നടനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് കൃഷ്ണകുമാർ. തന്റെ വാഹനത്തിനു നേരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളിൽ ഉണ്ടായിരുന്ന പോലീസുകാർ തന്നെ അസഭ്യം പറഞ്ഞതായും, തന്റെ വാഹനം ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചതായും ആരോപിച്ച് കൃഷ്ണകുമാർ പന്തളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് കൃഷ്ണകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൃഷ്ണകുമാറിന്റെ വാക്കുകൾ…

ടൗണിലേക്ക് കയറാൻ നോക്കുന്ന സമയത്ത് ഭയങ്കര തിരക്കായിരുന്നു. അപ്പോഴാണ് ഒരു പോലീസ് വാഹനം വരുന്നത്. അവർക്ക് വഴി ഒരുക്കി കൊടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവിടെ സ്ഥലം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ മാറി കൊടുക്കാൻ കഴിയാതിരുന്നത്. തിരക്ക് കുറച്ച് ഒഴിഞ്ഞപ്പോൾ ഞങ്ങൾ വാഹനം മുന്നോട്ട് എടുത്തു കുറച്ച് മുന്നിൽ പോയിട്ട് ഒതുക്കി കൊടുക്കാം അവർ പോയിക്കോട്ടെ എന്നാണ് ഞാൻ വിചാരിച്ചത്. ഈ സമയത്ത് അകമ്പടി വാഹനം എന്റെ വണ്ടിയുടെ പുറകിൽ വന്നു ഇടിച്ചു തെറിപ്പിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്.

നമ്മുടെ ബിജെപിയുടെ കൊടികൾ വണ്ടിക്ക് അകത്ത് ഇരിക്കുന്നുണ്ട്. അത് കണ്ടിട്ട് അവർക്കൊരു അസഹിഷ്ണുതയാണ്. കാരണം ആ വാഹനങ്ങൾക്ക് അകത്ത് എ ആർ ക്യാമ്പിൽ നിന്ന് വന്ന കുട്ടികളാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ തെറി പറയുകയാണ്. അവർ അത് പറയുമ്പോൾ എനിക്ക് തിരിച്ച് പറയാൻ അറിയാഞ്ഞിട്ടല്ല. എനിക്ക് ഒരു പേടിയും ഇല്ല.

പക്ഷെ എന്റെ അച്ഛൻ യൂണിഫോമിൽ ഇരുന്ന ഒരാളാണ്. അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്താണെന്ന് വെച്ചാൽ ഒരിക്കലും യൂണിഫോമിൽ ഇരിക്കുന്ന ഒരാളോട് ഒരിക്കലും അപമാര്യാദയായി പെരുമാറരുത് എന്നാണ്. ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ വന്നപ്പോൾ ഏറ്റവും മികച്ച രീതിയിലാണ് ഇവിടെയുള്ള ആളുകൾ എന്നോട് പെരുമാറിയത്. എന്നാൽ മൊത്തം പോലീസ് ഫോഴ്‌സിനും അപമാനം ഉണ്ടാക്കുന്ന രീതിയിലുള്ള ചില പോലീസുകാരുണ്ട്.

ചില കാപാലിക്കന്മാർ അവരാണ് ഈ ഫോഴ്‌സിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം ഞങ്ങൾ തിരിച്ച് പുതുപ്പള്ളിയിലോട്ട് പോകുകയാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി തന്നെ എതിർക്കാം. അല്ലാതെ ഇതുപോലെയുള്ള ഗുണ്ട പ്രവർത്തികൾ ചെയ്യാൻ നിൽക്കരുത്. ഇത്തരം അപായപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകുന്നത് ഈ പാർട്ടിയുടെ തന്നെ അന്ത്യം കുറിക്കാനാണ്.

