അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി നടൻ മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മാത്രമാണ് പത്രിക സമർപ്പിച്ചത്. ഇത് മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത് . ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ നടൻ ഉണ്ണി മുകുന്ദനും എതിരില്ലാതെ ട്രഷറർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറി നിൽക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉണ്ടാവുക. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദിഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവരം മത്സരിക്കും എന്നാണ് വിവരം. പതിനൊന്നുപേരാണ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് വരേണ്ടത്. അതിനായി ഇപ്പോൾ 12 പേരാണ് മത്സരിക്കുന്നത്. പതിമൂന്ന് പേർ ഉണ്ടായിരുന്നവയിൽ നിന്ന് രചന നാരായണൻകുട്ടി പത്രിക പിൻവലിക്കുകയായിരുന്നു. ഇത്തവണത്തെ മറ്റൊരു പ്രത്യേത പാനൽ മത്സരം വേണ്ട എന്നതാണ്. മോഹൻലാൽ തന്നെ എടുത്ത തീരുമാനമാണിത്. അതുകൊണ്ടുതന്നെയാണ് ഇത്തവണ ഇത്രയധികം സ്ഥാനാർത്ഥികൾ മത്സരരംഗത്തിറങ്ങാൻ കാരണം.
25 വർഷത്തോളം അമ്മയുടെ വിവിധ തലത്തിൽ ഭാരവാഹിയായി പ്രവർത്തിച്ച ഇടവേള ബാബു ഭാരവാഹിയാകില്ല എന്നത് കൊണ്ട് തന്നെ പൊതുയോഗം ഏറെ ശ്രദ്ധ നേടും. അതേസമയം ജൂൺ 30 ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചാണ് അമ്മയുടെ പൊതുയോഗം നടക്കുക. 3 കൊല്ലത്തിൽ ഒരിക്കൽ നടക്കാറുള്ള അമ്മയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പുതിയ ഭാരവാഹികൾ താര സംഘടനയ്ക്ക് ഉണ്ടാകും. 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ടവകാശമുള്ളത്.
ജൂൺ 3 മുതലാണ് പുതിയ ഭാരവാഹികളായി മത്സരിക്കാൻ താൽപ്പര്യമുള്ളവരിൽ നിന്നും പത്രിക സ്വീകരിക്കാൻ തുടങ്ങിയത്. അതേ സമയം താര സംഘടനയുടെ വരുമാനം സംബന്ധിച്ച് ചർച്ച പൊതുയോഗത്തിൽ നടക്കും എന്നാണ് പുറത്തുവരുന്ന വിവരം. അവശ നടീ നടന്മാർക്ക് നൽകുന്ന സാമ്പത്തിക സഹായം കൈനീട്ടം അടക്കം നടത്തുന്ന അമ്മ അതിനായി ഒരു സ്ഥിരം വരുമാന മാർഗ്ഗം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. അതിന് വേണ്ടിയുള്ള ചർച്ചകൾ വരാനിരിക്കുന്ന പൊതുയോഗത്തിൽ നടക്കും എന്നാണ് വിവരം.
25 വർഷത്തോളം അമ്മ സംഘടനയുടെ വിവിധ തലത്തിൽ ഭാരവാഹിയായ ഇടവേള ബാബു ഇത്തവണ ഭാരവാഹിയാകില്ലെന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. 1994 ൽ അമ്മ രൂപീകരിച്ച ശേഷം മൂന്നാം ഭരണ സമിതിയിലാണ് ഇടവേള ബാബു അമ്മ ജോയിൻറ് സെക്രട്ടറിയായി സ്ഥാനം ഏൽക്കുന്നത്. പിന്നീട് ഇന്നോളം അമ്മയിൽ വിവിധ സ്ഥാനങ്ങൾ ഇടവേള ബാബു വഹിച്ചിട്ടുണ്ട്.