പ്രേക്ഷകരെ ആവേശത്തിലാക്കിക്കൊണ്ട് പ്രദർശനത്തിനെത്തിയ സിനിമയായിരുന്നു കാസർഗോൾഡ് . ആസിഫ് അലി, സണ്ണി വെയ്ൻ വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമ സ്വർണക്കടത്തിനെ പശ്ചാത്തലമാക്കി ഒരുക്കിയതാണ്. മികച്ച പ്രതികരണമാണ് ആദ്യം സിനിമ കണ്ട് പുറത്തിറങ്ങിയ പ്രേക്ഷകർ കാസർഗോൾഡിനു നൽകുന്നത്.
കുടുംബമായി വന്ന് കാണാൻ കഴിയുന്ന ചിത്രമാണെന്നും, ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ വളരെ ത്രില്ലിംഗ് ആണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം . അടിപൊളി, മാസ് ത്രില്ലിംഗ് സിനിമയാണ് കാസർഗോൾഡെന്നാണ് പൊതു പ്രതികരണം. ആസിഫ് അലിയുടെയും സണ്ണി വെയ്‌നിന്റെയും മികച്ച പ്രകടനമാണ് സിനിമയിൽ കാണാൻ കഴിഞ്ഞതെന്നും , വിനായകന്റെ പ്രകടനമെല്ലാം നമുക്ക് വിലയിരുത്താൻ കഴിയുന്നതിനുമപ്പുറം ആണെന്നുമാണ് അഭിപ്രായം. ബി ടെക് എന്ന സിനിമ കഴിഞ്ഞ് മൃദുൽ നായരുടെ മറ്റൊരു സിനിമ വരുമ്പോൾ പ്രതീക്ഷയ്‌ക്കുമപ്പുറമായിരുന്നു കാസർഗോൾഡെന്നാണ് പ്രേക്ഷകപ്രതികരണം. പ്രേക്ഷകർക്ക് ഈ സിനിമ വർക്ക് ആയെന്നാണ് സിനിമ കാണാനെത്തിയ നടൻ പ്രശാന്ത് മുരളിയുടെ അഭിപ്രായം.
തീയേറ്ററിൽ നല്ല കയ്യടി ലഭിച്ചിരുന്നെന്നും, അതുകൊണ്ടുതന്നെ ചിത്രം നന്നായി വന്നിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടി മാളവിക ശ്രീനാഥ് പറഞ്ഞു. കാണുന്ന ജനങ്ങളാണ് സിനിമയെ വിലയിരുത്തേണ്ടതെന്നും , പ്രിവ്യു ഷോ കാണാത്തതുകൊണ്ടും കഥ പൂർണ്ണമായി അറിയാത്തതുകൊണ്ടും തീയേറ്ററിൽ വന്നു കണ്ടപ്പോൾ വളരെയധികം സസ്പെൻസ് തോന്നിയെന്നും താരം പറഞ്ഞു
കുടുംബപരമായി വന്ന് കണ്ടു ആസ്വദിക്കാവുന്ന ചിത്രമാണിതെന്നും, ഇന്നത്തെ കാലത്തെ എല്ലാ സിനിമകളും അങ്ങനെ കുടുംബപരമായി കാണാൻ കഴിയുന്ന സിനിമകളാണെന്നും ഒരു പ്രേക്ഷകൻ പറഞ്ഞു. കുടുംബമായി വന്നു കാണാൻ കഴിയാത്ത സിനിമകളൊന്നും ഇപ്പോൾ ഇറങ്ങുന്നില്ലെന്നും പ്രേക്ഷകൻ കൂട്ടിച്ചേർത്തു. ഹണി ബീ, ബാച്ച്ലർ പാർട്ടി, ബി ടെക് തുടങ്ങയ സിനിമകളിൽ നമ്മൾ കണ്ട സ്റ്റൈലിഷ് ആസിഫ് അലിയെ വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. സിനിമയുടെ ബിജിഎം ഒരു രക്ഷയുമില്ലാത്ത ഒന്നാണെന്നാണ് അഭിപ്രായം. ഒപ്പം മാസും ആക്ഷനും എത്തുമ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. ബിജിഎം കൃത്യമായി സിനിമയിൽ ഉപയോഗിച്ചതുകൊണ്ട് അത് വളരെ ഭംഗിയായി തോന്നിയെന്നും, മനോഹരമായ പാട്ടുകൾ സിനിമയിലുണ്ടെന്നും പ്രേക്ഷകർ പറയുന്നു.
കാസർഗോഡ് പശ്ചാത്തലമാക്കിക്കൊണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ സിനിമയായിരുന്നു ഇത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്താണ് ചിത്രം പ്രമേയമാക്കിയത്. സ്വർണം എവിടെനിന്ന്, എങ്ങനെ കേരളത്തിലെത്തുന്നു, ആ സ്വർണത്തിന് പിന്നീടെന്ത് സംഭവിക്കുന്നു എന്ന രീതിയിൽ ഇന്നുവരെ മലയാള സിനിമയിൽ കാണാത്ത തരത്തിലുള്ള സംഭവങ്ങളാണ് ‘കാസർഗോൾഡി’ലൂടെ സംവിധായകൻ മൃദുലും സംഘവും പ്രേക്ഷകർക്ക് നൽകിയത്. പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളിലൂടെ സ്വർണക്കടത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന അധോലോകത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയെല്ലാമായിരിക്കും എന്നാണ് പ്രേക്ഷകർക്ക് മുന്നിൽ ഈ ചിത്രം വരച്ചുകാട്ടുന്നത്.