വളരെ വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രമാണ് ‘കണ്ണൂർ സ്‌ക്വാഡ്’. അത്രയധികം ഹൈപ് ഇല്ലാതെ പ്രദർശനത്തിനെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വലിയ വിജയം നേടിയെടുത്തത്. ചിത്രത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം തന്നെ താരമായിരുന്നു അവർക്കൊപ്പമുണ്ടായിരുന്ന ടാറ്റ സുമോ വണ്ടി. അത് മമ്മൂട്ടി കമ്പനി സ്വന്തമാക്കിയിരിക്കുകയാണ് എന്ന വർത്തയാണ് ഇപ്പോൾ ആരാധകരെ ആകർഷിക്കുന്നത്.
സിനിമയുടെ തിരക്കഥാകൃത്തുകളിലൊരാളായ റോണി ഡേവിഡ് ആണ് മമ്മൂട്ടി ആ വാഹനം സ്വന്തമാക്കിയെന്ന വാർത്ത പുറത്തുവിട്ടത്. സിനിമയിൽ ആ സ്‌ക്വാഡിലെ നാലു അംഗങ്ങൾക്കുള്ള അതെ പ്രാധാന്യം ആ വണ്ടിക്കും ഉണ്ടായിരുന്നു. ഇവനും പൊലീസാണ് എന്ന് മമ്മൂക്ക പറയുന്ന ഡയലോഗിന് കണക്കില്ലാത്ത കയ്യടിയും ആരവവുമായിരുന്നു തീയേറ്ററിൽ ലഭിച്ചത്. ഈ ടാറ്റാ സുമ വണ്ടിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം തന്നെയാണ്. അവസാന ഭാഗത്ത് ആ വണ്ടി അപകടത്തിൽപ്പെടുമ്പോൾ ജോർജിനും ആ സംഘത്തിനും ഉണ്ടാകുന്ന അതേ വേദന പ്രേക്ഷകരും അനുഭവിച്ചു. സ്ക്വാഡിനൊപ്പം ഊണിലും ഉറക്കത്തിലും ഒപ്പം ഉണ്ടായിരുന്ന ആ വണ്ടി മമ്മൂട്ടി സ്വന്തമാക്കിയപ്പോൾ പ്രേക്ഷകർക്കും അത് വലിയ സന്തോഷമാണ്.
“രണ്ട് ടാറ്റാ സുമകളാണ് ഞങ്ങൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഉപയോഗിച്ചത്. ഒരെണ്ണം പോയി കഴിഞ്ഞാൽ അടുത്തത് എന്ന നിലയ്ക്ക് ബാക്ക് പോലെ വെച്ചിട്ടുണ്ടായിരുന്നു . നമ്മളില്ലാതെ വണ്ടിയുംകൊണ്ട് പോയി റോബി ചില ഷോട്ടുകൾ എടുത്തിരുന്നു. അതാണ് സിനിമയിൽ കാണുന്ന വണ്ടിയുടെ ചില കട്ടുകള്‍. നിലവിൽ ആ വണ്ടി മമ്മൂട്ടി കമ്പനിയിൽ ഉണ്ടാകും. അത് അദ്ദേഹം വാങ്ങി. ഇത്രയും ദിവസങ്ങൾ ഷൂട്ട് ഉള്ളതല്ലേ. അപ്പോൾ വാങ്ങാത വേറെ വഴിയില്ലല്ലോ”, എന്നാണ് റോണി പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ആദ്യദിനം മുതൽ പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറെ ഏറ്റുവാങ്ങിയ സിനിമകൾ സമീപകാലത്ത് മലയാളത്തിൽ വർദ്ധിച്ചു വരികയാണ്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ സ്ക്വാഡ് എന്ന സിനിമ . ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയം കണ്ണൂർ സ്‌ക്വാഡ് ടീം ആഘോഷിച്ചിരുന്നു. ദുബായിൽ നിന്നെത്തിയ മമ്മൂട്ടിയ്ക്ക് താരത്തിന്റെ വീട്ടിൽ വലിയ ആഘോഷമാണ് ടീം ഒരുക്കിയിരുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉൾപ്പെടെയുള്ളവർ താരത്തിന്റെ വീട്ടിൽ വെച്ച് കേക്ക് മുറിച്ച് ഈ വിജയം ആഘോഷിച്ചു. നടൻ കൊഞ്ചാക്കൊ ബോബനും വിജയാഘോഷത്തിൽ പങ്കാളിയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിടക്കം വൈറലായിരുന്നു. കൂടാതെ കണ്ണൂർ സ്‌ക്വാഡ് റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 2.75 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്.