സിനിമാമേഖലയ്ക്ക് പുറമെ സാമൂഹ്യ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന തമിഴകത്തിലെ നടനാണ് വിശാൽ. നടികര്‍ സംഘത്തിന്റെ നേതൃത്വ പദവിയിൽ ഇരിക്കുന്ന വിശാല്‍ ചിലപ്പോൾ ഭാവിയില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നത് സംബന്ധിച്ച് തമിഴകത്ത് വലിയ ചർച്ചകളുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തന്റെ കല്യാണം കഴിഞ്ഞിട്ടില്ലെങ്കിലും തനിക്കൊരു മകളുണ്ടെന്നുപറഞ്ഞ് ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
മാർക് ആന്റണി എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന്റെ പരിപാടിയിൽവെച്ചായിരുന്നു വിശാൽ ആ പെൺകുട്ടിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. എല്ലാവർക്കുമറിയുന്നതുപോലെ താൻ വിവാഹം കഴിക്കാത്ത ഒരാളാണെന്നും എന്നാൽ തനിക്കു ഒരു മകളുണ്ടെന്നുമാണ് താരം വേദിയിൽ പറഞ്ഞത്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആ കുട്ടിയെ ഏറ്റെടുത്ത് പഠിപ്പിക്കുകയാണ് വിശാൽ. ആന്റണ്‍ മേരി എന്നാണ് മകളുടെ പേരെന്നും ചെന്നൈയിലെ സ്റ്റൈല്ലാമേരിസ് കോളേജിലെ വിദ്യാര്‍ഥിയാണെന്നും പറഞ്ഞുകൊണ്ട് വിശാല്‍ പരിപാടിയിൽ ആ കുട്ടിയെ പരിചയപ്പെടുത്തി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, പഠിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആന്റണ്‍ മേരിയെ സഹായിച്ചതെന്നാണ് വിശാൽ പറഞ്ഞത്.
ഒരു സുഹൃത്തു വഴിയാണ് വിശാല്‍ ആ കുട്ടിയെ കണ്ടുമുട്ടുന്നത്. കന്യാകുമാരിയിലെ ഒരു മത്സ്യത്തൊഴിലാളിയുടെ മകളാണ് ആന്റണ്‍ മേരി. സ്‌റ്റെല്ലാ മേരീസ് കോളേജില്‍ പഠിക്കണമെന്നത് ആ പെണ്‍കുട്ടിയുടെ സ്വപ്‌നമായിരുന്നു. ആന്റണ്‍ മേരിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സുഹൃത്തില്‍ നിന്നും മനസിലാക്കിയ വിശാല്‍ പഠനവും മറ്റു ചെലവുകളും ഏറ്റെടുക്കുകയായിരുന്നു. സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിശാലിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടുമുട്ടിയെ ഒരു വിദ്യാര്‍ഥിനിയെ ആണ് തന്റെ പ്രേക്ഷകര്‍ക്ക് വിശാൽ പരിചയപ്പെടുത്തിയത്.
വിശാലിന്റേതായി മാര്‍ക്ക് ആന്റണി എന്നൊരു ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. സയൻസ് ഫിക്ഷൻ പശ്ചാത്തലമാക്കി കഥ പറയുന്ന ടെെം ട്രാവൽ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരുന്നു. നടൻ വിശാൽ നായകനായെത്തുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിശാലിനൊപ്പം സിനിമയിൽ എസ് ജെ സൂര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്രെയിലർ നൽകുന്ന സൂചനകൾ വെച്ച് ചിത്രത്തിൽ എസ് ജെ സൂര്യയുടെ മികച്ച പ്രകടനം തന്നെ കാണാൻ സാധിക്കുമെന്നാണ് എല്ലാവരുടെയും വിലയിരുത്തൽ. സെപ്തംബർ 15 നാണ് ചിത്രം തീയേറ്ററിൽ പ്രദർശനത്തിലെത്തുന്നത്. ആധിക് രവിചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന സിനിമയിൽ വിശാലിനും എസ് ജെ സൂര്യയ്ക്കും പുറമെ സെൽവരാഘവൻ, ഋതു വർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട് . തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് എസ് വിനോദ് കുമാറാണ്.