രജനികാന്ത് നായകനായെത്തിയ ബ്ലോക്‌ബസ്റ്റർ ചിതമാണ് ‘ജയിലർ’. തീയേറ്ററുകളെ ഹരം കൊള്ളിച്ച് സിനിമ ഇപ്പോഴും പ്രദർശനം തുടരുകയാണ്. എന്നാൽ ഇതിനിടയിൽ ‘ജയിലർ’ സിനിമയിൽ ഇനി മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ജേഴ്സി ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നൽകിയിരുന്നു ഡൽഹി ഹെെക്കോടതി. സിനിമയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ജേഴ്സി മോശമായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ആർ.സി.ബി ടീം മുൻപ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. ഇപ്പോഴിതാ ചിത്രത്തിലെ ആ രംഗം നീക്കം ചെയ്യാമെന്ന ഉറപ്പിൽ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയിരിക്കുകയാണ്.

ജയിലറിലെ ഒരു ആക്രമണ രംഗത്തിൽ വാടകക്കൊലയാളിയായ ഒരാൾ ആർ.സി.ബിയുടെ ജേഴ്സി ധരിച്ചതിനെതിരെയാണ് ബാംഗ്ലൂര്‍ ടീം പരാതി നൽകിയത്. സിനിമയില്‍ തങ്ങളുടെ ജേഴ്സി മോശമായ രീതിയിൽ ഉപയോഗിച്ചെന്നും, അങ്ങനെ ഒരു രംഗത്തിൽ ജേഴ്സി ഉപയോഗിക്കുന്നതിന് മുമ്പ് ടീമിന്‍റെ അനുമതി വാങ്ങിയില്ലെന്നുമാണ് ടീം കോടതിയെ അറിയിച്ചത്. ഈ രംഗങ്ങൾ തങ്ങളുടെ ബ്രാൻഡിന്‍റെ പ്രതിച്ഛായയെ തന്നെ ബാധിച്ചു എന്നും പരാതിയില്‍ ആര്‍.സി.ബി പറയുന്നുണ്ട്

ഐ.പി.എല്‍ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ജഴ്‌സി ധരിച്ചുള്ള, സിനിമയിലെ ആക്രമണ രംഗങ്ങൾ ഒഴിവാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നിർദേശത്തിൽ പറയുന്ന രംഗങ്ങൾ എഡിറ്റ് ചെയ്ത് ഒഴിവാക്കിയ പതിപ്പുകൾ മാത്രമേ സെപ്തംബർ 01 മുതൽ പ്രദർശിപ്പിക്കാൻ പാടുള്ളു എന്നും അല്ലാത്ത പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും നിർമാതാക്കളോട് കോടതി നിർദേശിച്ചിട്ടുണ്ട്. ടെലിവിഷനിലോ സാറ്റലൈറ്റിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലോ ചിത്രം പ്രദർശനത്തിനെത്തുമ്പോഴും ഈ ഉത്തരവ് ബാധകമാണെന്നും ജസ്റ്റിസ് പ്രതിഭ എം സിംഗ് ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കേസ് ഫയൽ ചെയ്തതിന് പിന്നാലെ സിനിമാ പ്രവർത്തകർ ഐ.പി.എൽ ടീമുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിച്ചതായാണ് കോടതി ചൂണ്ടിക്കാട്ടിയത്. സിനിമയിലുപയോഗിക്കുന്ന ടീമിന്‍റെ ജേഴ്സി തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ സിനിമയിലെ രംഗങ്ങള്‍ മാറ്റുമെന്ന് അവർ തമ്മിൽ ധാരണയായിട്ടുണ്ടെന്നായിരുന്നു മുൻപ് പുറത്തു വന്ന വിവരങ്ങൾ. തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ ഒരു മാസത്തിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഒടിടി റലീസ് ഉണ്ടാവുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. .ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്.

