ജയം രവിയും നയൻതാരയും നരേനും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘ഇരൈവൻ’. കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തത് ‘എൻഡ്രേണ്ട്റും പുന്നഗൈ’, ‘മനിതൻ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ. അഹമ്മദ് ആണ്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ പുറത്തായിരിക്കുകയാണ്. റിലീസിന് ചിത്രം നേടിയത് 2.27 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രം കണ്ടിറങ്ങിയ ആദ്യ പ്രേക്ഷകരിൽ നിന്നുമുള്ള പ്രതികരണങ്ങൾ അനുസരിച്ച് മികച്ച അഭിപ്രായമായിരുന്നു ഇരെെവൻ എന്ന ചിത്രത്തിന് തുടക്കത്തിൽ ലഭിച്ചിരുന്നത്. എന്നാൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ജയം രവിയുടെ അഭിനയത്തിന് വളരെ നല്ല അഭിപ്രായങ്ങളാണ് ആരാധകരിൽനിന്നും വരുന്നത്. കൂടാതെ ചിത്രത്തിലെ പശ്ചാത്തല സംഗീതവും പ്രേക്ഷകപ്രശംസകൾ ഏറ്റുവാങ്ങുന്നുണ്ട്.
ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ് . തിയേറ്ററില്‍ ഇരൈവന്റെ പ്രദർശനം പൂർത്തിയായി കഴിഞ്ഞാൽ ഒരു മാസം കഴിഞ്ഞ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം നിർവഹിച്ചത്. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നയൻതാര നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ഹരി കെ വേദാന്ദാണ്.
സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചേർന്ന് ചിത്രത്തിനായി ആലപിച്ച ഒരു ഗാനം ചിത്രത്തിന്റെ പ്രദർശനത്തിന് മുൻപേ തന്നെ വമ്പൻ ഹിറ്റായി മാറിയിരുന്നു. യുവൻ ശങ്കര്‍ രാജയായിരുന്നു ഗാനത്തിന് സംഗീതം നൽകിയത്. അതേസമയം, ഇരൈവന്റെ റണ്ണിംഗ് ടൈം സംബന്ധിച്ച വിവരങ്ങള്‍ ചിത്രമിറങ്ങുന്നതിന് മുൻപ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. രണ്ട് മണിക്കൂര്‍ 31 മിനുട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം മൂവീസ് ആണ്.
ജയം രവി നായകനായെത്തുന്ന മറ്റൊരു പുതിയ ചിത്രമാണ് സൈറൺ. ചിത്രത്തിൽ നായികയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. ആന്റണി ഭാഗ്യരാജാണ് സൈറണിന്റെ സംവിധാനം നിർവഹിക്കുന്നത്. ഒരു ഇമോഷണല്‍ ഡ്രാമയായിരിക്കും സെെറൺ എന്നാണ് സൂചനകൾ. സുജാത വിജയകുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതെൊരുക്കുമ്പോള്‍ സെല്‍വകുമാര്‍ എസ് കെയാണ് ഛായാഗ്രാഹണം ചെയ്യുന്നത്.