ഉമ്മൻചാണ്ടി സാറിനോടുള്ള ജനങ്ങളുടെ അതിയായ ഒരു സ്നേഹമാണ് ഇവിടെ ചാണ്ടി ഉമ്മന്റെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി മാറുന്നത്. ഇവിടെ യഥാർത്ഥത്തിൽ വിജയിച്ചത് ഉമ്മൻചാണ്ടി തന്നെയാണ് എന്ന് അഖിൽ മാരാർ. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“എന്റെ സുഹൃത്തും, പുതുപ്പള്ളിക്കാർക്ക് ഏറെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന്റെ മകനുമായ ചാണ്ടി ഉമ്മന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. പ്രധാനമായിട്ടും അഭിനന്ദനങ്ങൾക്കൊപ്പം ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഉദ്ദേശിക്കുകയാണ്. അദ്ദേഹത്തിന് സമയം കിട്ടുന്ന സമയത്ത് കഴിയുമെങ്കിൽ ഞാൻ പറയുന്ന കാര്യങ്ങൾ ഒന്ന് മനസ്സിൽ സൂക്ഷിക്കുക, അത് ഞാൻ ആറുമായതുകൊണ്ടല്ല പക്ഷേ താങ്കൾ ഇതൊന്നു മനസ്സിൽ സൂക്ഷിക്കുക. കാരണം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റ് നേടി ഈ കോൺഗ്രസ്സ് മഹാഭൂരിപക്ഷത്തിൽ വിജയിച്ച സമയത്ത് ഞാൻ അന്ന് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു, നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും, പിണറായി വിജയനെ ആരെങ്കിലും മണ്ടനായി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ബുദ്ധി നിങ്ങൾക്ക് മനസ്സിലായിട്ടില്ല എന്ന് കരുതിക്കൊണ്ട് ഞാൻ വളരെ കൃത്യമായി കാര്യകാരണങ്ങളെ നിരത്തിക്കൊണ്ട് ഞാൻ ഒരു വലിയ ആർട്ടിക്കിൾ എഴുതിയിരുന്നു. അതെന്താണെന്നു ചോദിച്ചു കഴിഞ്ഞാൽ എപ്പോഴും നമ്മൾ വിജയിക്കുന്നതിന്റെ കാരണങ്ങൾ നമ്മൾ മനസ്സിലാക്കിയിരിക്കണം.
ഇവിടെ ഉമ്മൻചാണ്ടി സാറിനേക്കാൾ 40000 ലധികം ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിച്ചു എന്ന് പറയുമ്പോഴും യഥാർത്ഥത്തിൽ വിജയിച്ചത് ഉമ്മൻചാണ്ടി തന്നെയാണ്. ഉമ്മൻചാണ്ടി സാറിനോടുള്ള ജനങ്ങളുടെ അതിയായ ഒരു സ്നേഹമാണ് ഇവിടെ ചാണ്ടി ഉമ്മന്റെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി മാറുന്നത്. ഒരു കാരണമല്ല, ചാണ്ടി ഉമ്മന്റെ ഈ ഒരു വിജയം എന്നുപറയുന്നതിനുള്ള കാരണം നമ്മൾ കണ്ടെത്തണം. വിജയിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്തിയെങ്കിൽ മാത്രമേ ആ വിജയം നമുക്ക് മുന്നോട്ട് നിലനിർത്താൻ കഴിയുകയുള്ളൂ.
