എ.കെ സാജന്റെ സംവിധാനത്തിൽ ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ‘പുലിമട’. ഐൻസ്‌റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഇപ്പോഴിതാ പുലിമടയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. നീല വാനിലെ എന്ന ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഒരു പ്രണയ ഗാനമാണ് ഇത്. പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു വ്യത്യസ്ത അനുഭൂതി നൽകുന്ന ഗാനമാണ് ഇത്.
ചുരുങ്ങിയ നിമിഷം കൊണ്ടാണ് പാട്ടിന്റെ ലിറിക്കൽ വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലായി മാറിയത്. എ.കെ സാജൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം ‘അരികിൽ ഒന്ന് വന്നാൽ’ എന്ന് തുടങ്ങുന്നതാണ്. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ഇഷാൻ ദേവ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപ് കുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകപ്രശംസ നേടിയ ‘ഇരട്ട’ എന്ന സിനിമയ്ക്ക് ശേഷം ജോജു ജോർജിന്റെ അടുത്ത റിലീസ് സിനിമയാണ് ‘പുലിമട’. അതോടൊപ്പം പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. ഒരു ഷെഡ്യൂളിൽ അറുപത് ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് സിനിമയായ പുലിമടയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോവുക എന്നാണ് പറയുന്നത്. സംഗീതം ഇഷാൻ ദേവ്, ഗാനരചന റഫീഖ് അഹമ്മദ്,ഡോക്ടർ താര ജയശങ്കർ,ഫാദർ മൈക്കിൾ പനച്ചിക്കൽ. പശ്ചാത്തല സംഗീതം അനിൽ ജോൺസൺ. എഡിറ്റർ എ കെ സാജൻ. പ്രൊഡക്ഷൻ ഡിസൈനർ വിനേഷ് ബംഗ്ലാൻ,ആർട്ട് ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ് അനൂപ് ചാക്കോ എന്നിവരാണ് ചിത്രത്തിന് പിന്നിലെ അണിയറ പ്രവർത്തകർ.