രജനീകാന്ത് നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ഗംഭീര വിജയത്തെ തുടർന്ന് രജനികാന്തിന് പ്രതിഫലത്തിന് പുറമെ സൺ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പിന്നാലെ സംവിധായകൻ നെൽസൺ ദിലീപ്‍കുമാറിനും സമ്മാനം നൽകിയിരുന്നു സൺ പിക്ചേഴ്സ്. നെൽസണ് ചെക്ക് നൽകുന്നതിൻറെ ചിത്രം സൺ പിക്ചേഴ്സ് സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. ലാഭവിഹിതം മാത്രമല്ല ഒരു ആഡംബര കാറും നെല്സണ് നൽകിയിട്ടുണ്ട്.
എന്നാൽ ഇതിന് പിന്നാലെ ജയിലറിന്റെ വിജയത്തിന് പ്രധാനഘടകമായ നടൻ വിനായകനും സംഗീതം ചെയ്ത അനിരുദ്ധിനും ഇത്തരത്തിലുള്ള സമ്മാനം നൽകണമെന്ന് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ വിമർശനങ്ങൾക്കൊടുവിൽ സംഗീത സംവിധായകന്‍ അനിരുദ്ധിനും സൺ പിക്ചേഴ്സ് തുകയും കാറും സമ്മാനിച്ചു. ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അനിരുദ്ധ് രവിചന്ദറിന് സമ്മാനങ്ങൾ നൽകിയില്ല എന്ന രീതിയിൽ വിമർശനം വ്യാപകമായി ഉയർന്നിരുന്നു.
നിര്‍മ്മാതാക്കള്‍ ഒരു നന്ദി പോലും പറയുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാദം ഉയർന്നിരുന്നു. രജനികാന്തിനും നെൽസണും അനിരുദ്ധിനും സമ്മാനങ്ങൾ നൽകിയപ്പോൾ എന്തുകൊണ്ടാണ് ചിത്രത്തിൽ വില്ലനായെത്തിയ വിനായകന് സമ്മാനം നൽകാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. വർമൻ എന്ന കഥാപത്രത്തെയാണ് വിനായകൻ സിനിമയിൽ അവതരിപ്പിച്ചിരുന്നത്. ‘സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വില്ലൻ’ എന്നാണ് വിനായകന്റെ അഭിനയത്തേയും കഥാപാത്രത്തെയും പ്രേക്ഷകർ ഒന്നടങ്കം വാഴ്ത്തി പറഞ്ഞിരുന്നത്.
എന്നിട്ടും വിനായകന് സമ്മാനം നൽകാത്തതിന്റെ നിരാശയിലാണ് ആരാധകർ. രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ന്‍റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്‍റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്.നേരത്തെ കൈമാറിയ ലാഭവിഹിത തുക എത്രയാണെന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല. ചിത്രത്തിൽ അഭിനയിച്ചതിന് രജനികാന്തിന് 110 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സമീപ ദിവസം പ്രദർശനത്തിന് എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.നൂറ് കോടി രൂപക്ക് നെറ്റ്ഫ്ലിക്സാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒടിടി റിലീസ് തീയതി ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം ഇറങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ .നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ റിലീസായി പതിനാല് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും സണ്‍നെസ്റ്റ് സിനിമ പുറത്തിറക്കുന്നത്.