മലയാളത്തിൽ ഓണം റിലീസ് ആയ സിനിമകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുന്ന സിനിമയാണ് ഷൈൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവർ നായകൻമാരായെത്തിയ ആർ ഡി എക്സ്. ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ സിനിമ കിംഗ് ഓഫ് കൊത്ത, നിവിൻ പോളിയുടെ ബോസ് ആൻഡ് കോ എന്നിവയെല്ലാം ഓണത്തിന് റിലീസ് ആയിരുന്നെങ്കിലും. പുതുമുഖ സംവിധായകനായ നഹാസ് ഹിദായത്ത് ഒരുക്കിയ ആക്ഷൻ സിനിമയായ ആർ ഡി എക്സ് എല്ലാ മുൻ ധാരണകളെയും നിഷ്പ്രഭമാക്കി കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചു കയറിയത്.
ആഗസ്ത് 25 ന് പുറത്തിറങ്ങിയ സിനിമ രണ്ടാഴ്ചകൾക്കു ശേഷവും നിറഞ്ഞ സദസ്സിനു മുൻപിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത ആർ ഡി എക്സ് നോട് ഏറ്റുമുട്ടാനെത്തിയിരിക്കുന്നത് സാക്ഷാൽ ഷാരൂഖ് ഖാന്റെ ‘ജവാനാണ്’. ഇതിനെ കുറിച്ചൊരു ഫേസ്ബുക് പോസ്റ്റ് പങ്കു വെച്ചിരിക്കുകയാണ് നടൻ നീരജ് മാധവ്. ആർ ഡി എക്സ് ലെ ‘സീൻ മോനെ’ എന്ന റാപ് ഗാനത്തിലെ വരിയായ ‘ആരോക്കെ വന്നാലും ഇല്ലെടാ പേടി’ എന്നാണ് നടൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതിനിടെ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് കിംഗ് ഷാരുഖ് ഖാന്റെ പുതിയ ചിത്രമായ ജവാൻ പുറത്തിറങ്ങുനത്. തമിഴ് സംവിധായകൻ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ജവാൻ ഷാരൂഖിന്റെ ഏറെ പ്രതീക്ഷ പുലർത്തിയ സിനിമയായിരുന്നു. ഷാരൂഖിനെ കൂടാതെ നയൻതാര, വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇന്ത്യയൊട്ടുക്കും വലിയ രൂപത്തിലുള്ള പ്രേക്ഷക പ്രതികരണമാണ് ജാവാന് ലഭിച്ചു കൊണ്ടിരിക്കുന്നത് ആദ്യ ദിവസം 129 കോടി രൂപ നേടി കൊണ്ട് ഒരു ഇന്ത്യൻ സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡ് ജവാൻ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെല്ലാം സൂപർ ഹിറ്റായി കൊണ്ടിരിക്കുന്ന ജവാൻ ഇന്ത്യയിൽ നിന്നുള്ള എക്കാലത്തെയും വലിയ കളക്ഷൻ നേടുന്ന സിനിമ എന്നുള്ള റെക്കോർഡ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നേടുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. എന്നാൽ തെന്നിന്ത്യയിൽ ചിത്രത്തിന് ശരാശരി പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ കേരളത്തിൽ ആർ ഡി എക്സ് ന് മുൻപിൽ കിംഗ് ഖാന് അടിപതറുമോയെന്ന സംശയത്തിലാണ് പ്രേക്ഷകർ.