ഞാൻ മനസ്സിലാക്കുന്നിടത്തോളം ഇന്നത്തെ ഈ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടി എന്നുപറയുന്ന മനുഷ്യൻ്റെ കഴിഞ്ഞ 50 വർഷത്തിലധികക്കാലമായുള്ള പൊതുപ്രവർത്തനത്തിന്റെ നന്മ തന്നെയാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്. രണ്ടാമത്തേത്, അദ്ദേഹത്തെ തള്ളിപ്പറഞ്ഞ, പരിഹസിച്ച, ഒരുപാട് എതിർത്തിട്ടുള്ള ഇടതുപക്ഷ അനുഭാവികൾ, കമ്യൂണിസ്റ്റ് പാർട്ടിയുടെ മെമ്പർമാരല്ല ഇടതുപക്ഷ അനുഭാവികളായിട്ടുള്ള മനുഷ്യർപോലും മനസ്സുകൊണ്ട് അതിൽ പശ്ചാത്തപിക്കുകയു൦ ചെയ്തിരുന്നു. കാരണം സോളാർ വിഷയം വന്ന സമയത്ത് അദ്ദേഹത്തെ ഏതൊക്കെ രീതിയിൽ ആക്രമിക്കാമോ ആ രീതിയിൽ എല്ലാം അദ്ദേഹത്തെ കടന്നാക്രമിച്ചിട്ടുള്ള മനുഷ്യർക്കിടയിൽ ഒരു വലിയ പശ്ചാത്താപം തോന്നുകയും അദ്ദേഹത്തിന്റെ മരണശേഷം അത് ചാണ്ടി ഉമ്മന് പിന്തുണയായി കൊടുക്കാൻ ഒരുപക്ഷേ ഇടതുപക്ഷ അനുഭാവികൾ പോലും തയ്യാറായിട്ടുണ്ട് എന്നതാണ് രണ്ടാമത്തെ കാരണം എന്ന് പറയുന്നത്.
ഇനി മൂന്നാമത്തെ കാരണ൦ എന്നുപറയുന്നത് കമ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ 7 വർഷങ്ങളായിട്ട് സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഒരു 7 വർഷത്തെ ഭരണവിരുദ്ധത കാലങ്ങളായി മലയാളികൾ കാത്തുസൂക്ഷിക്കുന്ന അത്തരം ഒരു മനോഭാവവും ഈ വിജയത്തിന് ഒരു കാരണമായിട്ടുണ്ട്. ഇനി ഈ കാരണങ്ങളെയെല്ലാം കട്ട് ചെയ്യുക എന്നുള്ളതാണ് ചാണ്ടി ഉമ്മൻ പ്രധാനമായും ശ്രമിക്കേണ്ട കാര്യം. അതായത് ഇന്ന് താൻ വിജയിക്കാൻ ഉണ്ടായ എല്ലാ കാരണങ്ങളെയും കട്ട് ചെയ്തെങ്കിൽ മാത്രമേ അടുത്ത തെരഞ്ഞെടുപ്പിൽ താങ്കൾക്ക് ഈ വിജയം നിലനിർത്താൻ കഴിയുകയുള്ളൂ, ആ വിജയത്തിന്റെ മാറ്റ് മനോഹരമാക്കിത്തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ, അതാണ് താങ്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ഇപ്പോൾ വിജയിച്ച കാരണങ്ങളെ കട്ട് ചെയ്ത് ജയിക്കാനുള്ള കാരണം ചാണ്ടി ഉമ്മനായി മാറണം.
ഇനി വിജയിക്കാനുള്ള കാരണം ചാണ്ടി ഉമ്മനായി മാറണമെങ്കിൽ ഈ വിജയത്തിൽ അഹങ്കരിക്കാനോ അല്ലെങ്കിൽ തനിക്ക് ചുറ്റുമുള്ള ആളുകൾ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരു വിജയം വരുമ്പോൾ സ്വാഭാവികമായിട്ട് സംഭവിക്കുന്ന ഒരു അഹങ്കാരം പോലെ, ഞങ്ങൾ ഇവിടെ എടുത്ത് മലമറിച്ചുകളയും ഇവിടെ കമ്യൂണിസ്റ്റ് പാർട്ടിയെ ഞങ്ങൾ അങ്ങ് തകർത്തെറിഞ്ഞു കളയും എന്ന് പറയുന്നൊരു മനോഭാവത്തിലേക്ക് ഒരു കോൺഗ്രസ്സ് അനുഭാവിയും എത്താൻ പാടില്ല. നിങ്ങൾ എല്ലായ്പ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട കാര്യം എന്ന് പറയുന്നത് വിജയിക്കാനുള്ള കാരണങ്ങൾ നിങ്ങളുടെ പ്രകടനമികവ് കൊണ്ടാണോ എന്നുള്ളതിനെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ വിജയിക്കുമ്പോൾ മാത്രമേ നാളെയും നിങ്ങൾക്ക് അനുകൂലമായി ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളൂ.
