പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാണാൻ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വിജയ് നായകനായി എത്തുന്ന ലിയോ. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് വിജയ് ചിത്രം റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ 2023 ലെ ഏറ്റവും കൂടുതല്‍ തുക യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയുമാണ് ലിയോ കടത്തി വെട്ടിയിരിക്കുന്നത്. ചിത്രം തീയേറ്ററുകളിൽ എതാൻ ഏഴു ദിവസം ബാക്കിനില്‍ക്കെ അഡ്വാന്‍സ് ബുക്കിംഗില്‍ നിന്നും ലിയോ നേടിയത് 6.92 കോടിയാണ്. എന്നാൽ ഇത് 1.2 മില്യണ്‍ ഡോളര്‍ വരെ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ട്രെയിലർ പുറത്തുവിട്ട് പന്ത്രണ്ടുമണിക്കൂറുകൾ പിന്നിടുമ്പോഴേക്കും 25 മില്യണിലധികം കാഴ്ചക്കാരെ ട്രെയിലർ സ്വന്തമാക്കിയിരുന്നു. ഇപ്പോഴും യുട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ് ചിത്രത്തിൻറെ ട്രെയിലർ. 300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറഞ്ഞിരുന്നത്. ലിയോയുടെ ഒറ്റിറ്റി റൈറ്റ്സ് വിറ്റിരുന്നത് നെറ്റ്ഫ്ലിക്സിനായിരുന്നു. 125 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഈ ബിസിനസ് നടത്തിയിരുന്നത്. ഓരോ പോസ്റ്ററുകളിലും പ്രതീക്ഷ വർധിപ്പിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്രെയിലറിലും അതിലേറെ പ്രതീക്ഷയാണ് ബാക്കിവെച്ചിട്ടുള്ളത്.
വലിയ ആകാംഷയോടെ കാത്തിരുന്ന ട്രെയിലർ, ഒരു ദൃശ്യവിരുന്നു തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ദളപതി വിജയിയുടെ ഇരട്ട അഴിഞ്ഞാട്ടമായിരുന്നു കാണാൻ സാധിച്ചത്. ട്രെയിലർ നൽകുന്ന സൂചനകൾ അനുസരിച്ച് ഇരട്ട വേഷത്തിലാണ് വിജയ് പ്രത്യക്ഷപെടുകയെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ശാന്ത രൂപത്തിൽ ലിയോ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.
14 വർഷങ്ങൾക്കു ശേഷം വിജയിനോടൊപ്പം തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ ഒക്ടോബർ 19 ന് ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും.