തനിക്കെന്നും കടപ്പാടുള്ള ഒരു സംവിധായകൻ എന്നുപറയുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണെന്നു പറയുകയാണ് നടൻ അപ്പാനി ശരത് . മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ചും, അങ്കമാലി ഡയറീസിന് ശേഷം എന്തുകൊണ്ട് അദ്ദേഹത്തിനൊപ്പം സിനിമകൾ ചെയ്തില്ലെന്നും പറഞ്ഞത്.
എനിക്കെന്നും കടപ്പാടുള്ളത് ലിജോ ചേട്ടനോടാണ്, അതിലപ്പുറം മറ്റാരുമില്ല , അദ്ദേഹത്തിനൊപ്പമുള്ള യാത്ര തുടരാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നറിയില്ല, അത് അദ്ദേഹത്തിനോട് തന്നെ ചോദിക്കേണ്ടിവരും. അദ്ദേഹത്തിനൊപ്പം സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്, കാരണം അദ്ദേഹമാണ് എനിക്ക് ഇത്രയും നല്ലൊരു ജീവിതം ഉണ്ടാക്കിത്തന്നത്. അതുകൊണ്ടുതന്നെ നമ്മൾ അത് നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകണം. അദ്ദേഹം എത്ര വലിയ നടന്മാരെ വച്ച് സിനിമയെടുത്താലും, എത്ര വലിയ സിനിമകൾ ചെയ്താലും, ഏത് ലോകത്തിരുന്നാലും, നമ്മളെക്കുറിച്ചുള്ള നല്ല കാര്യങ്ങൾ അദ്ദേഹം കേൾക്കണം. അദ്ദേഹം കൊണ്ടുവന്ന ആളെക്കുറിച്ചു നല്ല കാര്യങ്ങൾ കേൾക്കുമ്പോൾ അദ്ദേഹത്തിനൊരു സന്തോഷമുണ്ടാവുമല്ലോ. കൂടാതെ നല്ല രീതിയിൽ സിനിമയിൽ പ്രകടനം കാഴ്ചവെക്കുക എന്നതൊക്കെയാണ് നമ്മളെകൊണ്ട് ആശാനോട് ചെയ്യാൻ പറ്റുക. അദ്ദേഹം വിളിക്കുന്ന വരെ കാത്തിരിക്കുക, അദ്ദേഹം വിളിക്കാൻ തരത്തിലുള്ള നല്ല കഥാപാത്രങ്ങൾ ചെയ്തുവെക്കുക. അതാണ് ഞാൻ ചെയ്യേണ്ട കാര്യങ്ങൾ.
എന്നാൽക്കൂടി സാറിന്റെ ചില പടങ്ങൾ ഞാനില്ലാതെ വന്നപ്പോൾ സാറിനെ ഞാൻ ഫോണിൽ വിളിച്ചിരുന്നു,അദ്ദേഹത്തിന്റെ സിനിമയിൽ എനിക്ക് എന്തെങ്കിലും വേഷം തരണമെന്ന് ഞാൻ പറഞ്ഞു . അന്നദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങളാണ് ശരി. കാരണം എനിക്ക് അഭിനയിക്കാനറിയുന്നതുകൊണ്ടാണ് അദ്ദേഹമെന്നെ വിളിച്ചത്. പക്ഷെ ഇനി എന്നെ വിളിക്കണമെങ്കിൽ എനിക്ക് ചേരുന്ന ഒരു കഥാപാത്രത്തെ അദ്ദേഹത്തിന് കണ്ടെത്താൻ കഴിയണം , അങ്ങനെ കിട്ടിയാൽ എന്നെ വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു . പക്ഷെ അതിന് പ്രാപ്തനാണെന്നു ഞാൻ തെളിയിക്കണം, കാരണം അങ്കമാലി ഡയറീസ് എന്ന സിനിമയിലഭിനയിച്ചതുകൊണ്ടുമാത്രം ഞാൻ നടനാവണമെന്നില്ലല്ലോ.
പല പല നിർമ്മാതാക്കളുടെ കൂടെ, സംവിധായകരുടെകൂടെ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ ഞാൻ ചെയ്യാണം. അങ്ങനെ ഞാൻ നല്ലൊരു ഉയരത്തിലെത്തുമ്പോൾ സാറിന് തന്നെ തോന്നും ഇവാൻ നല്ല ഉയരത്തിലെത്തി, ഇനി ഇവനെവെച്ചൊരു പടം ചെയ്യാമെന്ന്, അപ്പൊ സാറെന്നെ വിളിക്കും. അതുവരെ നമ്മൾ നല്ല കുട്ടി ആയി അവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ പോവുക എന്നതാണ് എന്റെ അഭിപ്രായം. അതാണ് വാസ്തവം.
അല്ലാതെ തെറ്റുധാരണകളോ മറ്റൊന്നുമല്ല പ്രശ്നം . അങ്ങനെ തെറ്റുധാരണകൾ ഉണ്ടെങ്കിൽത്തന്നെ അത് വെറും തെറ്റുധാരണകൾ മാത്രമായിരിക്കും. അത് മാറ്റാനും ഞാൻ നിൽക്കുന്നില്ല, കാരണം ആത്മാർത്ഥമായി നിന്നുകഴിഞ്ഞാൽ എത്രകാലം കഴിഞ്ഞാലും ഒരിക്കൽ നല്ലത് വരുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. കള്ളത്തിന് ആയുസ് വളരെ കുറവാണ്. കൂടാതെ സത്യസന്ധനായിട്ട് മുന്നോട്ടുപോകുന്നവനെ എന്നും ആളുകൾ കള്ളനെണെന്നാണ് വിളിക്കുക, കള്ളം ചെയ്തുകൊണ്ടിരിക്കുന്ന ആളെ നല്ലവനെന്നും പറയും,അങ്ങനൊരു കാലമാണിത്.