ആരാധകരുടെ ആവേശം ഇരട്ടിയാക്കി മാറ്റിയ പ്രദർശനങ്ങളിലൊന്നായിരുന്നു ഒക്ടോബർ 19 ന് നടന്ന ‘ലിയോ’ റിലീസ്. തമിഴ് സിനിമകൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആദ്യ ദിനത്തിൽ പുലർച്ചെയുള്ള ആരാധക ഷോകളിൽ അതിന്റെ ശക്തി കണ്ടതുമാണ്. ഇപ്പോൾ അതിലിരട്ടി ആവേശമാണ് ആരാധകർക്കുള്ളത്. കാരണം ലോകേഷ് ഇന്ന് കേരളത്തിൽ എത്തുകയാണ്. പ്രേക്ഷകർ ലിയോയ്ക്കു നൽകിയ വരവേൽപിന് നന്ദി പറയാനായാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്.
വിജയിയുടെ ലിയോ കേരളത്തിലെ റിലീസിംഗ് തിയറ്ററുകളുടെ എണ്ണത്തിലും നേടിയ ഓപണിംഗിലും റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇന്ന് കേരളത്തിലെ മൂന്ന് പ്രധാന തിയറ്ററുകളിലെത്തി അദ്ദേഹം സിനിമാപ്രേമികളെ സന്ദർശിക്കും. ഒപ്പം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ലിയോയുടെ ആഘോഷങ്ങളിലും പങ്കെടുക്കും.
കേരളത്തിലെ പ്രധാന മൂന്നു തീയേറ്ററുകളാണ് ലോകേഷ് കനകരാജ് സന്ദർശിക്കുന്നത്. പാലക്കാട് അരോമ, തൃശൂർ രാഗം, എറണാകുളം കവിത എന്നീ തിയറ്ററുകളിലാണ് ലോകേഷ് എത്തുക.
പാലക്കാട് അരോമയിൽ രാവിലെ 10.30 നും തൃശൂർ രാഗത്തിൽ ഉച്ചയ്ക്ക് 12 മണിക്കും എറണാകുളം കവിതയിൽ വൈകിട്ട് 5.15 നുമാണ് ലോകേഷ് എത്തുക എന്നാണ് വിവരം .
Director @Dir_Lokesh will be visiting Kavitha theatre tomorrow at 5:15 pm🔥🔥🔥@actorvijay #Leo #ekmkavitha pic.twitter.com/lYT0qa04lA
— Kavitha Theatre (@kavitha_theatre) October 22, 2023
എറണാകുളം ക്രൌൺ പ്ലാസ ഹോട്ടലിൽ ഒരുക്കിയിരിക്കുന്ന വാർത്താസമ്മേളനത്തിലും ലോകേഷ് കനകരാജ് പങ്കെടുക്കും. കഴിഞ്ഞ ദിവസം ആണ് ലോകേഷ് കേരളത്തിലെത്തുന്ന വിവരം ശ്രീ ഗോകുലം മൂവീസ് പുറത്തുവിട്ടത്.
View this post on Instagram
യാഷ് നായകനായ പാൻ ഇന്ത്യൻ ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റെക്കോർഡ് തകർത്താണ് ലിയോ കേരളത്തിലെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയത്. 12 കോടിയാണ് ചിത്രം ആദ്യദിനം കേരളത്തിൽ നിന്ന് മാത്രം നേടിയത്. വെള്ളി, ശനി ദിവസങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് കേരളത്തിൽ ലഭിച്ചത്. ഇന്നത്തെ കളക്ഷനിൽ ചിത്രം കേരളത്തിൽ നിന്ന് 8 കോടിയോളം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ നാല് ദിവസം നീണ്ട വാരാന്ത്യത്തിൽ കേരളത്തിലെ കളക്ഷൻ 30 കോടിക്ക് മുകളിൽ വരും .
അതേസമയം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 300 കോടി പിന്നിട്ടതായാണ് സൂചനകൾ ലഭിക്കുന്നത്. തമിഴ് സിനിമയിൽ നിന്നുള്ള ഈ വർഷത്തെ റിലീസുകളിൽ ഏറ്റവും കാത്തിരിപ്പും ഹൈപ്പും ഉയർത്തിയ ചിത്രമായിരുന്നു ലിയോ. ലോകേഷ് കനകരാജിൻറെ സംവിധാനത്തിൽ വിജയ് നായകനായിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്.