മലയാള സിനിമാ താരസംഘടനയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ നടൻ മോഹൻലാൽ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയുള്ള കാര്യമാണ്. ഇത്തരമൊരു അവസരത്തിൽ നടൻ ജോയ് മാത്യു മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അമ്മ തെരഞ്ഞെടുപ്പിനെ കുറിച്ച് മൂവി വേൾഡ് മീഡിയയോട് സംസാരിക്കവെ ആയിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചും ജോയ് മാത്യു പറഞ്ഞത്.

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്നതാണ് താനെന്നും, മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ, മോഹൻലാൽ കരുത്തനായ. സ്ഥാനാർത്ഥിയല്ലേയെന്നൊക്കെയാണ് ജോയ് മാത്യൂ ചോദിച്ചത്. ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ. കരുത്തനായ സ്ഥാനാർത്ഥി ആണല്ലൊ മോഹൻലാൽ. നമ്മൾ മത്സരിക്കുകയാണെങ്കിൽ മോഹൻലാൽ പിന്മാറും. മോനെ നീ എടുത്തോ എന്നെല്ലാം പറയും. ഞാൻ ഇല്ല ഈ പരിപാടിയ്ക്ക് എന്നും പറയും. സത്യത്തിൽ ഈ സ്ഥാനം ഞങ്ങൾ അദ്ദേഹത്തിന് ഏൽപ്പിക്കുകയാണ്, വേറൊരു ആളില്ല അതുകൊണ്ട്. ആരെങ്കിലും മുന്നോട്ട് വരികയാണെങ്കിൽ അപ്പോൾ തന്നെ മൂപ്പര് ആ കസേര വിട്ട് പോകും. പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത് എല്ലാവർക്കും സമ്മതനായ ആളുമായിരിക്കണം. ആരെങ്കിലും വന്നിരുന്നിട്ട് അതിൽ കാര്യമില്ല. അയാൾ പറയുന്നതിന് ആളുകൾക്ക് സ്വീകാര്യത വേണം. ഡിസിഷൻ മേക്കർ ആയിരിക്കണം വരുന്ന ആൾ. അതിനെല്ലാം ക്വാളിറ്റി ഉള്ള ആളാണ് മോഹൻലാൽ എന്നുള്ളതിൽ തർക്കമില്ല’, എന്നാണ് ജോയ് മാത്യു മൂവി വേൾഡ് മീഡിയയോട് പറഞ്ഞത്.
അതേസമയം, തരുൺ മൂർത്തി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രജപുത്ര ഫിലീംസ് നിർമിക്കുന്ന ചിത്രമാണ് എൽ 360. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷാജികുമാർ ആണ്. കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രം ആണ് ഷൂട്ടിംഗ് നടക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം. ചിത്രത്തിന്റെ ഓരോ ഷെഡ്യൂളുകൾ പൂർത്തിയാകുന്നതും ചിത്രത്തിന്റേതായി വരുന്ന ഓരോ അപ്ഡേറ്റും ആരാധകർ ആത്രയധികം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. 2019 ൽ പ്രദർശനത്തിനെത്തിയ ഈ മോഹൻലാൽ ചിത്രം ബോക്സോഫീസിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

