ഫോട്ടോഗ്രാഫിയുടെ മർമ്മമറിയുന്ന ഒരു ഫോട്ടോഗ്രാഫറാണ് ജെ.പി എന്നറിയപ്പെടുന്ന ജയപ്രകാശ് പയ്യന്നൂർ. പ്രവാസ ലോകത്ത് ഇന്ന് ഏറെ തിരക്കുള്ള സ്റ്റിൽ ഫോട്ടോഗ്രാഫറാണ് അദ്ദേഹം. അടുത്തിടെ നടൻ കുഞ്ചാക്കോ ബോബൻ എടുത്ത ജെ.പിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ആ വീഡിയോയ്ക്കു പിന്നിലെ കഥയെകുറിച്ചും ചാക്കോച്ചനെകുറിച്ചും പറയുകയാണ് ജെ.പി. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജെ. പി ഈ അനുഭവങ്ങൾ പങ്കുവെച്ചത്.
ചാക്കോച്ചൻ വീഡിയോ എടുത്തത് താനറിഞ്ഞില്ലെന്നും, എന്നാൽ ആ വീഡിയോ തനിക്കു വളരെ അധികം ഇഷ്ടമായെന്നും ജെപി പറഞ്ഞു. കൂടാതെ സിനിമയ്ക്കുമപ്പുറം സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് ചാക്കോച്ചനെന്നും, ഇരുവരും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെ.പിയുടെ വാക്കുകൾ…
ചാക്കോയുടെ കല്യാണ ഫോട്ടോകൾ എടുത്തുകൊടുത്തത് ഞാനാണ്. അത് മാത്രമല്ല, ആദ്യ സിനിമ മുതൽ ചാക്കോച്ചനുമായി എനിക്ക് നല്ല ബന്ധമുണ്ട്. സിനിമയ്ക്കുമപ്പുറം ഒരു നല്ല സുഹൃദ്ബന്ധം സൃഷ്ടിക്കുന്ന ആളാണ് ചാക്കോച്ചൻ . ആ വീഡിയോ എടുക്കാനുള്ള തോന്നൽ അവന്റെ ഉള്ളിൽ നിന്നും വന്നതാണ്. ഞാനറിയില്ലായിരുന്നു അവൻ ക്യാമറയിൽ വിഡിയോ എടുക്കുന്നുണ്ടെന്ന്. വീഡിയോയിലെ എന്റെ പ്രതികരണം കണ്ടാൽ നിങ്ങൾക്ക് മനസിലാകും.
ഈ പോസ്റ്റ് Instagram-ൽ കാണുക
അവിടെ എല്ലാവരും ഉണ്ടായിരുന്നു, നല്ല തിരക്കായിരുന്നു. ഫ്രെയിമിൽ തന്നെ ലാലേട്ടനുണ്ട്,യുസഫലിക്ക ഉണ്ട്. അങ്ങനെ എല്ലാവരും ഉള്ള സമയത്താണ് വലിയ ഉച്ചത്തിൽ ചാക്കോ എന്നെ വിളിക്കുന്നത്. അവൻ ഷൂട്ട് ചെയ്തുകൊണ്ടാണ് വിളിക്കുന്നത്. ആ വീഡിയോ അവൻ എനിക്ക് തന്നു. അതുവെച്ചു എനിക്ക് ഇൻസ്റ്റയിൽ ഒരു വിഡിയോ ചെയ്യാനും പറ്റി . എന്റെ കൂടെ അവിടെ ചേച്ചിയുടെ മകനുണ്ടായിരുന്നു. യാദൃശ്ചികമായി വൈഡ് ക്യാമറയിൽ അവനിത് ഷൂട്ട് ചെയ്തു. എല്ലാം കൂടെ ഒരുമിച്ച് വന്നപ്പോൾ നല്ല ഒരു വിഡിയോ ആയി മാറി.

സ്റ്റിൽ ഫോട്ടോഗ്രാഫർ എന്ന ജോലിക്ക് ഒരുപാട് പരിമിതികളുണ്ടെന്നും , ഒരു സിനിമ വിജയിച്ചാൽ പോലും അവർക്കൊന്നും കിട്ടാനില്ലെന്നും ജെപി പറഞ്ഞു. സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നുപറയുന്നത് ഒരു ടെക്‌നീഷൻ ആണെങ്കിലും നമ്മുക്ക് ഒരുപാട് പരിമിതികളുണ്ട്. പ്രധാനപ്പെട്ട ഒരു ഘടകമാണ് സ്റ്റിൽ ഫോട്ടോഗ്രാഫി എങ്കിലും അതിൽ നമ്മളെ പിന്തുണക്കുന്ന ആളുകൾക്കും, കിട്ടുന്ന വരുമാനത്തിനും ഒരു പരിധിയുണ്ടാകും. അതിൽ കൂടുതലൊന്നുമില്ല. ഇനി സിനിമ വിജയിച്ചാലും സ്റ്റിൽ ഫോട്ടോഗ്രാഫേർക്കൊന്നും കിട്ടാൻ പോകുന്നില്ല. അപ്പോൾ അതിനപ്പുറമുള്ള ബന്ധമാണ് ചാക്കോച്ചനുമായുള്ളത്. എറണാകുളത്തു എന്റെ ഫ്ലാറ്റ് എടുക്കുമ്പോഴെല്ലാം എന്നെ ഒരുപാട് സഹായിച്ച ഒരാളാണ് ചാക്കോച്ചൻ.’

