ജയം രവിയും നയൻതാരയും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഇരൈവൻ’. സെപ്തംബർ 28 നാണ് ചിത്രം തമിഴിൽ പ്രദർശനത്തിനെത്തിയത്. എന്നാൽ തെലുങ്കിൽ ചിത്രം വൈകിയിരുന്നു. ‘ഗോഡ്’ എന്ന പേരിലാണ് ചിത്രം തെലുങ്കിൽ ഇറങ്ങുന്നത്. ‘ഗോഡ്’ പ്രദർശനത്തിന് തയ്യാറായിരിക്കെ ചിത്രത്തിന്റെ ദൈർഘ്യം സംബന്ധിച്ച ഒരു റിപ്പോർട്ടാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഒക്ടോബർ 13നാണ് ‘ഗോഡ്’ പ്രദർശനത്തിനെത്തുക. റണ്ണിംഗ് ടൈം കുറച്ചാണ് ചിത്രം പ്രദർശനത്തിന് എത്തുക. ജയം രവിയുടെ ഇരൈവനിലെ വയലൻസ് രംഗങ്ങൾ കുറച്ച് ആകർഷകമാക്കിയാണ് തെലുങ്കിൽ പ്രദർശനമുണ്ടാകുക. ഒരു സൈക്കോളജിക്കൽ ക്രൈം ചിത്രമായിട്ടാണ് ഗോഡ് എത്തുക എന്നാണ് വിവരങ്ങൾ.
ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററിൽ ഇരൈവൻ റൺ പൂർത്തിയായാൽ ഒടിടിയിൽ പ്രദർശനത്തിന് എത്തുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. തിയറ്ററുകളിലെത്തി ഒരു മാസം കഴിഞ്ഞാകും ഒടിടിയിൽ ഇരൈവൻ പ്രദർശിപ്പിക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം നിർവഹിച്ചത്. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിർമാണം. നയൻതാര നായികയായി എത്തിയ ചിത്രത്തിൽ നരേൻ, ആശിഷ് വിദ്യാർഥി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ് നിർവഹിച്ചത് . സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവൻ ശങ്കർ രാജയുടെ സംഗീത സംവിധാനത്തിൽ റിലീസിന് മുൻപുതന്നെ വമ്പൻ ഹിറ്റായി മാറിയിരുന്നു.
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് ഗോകുലം മൂവീസ് ആയിരുന്നു. ഇരൈവൻ എന്ന ചിത്രത്തിന്റെ നിർമ്മാണക്കമ്പനിയായ പാഷൻ സ്റ്റുഡിയോസിന്റെ ട്വിറ്റർ പേജിലൂടെ ആണ് ഇതുസംബദ്ധിച്ച വാർത്തകൾ പുറത്തുവിട്ടിരുന്നത്. നേരത്തെ ജയിലർ, ജവാൻ, ലിയോ തുടങ്ങിയ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു.
ജയം രവി നായക കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൈറൺ’ . ചിത്രത്തിൽ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്. ആന്റണി ഭാഗ്യരാജാണ് സൈറണിന്റെ സംവിധാനം നിർവഹിക്കുന്നത് . ഒരു ഇമോഷണൽ ഡ്രാമയായിരിക്കും സൈറൈൺ എന്നാണ് സൂചനകൾ . നിർമാണം സുജാത വിജയകുമാർ ആണ് നിർവഹിക്കുന്നത് . ജി വി പ്രകാശ് കുമാർ സംഗീതം സംവിധാനം ചെയ്യുമ്പോൾ സെൽവകുമാർ എസ് കെയാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.