സിനിമ ഇറങ്ങി ഒരാഴ്ചയ്ക്ക് ശേഷം റിവ്യൂകൾ വരുന്നതാണ് നല്ലതെന്ന് പറയുകയാണ് പ്രശസ്ത നടൻ സത്യരാജ്. നെഗറ്റീവ് റിവ്യൂകൾ തങ്ങളെപോലുള്ള സ്വഭാവ നടന്മാരെ അല്ല ബാധിക്കുകയെന്നും, നിർമ്മാതാക്കളെയാണ് ബാധിക്കുകയെന്നുമാണ് താരം പറഞ്ഞത്. ഒറ്റ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
സത്യരാജിന്റെ വാക്കുകൾ..
”സിനിമ ഇറങ്ങി ഒരു ആഴ്ചയ്ക്ക് ശേഷം സിനിമ റിവ്യൂകൾ വരുന്നതാണ് എന്തുകൊണ്ടും നല്ലത്. റിവ്യൂ എന്ന് പറയുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളാണ്. റിവ്യൂകളിൽ ബാധിക്കപ്പെടാതെ പോകുന്ന ആളുകൾ എന്ന് പറയുന്നത് സ്വഭാവ നടന്മാരാണ്. എന്നാൽ ആ റിവ്യൂകൾ ബാധിക്കുന്നത് നിർമ്മാതാക്കളെ ആണ്. പിന്നെ സംവിധായകൻ, നായകൻ, നായിക എന്നിവരെയും അത് ബാധിക്കും. അതായത് ഒരു ക്യാരക്ടർ ആർടിസ്റ്റ് എന്ന നിലയിൽ ഒരുപാട് സിനിമകൾ എന്റെ പക്കലുണ്ട്. പൂർത്തിയാക്കിയ ചിത്രം, നടന്നുകൊണ്ടിരിക്കുന്ന ചിത്രം , അഡ്വാൻസ് വാങ്ങിയ ചിത്രം, അങ്ങനെ തുടങ്ങി ഏകദേശം ഇരുപതോളം ചിത്രങ്ങളുണ്ട്. അതുകൊണ്ട് ഒരു സിനിമ വിജയിച്ചാലും ഇല്ലെങ്കിലും നമ്മളെ വലുതായി ബാധിക്കുകയില്ല. എന്നാലും റെവന്യുവിന്റെ ഭാഗത്ത് നോക്കുമ്പോൾ നിർമ്മാതാക്കളെയും വിതരണക്കാരെയും ബാധിക്കും. അതുകൊണ്ടുതന്നെ ഒരു ആഴ്ചയ്ക്കു ശേഷം റിവ്യൂ വരുന്നതാണ് നല്ലത്. ”
‘ഒറ്റ’ എന്ന സിനിമയുടെ ഭാഗമായാണ് സത്യരാജ് മൂവി വേൾഡ് മീഡിയയുമായി സംസാരിച്ചത്. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒറ്റ. ആസിഫ് അലി അർജുൻ അശോകൻ , ഇന്ദ്രജിത്, രോഹിണി, രഞ്ജി പണിക്കർ, ഇന്ദ്രൻസ് തുടങ്ങി വലിയൊരു താരനിരയാണ് ഈ സിനിമയിൽ അണിനിരക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നതും ശബ്ദ മിശ്രണവും റസൂൽ പൂക്കുട്ടി തന്നെയാണ് ചെയ്യുന്നത്.
ചിത്രത്തിൽ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ അച്ഛനായാണ് സത്യരാജ് എത്തുന്നത്. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളും അതേ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി ഉള്ളതാണ് ഈ സിനിമ. എസ് ഹരിഹരന്റെ ജീവിതത്തിൽ നിന്നുമുള്ള ചില സംഭവങ്ങളാണ് സിനിമയിൽ ചർച്ചയാവുന്നത്. സിനിമയുടെ താരനിരയിൽ മാത്രമല്ല അണിയറയിലും പ്രശസ്തരായ ആളുകൾ തന്നെയാണ് പ്രവർത്തിക്കുന്നത്. വിദേശിയായ ഒരാളാണ് സിനിമയുടെ ബാക്ഗ്രൗണ്ട് മ്യൂസിക് ചെയ്യുനത്. ജയചന്ദ്രൻ ആണ് സിനിമയിൽ സംഗീതം പകർന്നിരിക്കുന്നത്.