ബോക്സ് ഓഫീസില്‍ ഹിറ്റായ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനായ പുഷ്പ. പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പ 2’ വിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ അല്ലു അര്‍ജ്ജുന്റെ പിറന്നാള്‍ തലേന്ന് നിര്‍മ്മാതാക്കള്‍ പങ്കുവെച്ചിരുന്നു. പോസ്റ്ററിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഇപ്പോഴിതാ പുഷ്പ ടുവിനെക്കുറിച്ചുള്ള പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്.
ബോക്സ് ഓഫീസ് കീഴടക്കാൻ പുഷ്പ രാജ് 2024 ആഗസ്റ്റ് പതിനഞ്ചിന് വീണ്ടും എത്തുകയാണ്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഗ്രാൻഡ് റിലീസായാണ് ‘പുഷ്പ 2’ തീയേറ്ററുകളിൽ എത്തുന്നത്. തെലുങ്ക് സിനിമാലോകത്തെ ഏറ്റവുമധികം ആവേശമുണര്‍ത്തുന്ന രണ്ടാംഭാഗങ്ങളില്‍ ഒന്നാണ് പുഷ്പ 2. ‘പുഷ്പ: ദ റൈസ്’. പുതിയ പോസ്റ്ററിനും പുറത്തുവിട്ട ചിത്രത്തിന്റെ ഗ്ലിംപ്സിനും ആഗോളതലത്തില്‍ നിരവധി ആരാധകരാണുള്ളത്.
അതേസമയം, ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ രണ്ടാം ഭാഗമായ പുഷ്പ ദ റൂളിന്റെ ചിത്രീകരണത്തില്‍ ഫഹദ്ഫാസില്‍ ജോയിന്‍ ചെയ്തിരുന്നു. എസ് പി ബന്‍വര്‍സിങ് ഷേഖ്വാദ് എന്ന വില്ലന്‍ കഥാപാത്രത്തെ ആയിരുന്നു ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. തെന്നിന്ത്യന്‍ താരം സായ് പല്ലവിയും പുഷ്പയുടെ രണ്ടാംഭാഗമായ പുഷ്പ ദ റൂളിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു അതിഥി വേഷത്തിലാകും നടി അഭിനയിക്കുക. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.
ഡിസംബര്‍ 12ന് ആരംഭിച്ച പുഷ്പ ദ റൂളിന്റെ ചിത്രീകരണം ആദ്യം വിശാഖപട്ടണത്തായിരുന്നു. ഏകദേശം 2023ന്റെ അവസാനത്തോടെയോ 2024 ന്റെ തുടക്കത്തിലോ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 2024 പകുതിയോടെ പുഷ്പ: ദി റൂള്‍ എത്തുമ്പോള്‍ പുതിയ വിവരങ്ങളനുസരിച്ച് ചിത്രത്തിന്റെ ആഗോള സംഗീത അവകാശവും ഹിന്ദി സാറ്റലൈറ്റ് ടിവി വിതരണാവകശവും ഭൂഷണ്‍ കുമാറിന് 60 കോടിക്ക് വിറ്റിരിക്കുകയാണ്.
വിദേശ ഭാഷകള്‍ ഉള്‍പ്പെടെ 50 മുതല്‍ 60 കോടി രൂപ വരെ നല്‍കിയാണ് ഭൂഷണ്‍ കുമാര്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.’പുഷ്പ: ദി റൂളി’നൊപ്പം ഡിഎസ്പി രചിക്കുന്ന ഗാനങ്ങള്‍ ആഗോള പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നത് ടീ സീരീസാണ്. രശ്മികയാണ് പുഷ്പ 2വിലും നായികാ വേഷം അവതരിപ്പിക്കുന്നത്.