ഇപ്പോൾ ഇവിടെ ഉമ്മൻചാണ്ടി സാറിനോടുള്ള സ്നേഹം വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എങ്കിൽ ജെയ്‌ക്ക് എന്ന ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ ചർച്ചകളിലും സംസാരങ്ങളിലും സൃഷ്ടിച്ചെടുക്കുന്ന ചില അഹങ്കാരങ്ങൾ അല്ലെങ്കിൽ ചില പരാമർശങ്ങൾ ഇത് മാറ്റി ജെയ്‌ക്ക് കുറച്ചുകൂടെ ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിച്ചാൽ അദ്ദേഹത്തോടുള്ള വിരോധം കുറയും. ഇനി വരൻ പോകുന്ന രണ്ടു വർഷം ഇടതുപക്ഷത്തിന്റെ ഭരണം ജനങ്ങൾക്ക് കൂടുതൽ മനോഹരമായി അനുഭവപ്പെട്ടാൽ അവർക്ക് കൂടുതൽ നല്ല രീതിയിൽ തോന്നിയാൽ പിണറായി വിജയനോട് അവർക്ക് ഇന്നത്തെ വിരോധം മാറി കൂടുതൽ ഇഷ്ടം തോന്നിയാൽ, പിണറായി വിജയനെ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ജനത ഇന്ന് ഇവിടെയുണ്ട്, അദ്ദേഹത്തെ വെറുക്കുന്ന ഒരു വിഭാഗം ജനതയുമുണ്ട്. ആ വെറുക്കുന്ന ഒരു വിഭാഗത്തിൽ നിന്ന് രണ്ട് ശതമാനം ജനത മാറി ചിന്തിച്ചാൽ അതൊരു വലിയ വോട്ടായി ഇടതുപക്ഷത്തിന് അനുകൂലമായിട്ട് മാറാനും അത് വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കാനും സാധ്യത ഉണ്ട് എന്ന് തിരിച്ചറിയാനുള്ള ബോധം നിങ്ങൾക്ക് ഉണ്ടാവണം. അതോടൊപ്പം തന്നെ ജനങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ബോധം നിങ്ങൾക്ക് ഉണ്ടാകണം. എല്ലായ്പ്പോഴും ജയിക്കുന്നതിന്റെ കാരണങ്ങൾ നിങ്ങൾക്ക് മനസ്സിലാവണം.
എതിരാളിയുടെ പരാജയമാകരുത് നമുക്ക് കിട്ടുന്ന അംഗീകാരങ്ങൾ. എതിരാളികളുടെ മണ്ടത്തരം കൊണ്ട് ജയിച്ചാൽ ആ മണ്ടത്തരം നാളെ അവൻ അവർത്തിക്കപ്പെടാതിരുന്നാൽ നമുക്ക് ജയിക്കാൻ കഴിയില്ല. ഇത് എല്ലായ്പ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. കോൺഗ്രസ്സ് അധികാരത്തിൽ എത്തുമെന്ന് ഇന്ത്യയിൽ നിങ്ങൾ വിശ്വസിക്കുന്നത് പോലെ കേരളത്തിൽ നിങ്ങൾ വിശ്വസിക്കുന്നതുപോലെ എങ്ങനെ എത്തുമെന്നതിനുള്ള ഉത്തരമാണ് കണ്ടെത്തേണ്ടത്. അതിന് എതിരാളിയുടെ ബുദ്ധി മനസ്സിലാക്കണം, തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ ശരി തെറ്റുകളുടെ വിലയിരുത്തലുകൾ അല്ല കേവലം വോട്ടുകൾ മാത്രമാണ്, ആ വോട്ടുകൾ എങ്ങനെ പിടിക്കണമെന്നുള്ള ഒരു രാഷ്ട്രീയനേതാവിന്റെ ബുദ്ധിയാണ് അവിടെ പ്രതിഫലിക്കുന്നതെന്ന് നിങ്ങൾ കൃത്യമായിട്ട് തിരിച്ചറിയണം. ആ തിരിച്ചറിവായിരിക്കും ഇനി മുന്നോട്ടുള്ള ജയത്തിന് പ്രധാനപ്പെട്ട ഘടകം എന്ന് ഞാൻ പറയുന്നു. ഈ വിജയത്തിൽ അഹങ്കരിക്കാനോ അഭിനന്ദിക്കാനോ ഒരു പരിധിയ്ക്കപ്പുറത്തേയ്‌ക്ക് പോകാതെ കൂടുതൽ മികച്ച പ്രവർത്തനവുമായി പോയി ഈ വിജയം നിലനിർത്താൻ വേണ്ടി പരമാവധി പരിശ്രമിക്കുക” അഖിൽ മാരാർ വ്യക്തമാക്കി.