സിനിമാസ്വാദകർ വളരെ ആവേശത്തോടെ കാത്തിരുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാൻ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. അറ്റ്ലീ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തിയത്. ഒരു വൻ താരനിര തന്നെ അണിനിരന്ന ചിത്രത്തിന് നല്ല പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞിറങ്ങിയ ആളുകൾ എല്ലാം തന്നെ മികച്ച അഭിപ്രായമാണ് സിനിമയെക്കുറിച്ച് നൽകുന്നത്.
‘ഷാരൂഖ് ഖാൻ തിരിച്ചു വരവ് ചിത്രമാണ് ഇത്, നല്ല മാസ്സ് മസാല എന്റർടൈൻമെന്റ് ചിത്രം, യൂത്ത് മസാല മൂവി, പഠാനെക്കാൾ മികച്ചതാണ് ഈ ചിത്രം, വളരെ അധികം എന്റെർറ്റൈൻ ചെയ്യിക്കുന്നുണ്ട്, വളരെ അധികം ഇഷ്ടപ്പെട്ടു, വളരെ സ്റ്റൈലിഷായ അവതരണം’ എന്നിങ്ങനെയാണ് സിനിമയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും ആസ്വാദകർ പറയുന്നത്.
‘ ദീപികയെ അവതരിപ്പിച്ചത് വളരെ നന്നായിട്ടുണ്ട്, ഒരു തമിഴ് സംവിധായകൻ ഹിന്ദിയിൽ ചെന്ന് പടം എടുത്താൽ അത് ഇതിങ്ങനെ ആയിരിക്കും, മാസ്സ് ക്ലാസ് സിനിമ’ തുടങ്ങി ആരാധകരുടെ ഭാഗത്ത് നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഏവരും വളരെ അധികം ആവേശത്തോടെ കാത്തിരുന്ന ചിത്രം അത്രതന്നെ മികച്ചതാക്കി അറ്റ്ലീ ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഷാരൂഖ് എന്ന താരത്തെ വളരെ മികച്ചതായി തന്നെ സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് തന്നെയാണ് ആദ്യം പുറത്തു വരുന്ന പ്രതികരണങ്ങൾ പൂർണമായും പറയുന്നത്. വിജയ് സേതുപതി എന്ന വില്ലനെ പൂർണമായി കാണാനാവാത്തതിന്റെ വിഷമവും കുറച്ച് പേരിൽ കാണാൻ കഴിയുന്നുണ്ട്.
ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങിയത് എങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസാണ് ജവാന്‍ ലഭിച്ചത്.
ചിത്രത്തിന്റേതായി പുറത്തെത്തിയ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരുന്നു. റെഡ് ചില്ലീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ജവാൻ.