മലയാള സിനിമാലോകത്തിന് അനവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ച. ഗായകൻ എം ജി ശ്രീകുമാറാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു എം ജി ശ്രീകുമാർ ഇതേക്കുറിച്ചു പറഞ്ഞത്. അടുത്ത വർഷം തുടക്കം കുറിക്കാനിരിക്കുന്ന സിനിമയിലൂടെയായിരിക്കും ഈ കൂട്ടുകെട്ട് ഒന്നിക്കുക എന്നാണ് എംജി ശ്രീകുമാർ പറയുന്നത്. ‘ഹരം’ എന്നായിരിക്കും സിനിമയുടെ പേരെന്നാണ് അദ്ദേഹം ആരാധകർക്ക് നൽകുന്ന സൂചന.
പ്രിയദർശൻ സ്വതന്ത്ര സംവിധായകനായി മാറുന്നത് പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെയാണ് . ആ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചത് മോഹൻലാലായിരുന്നു . പിന്നീട് താളവട്ടം, ചിത്രം, വെള്ളാനകളുടെ നാട്, കിലുക്കം, മിഥുനം, ചന്ദ്രലേഖ തുടങ്ങി നിരവധി ചിത്രണങ്ങളാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്നത് . അതിൽ ഭൂരിഭാഗവും വമ്പൻ വിജയങ്ങളും മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ചിത്രങ്ങളുമായി മാറിയിരുന്നു. ഈ സിനിമകളുടെ എല്ലാം വമ്പൻ വിജയം തന്നെയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായി ആരാധകർ ആവേശഭരിതരാകുന്നതിന് കാരണവും.
എം ജി ശ്രീകുമാർ ആയിരുന്നു മോഹൻലാൽ-പ്രിയൻ കൂട്ടുകെട്ടിന്റെ ഭൂരിഭാഗം സിനിമകളിലെ ഹിറ്റ് ഗാനങ്ങളിൽ പലതും ആലപിച്ചിരുന്നത്. കൂടാതെ പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ഒരു മരുഭൂമി കഥ എന്ന സിനിമയ്ക്ക് സംഗീതം ഒരുക്കിയതും എംജി ശ്രീകുമാറായിരുന്നു. ഇവർ മൂന്നുപേരും വീണ്ടും ഒന്നിക്കുന്നു എന്നത് സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് കാണുന്നത്. മൂവരുടെയും കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായാണ് ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ്.
മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നു എന്ന വാർത്ത മുൻപ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരുന്നു. അതേസമയം, പാൻ ഇന്ത്യൻ ലെവലിൽ ഒരുങ്ങുന്ന മറ്റൊരു മോഹൻലാൽ ചിത്രമാണ് വൃഷഭ. സഹ്‌റ എസ് ഖാനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധാനം. മലൈക്കോട്ടൈ വാലിബനാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം. വാലിബന്റെതായി പുറത്ത് വരുന്ന ഓരോ വാർത്തകൾക്കും വൻ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കാറുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത് രാജസ്ഥാനിൽ ആയിരുന്നു.