തമിഴിലെ വിജയ ജോഡികളാണ് നടൻ ശിവകാർത്തികേയനും സംഗീത സംവിധായകൻ ഡി ഇമ്മാനും. ഇരുവരും ഒന്നിച്ചെത്തിയാൽ ആ സിനിമയിൽ മനോഹരമായ പാട്ടുകൾ ഉണ്ടാവുമെന്നത് ഉറപ്പാണെന്നാണ് ആരാധകർക്കിടയിലുള്ള സംസാരം. വ്യക്തി ജീവിതത്തിലും ഇവർ രണ്ടുപേരും വളരെ അടുത്ത ബന്ധം പുലർത്തുന്നവരായിരുന്നു. എന്നാൽ അടുത്ത കാലത്തായി രണ്ടുപേരും അത്ര നല്ല രീതിയിലുള്ള ബന്ധമല്ല പുലർത്തുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെതന്നെ വന്നിരുന്നു. ഇക്കാര്യം തുറന്നു സമ്മതിക്കുകയാണ് സംഗീത സംവിധായകൻ ഇമ്മാൻ ഇപ്പോൾ.
നടൻ ശിവകാർത്തികേയനെ ‘എൻ തമ്പി’ എന്നാണ് ഇമ്മാൻ പൊതുഇടങ്ങളിൽ മുൻപ് വിശേഷിപ്പിച്ചിരുന്നത്. ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചുവെന്നാണ് ഇമ്മാൻ ഇപ്പോൾ പുറത്തുവിട്ട വെളിപ്പെടുത്തൽ. ശിവകാർത്തികേയനുമായി ചില പ്രശ്നങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ച ഇമ്മാൻ, ശിവകാർത്തികേയന്റെ ചിത്രങ്ങൾക്കായി ഇനി സംഗീത സംവിധാനം നിർവഹിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇരുവർക്കുമിടയിലെ പ്രശ്നം എന്താണെന്ന് തുറന്നുപറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചുവെന്നും അത് ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും മാത്രമാണ് ഇമ്മാൻ വ്യക്തമാക്കിയത്.
‘എന്നോട് ശിവകാർത്തികേയൻ ചെയ്ത ദ്രോഹം തിരിച്ചറിയാൻ ഞാൻ വളരെ വൈകിപ്പോയി. അതുകൊണ്ടുതന്നെ അദ്ദേഹം അഭിനയിക്കുന്ന സിനിമകളിൽ ഇനി ജീവനുള്ള കാലത്തോളം ഞാൻ പ്രവർത്തിക്കില്ല. എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അയാളോട് തന്നെ നേരിട്ട് ചേദിച്ചിരുന്നു. അതിന് ശിവകാർത്തികേയൻ പറഞ്ഞ മറുപടി തുറന്ന് പറയാൻ പോലും കഴിയാത്തതാണ്.’
തന്റെ കുഞ്ഞുങ്ങളുടെ ഭാവി കാരണമാണ് ചില കാര്യങ്ങൾ താൻ മൂടിവെയ്ക്കുന്നതെന്നാണ് സംഗീത സംവിധായകൻ പറയുന്നത്. ചില കാര്യങ്ങൾ മൂടിവെയ്ക്കുക തന്നെയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നാട്ടുകാർ എന്ത് പറയുന്നു എന്നത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും, അത് തനിക്കൊരു പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ മോശം അവസ്ഥകൾ ഉണ്ടാകുമെന്നും, ആ ദുഖത്തിന് കാരണം ശിവകാർത്തികേയൻ മാത്രമാണ് കാരണം എന്ന് പറയാനാവില്ലെന്നും , എങ്കിലും അതുമൊരു പ്രധാന കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശിവകാർത്തികേയൻ നായക കഥാപാത്രത്തിലെത്തുന്ന ‘അയലാൻ’ ചിത്രത്തിന്റെ ടീസർ മുൻപ് പുറത്തിറങ്ങിയിരുന്നു. മികച്ച തിരക്കഥകൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രമായിരിക്കും ”അയലാൻ” എന്ന സൂചന ടീസർ നൽകുന്നുണ്ട്. സയൻസ് ഫിക്ഷൻ ശ്രേണിയിൽ ഉൾപ്പെടുന്ന ചിത്രത്തിൽ രാകുൽ പ്രീത് ആണ് നായിക. യോഗി ബാബു, കരുണാകരൻ തുടങ്ങി വമ്പൻ താരനിര ചിത്രത്തിലെത്തുന്നുണ്ട് . 2015ൽ പുറത്തിറങ്ങിയ ‘ഇൻട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. രവികുമാർ ആണ് ‘അയലാൻ’ നിർമ്മിക്കുന്നത്.