കര്‍ഷകരുടെ വിഷയം ജയസൂര്യ പറഞ്ഞാല്‍ തെറ്റാകുമോ? : കെ. സുധാകരന്‍

0
358

ടൻ ജയസൂര്യയുടെ വിവാദ പ്രസംഗത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡ​ന്റ് കെ സുധാകരൻ. കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയം ജയസൂര്യ പറഞ്ഞാല്‍, അത്‌ തെറ്റാകുമോയെന്നാണ് കെ. സുധാകരന്‍ ചോദിക്കുന്നത്. ചില യാഥാര്‍ഥ്യങ്ങൾ വിളിച്ചുപറയുമ്പോള്‍ അതിനെതിരായി ഗുണ്ടാരാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നതെന്നാണ് സുധാകരൻ പറഞ്ഞത്. കര്‍ഷകര്‍ അവരുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി സംസാരിക്കുമ്പോള്‍ അതിനുള്ളില്‍ രാഷ്ട്രീയം കണ്ടെത്തി അതുവഴി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, അത് ചെയ്യരുതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

 

ഇനിയും കര്‍ഷകര്‍ക്ക് നല്‍കാന്‍ പണം ബാക്കിയുണ്ട്. അവർക്ക് സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് വെറുതെ പറയുന്നതല്ലാതെ സർക്കാർ അത് നല്‍കുന്നത് കാണുന്നില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികൾ ഉള്ള പരിപാടിയില്‍വെച്ചുതന്നെ ജയസൂര്യ കര്‍ഷകരുടെ പ്രശ്നത്തെക്കുറിച്ച് പറഞ്ഞത് അത് അവര്‍ ഉള്‍ക്കൊണ്ട് തിരുത്താനായിരുന്നു. എന്നാൽ അവർ അത് അങ്ങനെയല്ല എടുത്തത്. അതിനുപകരം വിമര്‍ശിക്കുകയാണ് ചെയ്തത്. ജയസൂര്യക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ സൈബര്‍ പോരാളികള്‍ നടത്തുന്ന യുദ്ധം അത്രയധികം ഭീകരമാണ്. ഗുണ്ടാ രാഷ്ട്രീയമാണ് ഇത്തരത്തിലുള്ള പ്രവർത്തികളിലൂടെ ഇടതുപക്ഷം നടത്തുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.


വിഷയത്തിൽ സർക്കാരി​ന്റെ ഭാ​ഗത്തുനിന്നുണ്ടായ ചില പോരായ്മകളെക്കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരുഭാഗത്ത് സർക്കാർ കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍, മറ്റൊരു ഭാഗത്ത് അനാവശ്യചെലവിനായി കോടികളാണ് സര്‍ക്കാര്‍ മുടക്കുന്നത്. പ്രതിമാസം 80 ലക്ഷം രൂപയുടെ അടുത്താണ് ഹെലിക്കോപ്റ്ററില്‍ യാത്ര ചെയ്യാനായി സർക്കാർ നീക്കിവെക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷ വീണ്ടു ഇരട്ടിയാക്കിയിട്ടുണ്ട്. നാനൂറോളം പോലീസുകാരാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നില്‍ക്കാന്‍ പോവുന്നത്. രണ്ടുലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങിക്കുന്ന നൂറിലേറെ ആളുകള്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്.

മുഖ്യമന്ത്രി യാത്രചെയ്യുന്ന ട്രെയിനിന്, റെയിലിന്റെ ഓരോ കിലോമീറ്റര്‍ പരിധിക്കുള്ളിലും രണ്ട് പോലീസുകാരെ വീതം രണ്ട് വശങ്ങളിലായി കാവല്‍ നിര്‍ത്തുന്നു എന്നാണ് വിവരം. യാത്ര പോയ്ക്കൊണ്ടിരിക്കുന്ന ട്രെയിനിന് എന്തിനാണ് പോലീസി​ന്റെ സംരക്ഷണമെന്നാണ് സുധാകരൻ ചോദിച്ചത്. മുഖ്യമന്ത്രിയുടെ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ എന്നും സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചോദിക്കുകയുണ്ടായി.

അതേസമയം, ജയസൂര്യയുടെ പ്രസ്താവനയിൽ മന്ത്രിമാർ നൽകിയത് മാന്യമായ മറുപടിയാണെന്ന് പറഞ്ഞിരിക്കുകയാണ് മന്ത്രി എം ബി രാജേഷ് ഇപ്പോൾ. താരം നടത്തിയ ഇരട്ടതാപ്പ് തുറന്നു കാണിക്കുകയാണ് ചെയ്തതെന്നും, ഒരിക്കലും ഒരാളുടെയും രാഷ്ട്രീയ നിലപാട് നോക്കിയല്ല ആരെയും പരിപാടികളിലേക്ക് ക്ഷണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നടൻ ജോജു ജോർജിനോട് കോൺഗ്രസ്‌ പ്രതികരിച്ചത് എങ്ങനെയാണെന്ന് കേരളം കണ്ടതാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇടതുപക്ഷം രാഷ്ട്രിയപരമായാണ് വിഷയത്തിന് മറുപടി നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here