വിജയ് ലോകേഷ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ലിയോ’ കാണാനായി മണിക്കൂറുകൾ ബാക്കിനിൽക്കുകയാണ്. അതിനിടെ ആയിരുന്നു ഉദയനിധി സ്റ്റാലിൻ സിനിമ കണ്ട് അതേക്കുറിച്ചു ഒരു ട്വീറ്റ് പങ്കുവെച്ചത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായ ട്വീറ്റ് ആയിരുന്നു അത്. അതിൽ എൽസിയു എന്നും ഉദയനിധി കുറിച്ചിരുന്നു. ഇതാണ് ആരാധകരെ ആവേശത്തിലാക്കിയത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ഒന്നാണോ ലിയോ എന്ന് സംവിധായകൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാൽ ഉദയനിധിയുടെ ട്വീറ്റോടെ ഇത് വീണ്ടും ചർച്ചയായിരുന്നു. ഇതിനു മറുപടി പറഞ്ഞിരിക്കുകയാണ് ലോകേഷ് ഇപ്പോൾ.
എൽസിയു എന്നെഴുതിയതിനു ശേഷം കണ്ണടച്ചുള്ള ഒരു ഇമോജിയും ട്വീറ്റിനൊപ്പം ഉദയനിധി പങ്കുവെച്ചിരുന്നെന്നും, അതുകൊണ്ടു തന്നെ അതിന്റെ ഉത്തരം നാളെ സിനിമ കാണുമ്പോൾ ലഭിക്കുമെന്നും ആണ് ലോകേഷ് ആരാധകരോട് പറഞ്ഞത്. ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ലോകേഷ് മറുപടി നൽകിയത്.
Thalabathy @actorvijay Anna’s #Leo 👍🏽👍🏽 👍🏽@Dir_Lokesh excellent filmmaking , @anirudhofficial music , @anbariv master @7screenstudio 👏👏👏#LCU 😉! All the best team !
— Udhay (@Udhaystalin) October 17, 2023
“ദളപതി വിജയ് അണ്ണയുടെ ലിയോ കണ്ടു. സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ മികച്ച ഫിലിം മേക്കിംഗ്, അനിരുദ്ധ്, അന്‍പറിവ്, സെവന്‍ത് സ്റ്റുഡിയോ മികച്ച ടീം. ഇതിനൊപ്പം എല്‍സിയു“ എന്ന് എഴുതി സൈറ്റ് അടിക്കുന്ന ഒരു സ്മൈലിയും നൽകിക്കൊണ്ടാണ് ഉദയനിധി പോസ്റ്റ് പങ്കുവച്ചിരുന്നത്. ഈ പോസ്റ്റോടുകൂടി എല്‍സിയു ചോദ്യത്തിന് ഉത്തരമായി എന്നാണ് പലരും പറഞ്ഞിരുന്നത്. ചിത്രത്തിൻറെ പ്രഖ്യാപനം മുതൽ ലിയോ എൽസിയുവിൽ ഉൾപ്പെട്ടതാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.
സംവിധായകൻ ഇതുവരെ സൂക്ഷിച്ചു വച്ച രഹസ്യം ഉദയനിധി പൊട്ടിച്ചുവെന്നും ആ സർപ്രൈസ് ഫാക്ടർ അതുപോലെ തന്നെ കാത്തുസൂക്ഷിക്കേണ്ട ഒന്നായിരുന്നു എന്നും പിന്നീട് സമൂഹമാധ്യമങ്ങളിൽ ആരാധകർ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പ്രദർശനത്തിലായിരുന്നു ഉദയനിധി സിനിമ കണ്ടത്. മുൻപ് ലോകേഷ് സംവിധാനം ചെയ്ത വിക്രം സിനിമ വിതരണത്തിനെടുത്തത് ഉദയനിധിയുടെ റെഡ് ജയന്റ് സിനിമാസ് ആയിരുന്നു.
അതേസമയം ചിത്രത്തിന് പുലർച്ചെ നാല് മണിക്ക് പ്രത്യേക പ്രദർശനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിർമാതാക്കളുടെ ഹർജി മദ്രാസ് ഹെെക്കോടതി ഇന്നലെ തള്ളിയിരുന്നു. നിർമ്മാതാക്കളുടെ ആവശ്യം ഇന്ന് സർക്കാരും തള്ളി. അനുമതി നിഷേധിച്ചത് ഡിജിപി യുടെ നിർദ്ദേശം കണക്കിലെടുത്താണ്. രാവിലെ 9 മുതൽ പുലര്‍ച്ചെ 1 മണി വരെ അഞ്ച് പ്രദർശനങ്ങൾ ആണുണ്ടാവുക. റിലീസിന് മുൻപ് ചിത്രം നേടിയത് 160 കോടിയെന്നാണ് റിപ്പോർട്ടുകൾ.