‘അമ്മയുടെ കല്യാണംകൂടാൻ എനിക്ക് കഴിഞ്ഞില്ല, ഞാൻ ദുബായിൽ ആയിരുന്നു’ : ജാനകി സുധീർ

0
252

മോഡലിംഗിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് ജാനകി സുധീർ. താരം മലയാളികൾക്കിടയിൽ ഏറെ പരിചിതയാകുന്നത് ബിഗ്‌ബോസ് എന്ന ടെലിവിഷൻ ഷോയിലൂടെ ആണ്. നിരവധി കഷ്ടപ്പാടുകളിലൂടെയാണ് താരം ഇന്നെത്തിനിൽക്കുന്ന ഉയരത്തിലെത്തിയത്. അതിനൊപ്പംതന്നെ കുടുംബത്തോടുള്ള കടമകൾ നിറവേറ്റാനും താരം മറന്നില്ല. അച്ഛന്റെ മരണ ശേഷം അമ്മയ്ക്ക് തുണയായി ഒരാളെ കണ്ടുപിടിച്ച് വിവാഹം ചെയ്യിപ്പിച്ച് കൊടുത്തതെല്ലാം വലിയ വാർത്തയായിരുന്നു. എന്നാൽ ത​ന്റെ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങളാണ് താരമിപ്പോൾ തുറന്നു പറയുന്നത്. മൂവി വേൾഡ് മീഡിയ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ജാനകി സുധീറിന്റെ വാക്കുകൾ…

”എന്റെ കല്യാണത്തിനെകുറിച്ച് അമ്മ എപ്പോഴും പറയാറുണ്ട്. പക്ഷെ ഞാനുമായി പൂർണ്ണമായും പൊരുത്തപ്പെടുന്ന ഒരാളെ മാത്രമേ എനിക്ക് വിവാഹം ചെയ്യാൻ കഴിയുകയുള്ളു. കൂടാതെ ഞാൻ ഉദ്ദേശിച്ച ഒരു തലത്തിലേക്ക് എനിക്ക് ഇനിയും എത്താനുണ്ട്. അല്ലാതെ സിനിമ വിട്ടിട്ട് എനിക്ക് വേറൊരു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. എവിടെയൊക്കെ പോയാലും സിനിമ എന്റെ മനസിലുണ്ട്. വെറുതെ കല്യാണം കഴിച്ച് അതൊരു ബാധ്യത ആയി പോകുന്നതിനേക്കാളും നല്ലത്, എന്നെ മനസിലാക്കുന്ന ഒരാൾ എന്റെ ജീവിതത്തിൽ വന്നതിന് ശേഷം കല്യാണം കഴിക്കുന്നതാണല്ലോ. അപ്പോളങ്ങനൊരു തീരുമാനമെടുക്കാം.

എനിക്കൊരു സഹോദരിയുണ്ട്. അവൾ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. ആദ്യമൊക്കെ അമ്മ അവളെ നിർബന്ധിക്കുമായിരുന്നു, കല്യാണം കഴിക്കാനായിട്ട്. ചേച്ചിയുടെ തീരുമാനവും അതായതുകൊണ്ട് അമ്മ ഇപ്പോൾ വലുതായങ്ങനെ ഒന്നും പറയാറില്ല. ചേച്ചിയോട് മാത്രമല്ല എന്നോടും പറയാറില്ല.

അമ്മക്കങ്ങനെ രണ്ടാത്തൊരു ജീവിതം വേണമെന്നു തോന്നാൻ എനിക്കൊരു കാരണമുണ്ട്. ആ സമയത്ത് ഞാൻ എറണാകുളത്തായിരുന്നു. എന്റെ ചേച്ചി കുറച്ചു ഇവന്റുകളൊക്കെ ആയിട്ട് ജോലി ചെയ്യുന്ന ആളാണ്. അപ്പോൾ വരാൻ വൈകും, ചിലപ്പോൾ വീട്ടിലുണ്ടാവില്ല. അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുമൊക്കെയുണ്ട്. അപ്പോൾ അമ്മയുടെ കൂടെ ഒരാൾ ഉണ്ടെങ്കിൽ അമ്മ ഒന്ന് ഓക്കേ ആവുമല്ലോ എന്ന് വിചാരിച്ചിട്ടാണ്. അമ്മയുടെ കാര്യങ്ങൾ നോക്കാനല്ല അത്. അമ്മയുടെ കാര്യങ്ങൾ ഞങ്ങൾതന്നെ നോക്കും, പക്ഷെ അമ്മയ്ക്കൊരു തുണ വേണം, അമ്മയുടെ കൂടെ ഒരാൾ വേണം. ഞങ്ങൾ അമ്മയുടെ കൂടെ പോയിരുന്നാൽ വീട്ടുകാര്യങ്ങൾ ഒക്കെ നോക്കാൻ പറ്റില്ല. അങ്ങനെയുള്ള സാഹചര്യം വന്നു, ആ സമയത്തു നല്ലൊരു ആലോചനയും വന്നു, അങ്ങനെ ഡാഡിയുമായുള്ള കല്യാണ കഴിഞ്ഞു.

ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നില്ല. ഇങ്ങനെ ആലോചന വന്നപ്പോൾ അന്വേഷിക്കാനൊക്കെ ഞാനുണ്ടായിരുന്നു, പക്ഷെ അല്യാണത്തിന്റെ ദിവസം ഞാൻ അവിടെ ഉണ്ടായിരുന്നില്ല. ഞാനൊരു പരിപാടിയുടെ ഭാഗമായി ദുബായിൽ ആയിരുന്നു. ചേച്ചിയാണ് കൈപിടിച്ചുകൊടുത്തത്.”

സമൂഹ മാധ്യമങ്ങളിലൂടെ നിരവധി നിരൂപണങ്ങൾക്കു പാത്രമായ താരമാണ് ജാനകി. താരത്തിന്റെ അർദ്ധനഗ്നയായുള്ള ഫോട്ടോഷൂട്ടുകൾ വലിയ തരംഗമായിരുന്നു. ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തി നിരവധി നെഗറ്റീവ് കമന്റുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. അതിനുള്ള ശക്തമായ മറുപടിയും താരം കൊടുത്തിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here