അറേബ്യൻ വനിതയെ കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് മല്ലു ട്രാവലർ എന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസ് എടുക്കുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ മല്ലു ട്രാവലർ ഇപ്പോൾ കാനഡയിലാണ് ഉള്ളത്. കൂടാതെ പോലീസ് അന്വേഷണവുമായി സഹകരിക്കില്ല എന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. എപ്പോഴാണ് വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുക എന്ന കാര്യത്തിൽ വ്യക്തത ഇല്ലാതായതോടെ പോലീസ് അന്വേഷണം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. അറേബ്യൻ വനിതയുടെ രഹസ്യമൊഴി എടുക്കാനുള്ള നടപടികൾ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്.
അതേസമയം, സെപ്റ്റംബർ 13നാണ് കേസ് ആസ്പദമായ സംഭവം നടക്കുന്നത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പറയുന്നു. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി.
അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.
ഈ ആരോപണങ്ങൾ എല്ലാം തള്ളിക്കളയുന്ന രീതിയിലാണ് മല്ലു ട്രാവലർ തന്റെ ഫേസ്ബുക് അക്കൗണ്ടിലെ പോസ്റ്റും അതിനെ തുടർന്ന് യൂട്യൂബിൽ പങ്കുവെച്ച വീഡിയോയും പറയുന്നത്. മനപ്പൂർവം അപമാനിക്കാൻ ശ്രമിക്കുമാകയാണെന്നും ഇതിനെതിരെ കൃത്യമായ തെളിവുകൾ നിരത്തി മുന്നോട്ട് പോകുമെന്നും ഷക്കീർ സുബാൻ വ്യക്തമാക്കിയിരുന്നു.
‘എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്കാണ്. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണൂ ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു” മല്ലു ട്രാവലര്‍ എന്നാണ് മല്ലു ട്രാവലർ ഫേസ്ബുക് പേജിൽ കുറിച്ചത്.
‘മല്ലു ട്രാവലര്‍’ എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചാണ് ഷക്കിര്‍ പ്രശസ്തനായത്. കണ്ണൂര്‍ സ്വദേശിയാണ്.