ഓർത്തെടുക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ഉള്ള കാര്യങ്ങളൊന്നും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും, അങ്ങനെയുണ്ടെങ്കിൽത്തന്നെ അവയെല്ലാം താൻ സ്വയം വേണ്ടെന്നുവെച്ചവയാണെന്നും തുറന്നു പറയുകയാണ് നടിയും മോഡലുമായ ജാനകി സുധീർ. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
ജാനകി സുധീറിന്റെ വാക്കുകൾ…
”ഓർത്തെടുക്കാൻ ബുദ്ധിമുട്ടുള്ളവയൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഉണ്ടെങ്കിൽ തന്നെ കുറച്ചു ബ്രേക്കപ്പുകൾ ആണ്. എന്നാൽ അതെല്ലാം ഞാൻ ഓവർകം ചെയ്തിട്ടുണ്ട്. അതിൽ തന്നെ ഞാൻ വേണ്ടെന്നു വെച്ചകാര്യങ്ങളാണ് എന്റെ ജീവിതത്തിൽ നടന്നതെല്ലാം. അത് സുഹൃത്തുക്കൾ ആണെങ്കിൽപോലും അങ്ങനെയാണ്. ഒരു പരിധി കഴിഞ്ഞാൽ ചില ആളുകളുടെ പെരുമാറ്റത്തോട് എനിക്ക് പൊരുത്തപെട്ടുപോകാൻ കഴിയില്ല. എന്റെ മനസിലൊന്നും വെച്ചിട്ട് എനിക്ക് മുന്നോട്ടുപോകാനും കഴിയില്ല. മനസ്സിൽ ഒരു കറ വീണുകഴിഞ്ഞാൽപിന്നെ പഴയ രീതിയിൽ ആ ആളെ കാണാൻ കഴിയില്ല. അങ്ങനെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ ഞാൻ ആ ആളുകളെ ജീവിതത്തിൽനിന്നും ഒഴിവാക്കും. അങ്ങനെയുള്ള നഷ്ടങ്ങളേ എന്റെ ജീവിതത്തിൽ ഉള്ളു.
എനിക്ക് മനസുകൊണ്ട് ഫേക്ക് ആയി ഇരിക്കാൻ കഴിയില്ല. ഒരാളെ നോക്കി ചിരിക്കുകയാണെങ്കിൽ ആ ചിരിയിൽ ഒരു സത്യമുണ്ടാകണം. അല്ലാതെ ചുമ്മാതെ ഒരാളെ നോക്കി ചിരിച്ചിട്ട് കാര്യമില്ല, അങ്ങനെ ജീവിക്കാൻ എനിക്ക് താത്പര്യവും ഇല്ല. അങ്ങനെയാണ് വേണ്ട എന്ന് തോന്നിയ പലരെയും ഞാൻ ഒഴിവാക്കിയിട്ടുള്ളത്. അതും ഞാൻ അവരോടു മുഖത്തോടു മുഖം നോക്കി സംസാരിച്ച് എല്ലാം പറഞ്ഞ് വ്യക്തത വരുത്തിയിട്ട് മാത്രമേ ഒഴിവാക്കുകയുള്ളു. അല്ലാതെ ഒരു സാഹചര്യത്തിൽ പെട്ടന്ന് പോവുകയൊന്നുമല്ല. എന്നോട് പറഞ്ഞകാര്യങ്ങൾ, ഞാൻ അറിഞ്ഞ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു തെളിവ് സഹിതം സംസാരിച്ചിട്ട് മാത്രമേ ഒഴിവാക്കുകയുള്ളു.
അത് സത്യമാണെന്നു ബോധ്യപ്പെട്ടാൽ, അത് അവരോടു പറഞ്ഞിട്ടുമാത്രമേ നിർത്തുകയുള്ളു. പിന്നീട് അവർ തിരിച്ചുവരാൻ സാധ്യത ഇല്ലല്ലോ. ഒരാൾ അത്രയും കള്ളങ്ങളൊക്കെ പറഞ്ഞിട്ട് പിന്നെയും പിടിച്ചു നിൽക്കുക എന്ന് പറഞ്ഞാൽ എങ്ങനെയാണ്, അവർ തന്നെ അക്കാര്യങ്ങൾ സമ്മതിക്കേണ്ടിവരും. അപ്പോൾ ഞാൻ പറയും, നിങ്ങളുമായുള്ള ബന്ധത്തിന് ഇനിയെനിക്ക് താല്പര്യമില്ല എന്ന്. ഇനി വെറുതെ വിട്ടേക്ക് എന്നുപറഞ്ഞ് എല്ലാം ബ്ലോക്ക് ചെയ്ത് ഒഴിവാക്കും.
നമ്മൾ അത്രയും ആത്മാർത്ഥമായി നിന്നിട്ടും നമ്മളുടെ പുറകിൽ നിന്നും പലരും പണിതരുമ്പോൾ, അത് സുഹൃത്തുക്കൾ കൂടി ആവുമ്പോൾ മാനസികമായി ഒരു സങ്കടമൊക്കെ വരും. പക്ഷെ ഒരു മാസമൊക്കെയേ എനിക്കതിന്റെ വിഷമം ഉണ്ടാവുകയുള്ളൂ. അതുകഴിഞ്ഞാൽ ഞാൻ അതിൽ നിന്നും പുറത്തുവരും. അങ്ങനെ വിഷമം വരുമ്പോഴൊക്കെ ഞാൻ ഒറ്റക്കിരുന്നു കരയും, പെട്ടന്ന് സങ്കടം വരുന്ന ഒരാളാണ് ഞാൻ . പുറത്തു വലിയ വർത്തമാനങ്ങൾ പറയുമെങ്കിലും ഉള്ളിൽ എനിക്ക് പെട്ടന്ന് സങ്കടം വരും. അത് ഞാൻ കരഞ്ഞുതന്നെ തീർക്കും. ആരോടും ഞാനത് പറയാറില്ല. പക്ഷെ അടുത്ത ആളുകളോട് ചിലപ്പോൾ പറയും, അല്ലാതെ ആരെങ്കിലും വന്നു ചോദിച്ചാലൊന്നും പറയില്ല. ഞാനൊരാളെ പഠിക്കും.”
അഭിനയിക്കാൻ ഏറെ ഇഷ്ടമുള്ള ജാനകിക്ക് സിനിമകളുടെ സെറ്റിൽ നിന്നും സെറ്റിലേക്ക് മാറി മാറി ചിത്രീകരണങ്ങൾക്കു പോകാനാണിഷ്ടം. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ താരമിത് തുറന്നു സമ്മതിച്ചിട്ടുമുണ്ട്. കൂടാതെ ഇപ്പോൾ താരത്തിന് തമിഴിൽ നിന്നും മലയാളത്തിൽ നിന്നും നിരവധി സിനിമ ഓഫറുകൾ വരുന്നുണ്ട്. തമിഴിൽ താരങ്ങൾക്കു ലഭിക്കുന്ന സ്വീകാര്യത കൂടുതലാണെന്നും താരം പറഞ്ഞിരുന്നു.