കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച പ്രസ്താവനയായിരുന്നു നെൽകർഷകരുടെ ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞുകൊണ്ടുള്ള നടൻ ജയസൂര്യയുടെ പരാമർശം. ഈ വിവാദ പരാമർശത്തിനെതിരെയും അനുകൂലിച്ചും നിരവധിയാളുകൾ രംഗത്തുവന്നിരുന്നു. ജയസൂര്യയുടെ പ്രസ്താവനയിൽ മന്ത്രിമാർ നൽകിയത് മാന്യമായ മറുപടിയാണെന്ന് പറഞ്ഞിരിക്കുകയാണ് മന്ത്രി എം ബി രാജേഷ് ഇപ്പോൾ.

താരം നടത്തിയ ഇരട്ടതാപ്പ് തുറന്നു കാണിക്കുകയാണ് ചെയ്തതെന്നും, ഒരിക്കലും ഒരാളുടെയും രാഷ്ട്രീയ നിലപാട് നോക്കിയല്ല ആരെയും പരിപാടികളിലേക്ക് ക്ഷണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നടൻ ജോജു ജോർജിനോട് കോൺഗ്രസ് പ്രതികരിച്ചത് എങ്ങനെയാണെന്ന് കേരളം കണ്ടതാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇടതുപക്ഷം രാഷ്ട്രിയപരമായാണ് വിഷയത്തിന് മറുപടി നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിനെകുറിച്ചും മന്ത്രി സംസാരിക്കുകയുണ്ടായി. പുതുപ്പള്ളിയിൽ പ്രചരണങ്ങൾക്ക് വികസനം ചർച്ചയാക്കിയപ്പോൾ യുഡിഎഫ് പ്രതിരോധത്തിലായെന്നും, തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിക്കാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നടൻ ജയസൂര്യയുടേത് വ്യക്തമായ ബിജെപി അജണ്ടയാണെന്നാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.നടന്റെ പരാമർശം മുഴുവൻ പച്ചക്കള്ളമാണെന്നും ബോധപൂർവം കേരളത്തിലെ കൃഷിവകുപ്പിനെയും ഗവണ്മെന്റിനെയും കരി വാരി തേക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പ്രസംഗമാണ് ജയസൂര്യയുടേതെന്നും അരുൺ പറഞ്ഞിരുന്നു.

നടൻ ജയസൂര്യയുടെ വിവാദ പ്രസംഗത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ രംഗത്തുവന്നിരുന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട നടന്റെ പരാമർശങ്ങൾ, വസ്തുതകൾ കൃത്യമായി മനസ്സിലാക്കാതെയാണെന്ന് മന്ത്രി പറഞ്ഞിരുന്നു. ജയസൂര്യയുടെ പരാമർസത്തിന് വിമർശനവുമായി മന്ത്രിമാർ ഉൾപ്പെടെ നിരവധിയാളുകൾ രംഗത്ത് എത്തിയിരുന്നു.വിമർശനങ്ങൾ ഉയരുമ്പോഴും ഈ വിഷയത്തിൽ നടൻ ഇതുവരെ ഔദ്യോഗികമായി ഒരിടത്തും മറുപടി പറഞ്ഞിട്ടില്ല. എന്നാൽ താരം പറഞ്ഞ കാര്യത്തിൽ ഉച്ചുനിൽക്കുന്നെന്ന് ചില വാർത്തകൾ വന്നിരുന്നു. ഓണത്തിന് ശേഷം സംസ്ഥാനത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് തുടർ പ്രതികരണങ്ങൾ നടത്താത്തതെന്നാണ് വിവരങ്ങൾ.

കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള നടൻ ജയസൂര്യയുടെ പ്രസംഗം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇതിനോടകം നേരിട്ട് കൊണ്ടിരിക്കുന്നത്. കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നുമാണ് ജയസൂര്യ പ്രസംഗത്തിനിടെ ഉയർത്തിയ പ്രധാന വാദം. കളമശ്ശേരിയില്‍വെച്ചുനടന്ന കാര്‍ഷികോത്സവ വേദിയില്‍ നെല്‍ കര്‍ഷകര്‍ക്ക് സംഭരണ തുക നല്‍കാത്ത വിഷയമുയർത്തിക്കാട്ടി സര്‍ക്കാരിനെ ജയസൂര്യ വിമർശിച്ചിരുന്നു. മന്ത്രി പി രാജീവിനേയും കൃഷിമന്ത്രി പി പ്രസാദിനേയും വേദിയിലിരുത്തി കൊണ്ടായിരുന്നു നടന്‍റെ വിമർശനം.

