എകെ സാജന്റെ സംവിധാനത്തിൽ ജോജു ജോർജ് നായകനായി എത്തുന്ന ചിത്രമാണ് പുലിമട. ഇപ്പോഴിതാ ചിത്രത്തിന്റെ നാലാമത്തെ ഗാനത്തിന്റെ ലിറിക്സ് വീഡിയോ പുറത്തിറങ്ങി. ഡോ. താരാ ജയശങ്കറിന്റെ വരികൾക്ക് ഇഷാൻ ദേവ് ഈണം പകർന്ന് ഇഷാൻ ദേവ് തന്നെ ആലപിച്ച “അലകളിൽ” എന്ന ഗാനമാണ് എത്തിയത്. പഴയകാല ഓർമ്മകളിലേക്ക് തിരിച്ച് കൊണ്ടുപോകുന്ന അനുഭൂതിയാണ് ഈ ഗാനം സമ്മാനിക്കുന്നത്. ചിത്രം ഒക്ടോബർ 26ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.
അടുത്തകാലത്തായി പോലീസ് വേഷങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് ജോജു. പുലിമടയിലും ജോജു ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയാണ് എത്തുന്നത്. എന്നാല്‍ പ്രമേയം തീര്‍ത്തും വ്യത്യസ്തമാണ്. വിൻസന്റ് സ്‌കറിയ എന്ന പോലീസ് കോൺസ്റ്റബിൾ ആയി എത്തുന്ന ജോജു ജോർജിന്റെ വിവാഹവും, അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും, അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുക.
മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. സെന്റ് ഓഫ് എ വുമണ്‍ എന്ന ചിത്രത്തിന്റെ ടാഗ്ലൈന്‍ തന്നെ ഏറെ പുതുമയുള്ള ഒന്നായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് നടിമാരായ ഐശ്വര്യ രാജേഷും ലിജോമോളുമാണ്. ഐൻസ്‌റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐൻസ്റ്റീൻ സാക്പോൾ, രാജേഷ് ദാമോദരൻ എന്നിവർ ഒത്തുചേർന്നാണ് പുലിമട നിർമ്മിക്കുന്നത്.
ജോഷി ഒരുക്കുന്ന ജോജുവിന്റെ സിനിമയായ ആന്റണി നിര്‍മ്മിക്കുന്നതും ഐൻസ്‌റ്റീൻ മീഡിയ തന്നെയാണ്. പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഇരട്ട എന്ന ചിത്രത്തിനുശേഷമുള്ള ജോജു ജോർജിന്റെ പുതിയ ആണ് പുലിമട. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വലിയൊരു താരനിരതന്നെയാണ് വേഷമിടുന്നത്.
ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വത്സൻ, ഷിബില എന്നീ താരങ്ങൾ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുന്ദ് . പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും സംവിധായകൻ പ്രേക്ഷകരെ കൊണ്ടുപോവുകയെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നത്.