ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് കൽക്കി 2898 AD . നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് മുംബൈയിൽ വെച്ച് നടന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് താരനിബിഢമായിരുന്നു. ജൂൺ 27-ന് ആണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസിനെത്തുക. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ മൂവീസ് ആണ് ഈ പ്രഭാസ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുക.
അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങൾ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞ ആഴ്ച്ച ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം നേടുകയും വൻ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ തീയേറ്റർ റിലീസിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. വർഷങ്ങൾക്ക് ശേഷം ശോഭന തെലുഗ് ഇൻഡസ്ട്രിയിലേക്ക് ‘കൽക്കി 2898’ ചിത്രത്തിലൂടെ തിരിച്ചെത്തുന്നതും പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു ഘടകമാണ്.
ചരിത്രം കുറിച്ചുകൊണ്ടാണ് ‘കൽക്കി 2898’ന്റെ വരവ്. കോമിക് കോൺ സാൻ ഡിയാഗോയിൽ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പ്രെസന്റ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമയും എന്ന പ്രത്യേകതയും പ്രഭാസിന്റെ ‘കൽക്കി 2898 AD’ ക്കുണ്ട്. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്നും ആരംഭിച്ച് 2898 AD വരെ സംഭവിക്കുന്ന നൂറു വർഷങ്ങളിലധികം നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ കഥാ പശ്ചാത്തലം.
T 5047 – KALKI 2898 AD on 27th June .. an experience of a lifetime .. !! pic.twitter.com/rK1Neke1Qp
— Amitabh Bachchan (@SrBachchan) June 19, 2024
ചിത്രം തീയേറ്ററുകളിലെത്താൻ ഇനി വെറും 7 ദിവസങ്ങൾ മാത്രമാണുള്ളത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. മലയാളത്തിൽനിന്നും ശോഭനയെക്കൂടാതെ നടി അന്ന ബെന്നും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ട്രെയിലർ എത്തിയപ്പോഴാണ് താരവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന ഉറപ്പായത്, മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയൊരു യൂണിവേഴ്സ് തന്നെയാണ് സംവിധായകൻ നാഗ് അശ്വിൻ കൽക്കിയിലൂടെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിലെ കമൽ ഹാസന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്ത മേക്കോവറിലാണ് അദ്ദേഹം എത്തുന്നത്. നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിൻറെ ലോഞ്ചിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു.