‘ചങ്ക്‌സ്’ എന്ന ചിത്രത്തിലൂടെയും ബിഗ് ബോസ് മലയാളത്തിലൂടെയും മലയാളി പ്രേക്ഷകർക്കുമുന്നിൽ ശ്രദ്ധ നേടിയ താരമാണ് ജാനകി സുധീർ. മോഡലിംഗിലും സിനിമാഭിനയത്തിലുമാണ് താരത്തിന് കൂടുതൽ താല്പര്യം. വിവിധതരം ഫോട്ടോ ഷൂട്ടുകൾ നടത്തി സമൂഹ മാധ്യമങ്ങളിൽ വലിയ നിരൂപണങ്ങൾ നേരിട്ട ഒരു മോഡൽ കൂടിയാണ് ജാനകി. താൻ കടന്ന് വന്ന ജീവിതവും നേരിട്ട അനുഭവങ്ങളും തന്നെ കരുത്തുള്ളവളാക്കിയെന്നും പഴയ ജാനകിയേക്കാൾ പുതിയ ജാനകിയാണ് നല്ലതെന്നും പറയുകയാണ് താരമിപ്പോൾ. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ജാനകി സുധീറിന്റെ വാക്കുകൾ…
”പണ്ടത്തെ ജാനകിയിൽ നിന്നും ഞാൻ ഒരുപാട് മാറി. പഴയ ജാനകി അല്ല, ഇപ്പോഴത്തെ ജാനകി ആണ് നല്ലത്. പണ്ടത്തെ ജാനകി മാനസികമായി ഒരു കരുത്തില്ലാത്ത വ്യക്തിയായിരുന്നു, എന്നാൽ ഇപ്പോഴത്തെ ജാനകി അങ്ങനെ അല്ല , മാനസികമായി നല്ല കരുത്തോടെ ജീവിക്കുന്ന വ്യക്തിയാണ്. പെട്ടന്ന് വന്ന ഒരു കരുത്തല്ല ഇത് . ജീവിതയാത്രയിലൂടെ കിട്ടിയതാണ് ഈ കരുത്ത്. എനിക്ക് കരുത്ത് കിട്ടാൻ അങ്ങനെ പ്രത്യേകിച്ച് എടുത്തുപറയാവുന്ന ഒരു കാരണമില്ല. നിരവധി ജീവിതാനുഭവങ്ങളാണ് പലരെയും മാറ്റുന്നതെന്ന് നമ്മൾ പറയാറുണ്ട്. എന്റെ ജീവിതത്തിലും അങ്ങനെ തന്നെയാണ്, പല രീതിയിലുള്ള അനുഭവങ്ങൾ, പലരും എന്നെ സമീപിച്ചിട്ടുള്ള രീതികൾ ഒക്കെയാണ് കാരണം.
ഒരു തവണ ചൂടുവെള്ളത്തിൽ വീണ പൂച്ച പിന്നീട് പച്ചവെള്ളം കാണുമ്പോഴും പേടിക്കും. ആദ്യമൊക്കെ ഞാൻ പെട്ടന്ന് ആളുകളെ വിശ്വസിക്കുമായിരുന്നു. നമ്മുടെ കൂട്ടുകാരാണെങ്കിൽകൂടെ അവർ നമ്മളെ ഉപയോഗിക്കുകയാണോ എന്നൊന്നും ഞാൻ ചിന്തിക്കില്ലായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെ അല്ല. ഒരാൾ ഒരു കാര്യം പറഞ്ഞാൽ ഞാൻ രണ്ടുതവണ ആലോചിക്കും. അതിലെ നല്ലതും ചീത്തയും ആലോചിക്കും എനിക്കത് നല്ലരീതിയിൽ ഉള്ളതാണെങ്കിൽ മാത്രമേ ഞാനത് തിരഞ്ഞെടുക്കുകയുള്ളു. അങ്ങനെയുള്ള ഒരു മാനസികാവസ്ഥയിലേക്ക് ഞാൻ ഇപ്പോൾ എത്തി. കുറച്ചുകാലം കഴിയുമ്പോൾ എനിക്കിനിയും കരുത്തുകൂടും. വീണ്ടും എന്നെ തളർത്തനാവും എന്നെനിക്കു തോന്നുന്നില്ല.
ഞാൻ വന്ന ഗ്രാഫ് എപ്പോഴും മുകളിലേക്കാണ് പോകുന്നത്. നമ്മളെകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വിചാരിച്ചാൽ നമ്മളെകൊണ്ട് ഒന്നിനും പറ്റില്ല. ആരും ഒന്നും കൊണ്ടുവന്ന് നമ്മുടെ വായിൽവെച്ച് തരില്ല. നമ്മളായിട്ട് അതിനിറങ്ങിത്തിരിക്കുകയും വേണം, കൂടാതെ നമുക്കൊരു നിലപാടുണ്ടെങ്കിലേ ആളുകൾ നമ്മളെ ബഹുമാനിക്കുകയും ചെയ്യുകയുള്ളൂ. ഞാനിപ്പോൾ എന്റെ കാര്യം മാത്രം ശ്രദ്ധിച്ച് മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് എനിക്ക് സ്വതന്ത്രമായി എനിക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ കഴിയുന്നത്. ഞാനിതുവരെ ആരുടെ മുന്നിലും കൈനീട്ടി നിൽക്കേണ്ടി വന്നിട്ടില്ല, പക്ഷെ ജീവിതത്തിൽ കുറെ കഷ്ടപെട്ടിട്ടുണ്ട്.”
ജീവിതാനുഭവങ്ങളിൽ നിന്നും ലഭിച്ച കരുത്താണ് ഇന്ന് കാണുന്ന ജാനകി സുധീറിനെ ഉണ്ടാക്കിയെടുത്തത്. സാമ്പത്തികമായി ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും ഇപ്പോൾ താൻ നല്ല അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നതെന്ന് ജാനകി സുധീർ പറയുകയുണ്ടായി.