകൊണ്ട് വിളിക്കട്ടെ.”
ഇപ്പോൾ ജനമനസ്സുകളിൽ തനിക്കുള്ള താരപരിവേഷത്തിൽ താൻ വളരെ സന്തോഷവാനാണെന്നും, ഇതിൽപ്പരം സന്തോഷം തന്റെ പത്ത് സിനിമകൾ വിജയിച്ചാൽപോലും കിട്ടില്ലെന്നാണ് അഖിൽ മാരാർ പറഞ്ഞത്. കാരണം താൻ ബിഗ്‌ബോസിൽ അഖിൽ മാരാർ ആയിരുന്നു. അല്ലാതെ അഖിൽ മാരാർ എന്നെ കഥാപാത്രത്തെയല്ല ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.