സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജനികാന്തും മോഹൻലാലും ഒന്നിച്ചെത്തിയ ജയിലർ. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകൾക്ക് പോലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറായിക്കൊണ്ടിരിക്കുന്നത് ജയിലർ ചിത്രത്തിലെ വർമന്റെ തീം മ്യൂസിക്കുകളാണ്. ചിത്രം ബ്ലോക് ബസ്റ്റർ ഹിറ്റടിച്ചതിന് പിന്നാലെ ചിത്രത്തിലെ പ്രധാന രംഗങ്ങളും തീം മ്യൂസിക്കുകളും എല്ലാം അണിയറ പ്രവർത്തകർ പുറത്തു വിട്ടു തുടങ്ങിയിരുന്നു.
വർമന്റെ പ്രധാന രംഗങ്ങൾ കൂട്ടിച്ചേർത്തുള്ള ഒരു തകർപ്പൻ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തിൽ വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ വിനായകൻ ആണ്. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങൾക്ക് ജീവന നൽകിയ നടനെ പലരും പലപ്പോഴും പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്താറുണ്ട്. ജയിലറിന്റെ സക്സസ് വിജയാഘോഷ പരിപാടിയിൽ വെച്ച് രജനികാന്തും വിനായകൻ പ്രശംസിച്ചിരുന്നു. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്നായിരുന്നു രജനികാന്ത് പറഞ്ഞിരുന്നത്. അതിന്റെ കാരണമായി അദ്ദേഹം ചൂടിക്കാട്ടിയത് അത്രയധികം മനോഹരമായാണ് വിനായകൻ വർമനെ അവതരിപ്പിച്ചതെന്നാണ്.
വീഡിയോ പുറത്ത് ഇറങ്ങിയപ്പോഴും താരത്തിനെ പ്രശംസിച്ചുകൊണ്ട് ഒരുപാട് ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. ജയിലറിന്റെ പ്രധാന തൂണാണ് വർമനെന്നും, വിനായകന്റെ സ്ഥാനത്ത് മറ്റാരെയും നിർത്താൻ കഴിയില്ലെന്നുമാണ് കമന്റുകൾ വരുന്നത്. അതേസമയം ആഗോളവിപണിയിൽ ജയിലർ നാന്നൂറ് കോടി കടന്നത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം കേരളത്തില്‍ മാത്രമായി ചിത്രം എട്ട് കോടിയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിത്രം സ്വന്തമാക്കിയത്. ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്.
തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. വമ്പൻ താരനിരകൾ അണിനിരക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്. എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകള്‍. കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.