മോഡലിംഗിലും അഭിനയത്തിലും വളരെയധികം താല്പര്യമുള്ള താരമാണ് ജാനകി സുധീർ. ഒരു സമയത്ത് നിരവധി ടെലിവിഷൻ പരമ്പരകളിൽ ഒരേ സമയത്തു അഭിനയിച്ചിട്ടൊക്കെയുണ്ട്. എന്നാൽ ഒരു പ്രോജക്ട് കാരണം തനിക്കു പിന്നീട് പരമ്പരകൾ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നിരുന്നുവെന്ന് പറയുകയാണ് താരം . മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ജാനകി സുധീറിന്റെ വാക്കുകൾ…
”ഞാൻ സീരിയലുകൾ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഞാനഭിനയിക്കുന്ന സീരിയലിൽ സംവിധായകൻ രണ്ട് ഷെഡ്യൂളുകളാക്കി ചെയ്യുകയായിരുന്നു അപ്പോൾ. അതിനു സാറിനെ സഹായിക്കാൻ ഒരു അസിസ്റ്റന്റ് വന്നു. അന്ന് അവിടെവെച്ചു കണ്ടുള്ള പരിചയമാണ് അയാളുമായി. മറ്റൊരു സ്ഥലത്തു ഞാൻ ഷൂട്ടിന് പോയപ്പോൾ അദ്ദേഹം എന്നെ അവിടെവെച്ചു കണ്ടു. അപ്പോൾ അവിടെത്തെ പ്രൊഡ്യൂസർ എന്റടുത്ത് വന്ന് ഒരു പ്രോജക്ടിനെക്കുറിച്ചു സംസാരിച്ചു. കുറേ മീറ്റിങ്ങുകളൊക്കെ ഞാൻ അറ്റൻഡ് ചെയ്തു. അതുകഴിഞ്ഞ് അവർ പറഞ്ഞു തടി കുറയ്ക്കണമെന്ന്. സീരിയൽ വിടണമെന്നും പറഞ്ഞു. ആ സമയത്ത് ഞാൻ മൂന്നാലു സീരിയലുകളിൽ ഓടിനടന്നു അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
അങ്ങനെ സീരിയൽ ചെയ്യേണ്ടെന്ന് പറഞ്ഞു, അത് നിർത്തിച്ചു, ജിമ്മിലൊക്കെ പോയി തടിയും കുറച്ചു. പക്ഷെ അവസാനം ആ പ്രോജക്ട് നടന്നില്ല. അപ്പോൾ അദ്ദേഹം എന്റടുത്ത് വന്ന് അതിന്റെ കാരണങ്ങളൊക്കെ പറഞ്ഞു. പിന്നെ എനിക്ക് തിരിച്ചു സീരിയലിലേക്കു പോകാനും പറ്റാതായി. കാരണം വിളിക്കുന്ന എല്ലാവരോടും ഞാൻ പറഞ്ഞിരുന്നത്, ഞാനിനി സീരിയൽ ചെയ്യുന്നില്ല, എനിക്കൊരു പ്രോജക്ട് ശരിയായിട്ടുണ്ട്, മുഴുനീളമുള്ള നായികാ കഥാപാത്രമാണ് എന്നൊക്കെയാണ്. അത് നല്ല ടീമും ആർട്ടിസ്റ്റുകളും ഒക്കെ ആയിരുന്നു. അപ്പോൾ ആ സംഭവം എനിക്കു ഭയങ്കര വിഷമം ഉണ്ടാക്കിയിട്ടുണ്ട്.
കാരണം, ഇല്ലെങ്കിൽ ഇല്ലെന്നു പറയാമായിരുന്നു. പിന്നെ അദ്ദേഹം വേറൊരു സിനിമ എടുത്തപ്പോൾ എന്നെ വിളിക്കുകയും ചെയ്തില്ല. അതിലെങ്കിലും വിളിക്കാമായിരുന്നു. കാരണം അദ്ദേഹത്തിന്റെ പ്രോജക്ടിനുവേണ്ടി സീരിയലും കളഞ്ഞു തടിയൊക്കെ കുറച്ച ഒരു വ്യക്തിയല്ല. അപ്പോൾ ആ ചെയ്തത് മോശമായി പോയി. ”
അഭിനയത്തിലും മോഡലിംഗിലുടെയുമാണ് ജാനകി സുധീര്‍ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചത്. എന്നാല്‍ ജാനകിയെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലാണ് ജനകി മത്സരാര്‍ത്ഥിയായി എത്തുന്നത്. തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാന്‍ ജാനകിയ്ക്ക് സാധിച്ചിരുന്നു. ജാനകിയെ തിരികെ കൊണ്ടു വരണമെന്ന് അകത്തുള്ളവരും പുറത്തുള്ളവരും പറഞ്ഞിരുന്നു. തിരുവനന്തപരും വെഞ്ഞാറമൂട് സ്വദേശിയാണ് ജാനകി.