പകരക്കാരനില്ലാത്ത അമരക്കാരന്റെ സിനിമ കഥകൾ

0
261

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ​ഗം​ഗാധരൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ചയായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കെ.ടി.സി ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനായ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനാണ് പി.വി. ​ഗം​ഗാധരൻ. മലയാള സിനിമ ചരിത്രത്തിൽ ഇടം പിടിച്ചതും ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു പി.വി. ​ഗംഗാധരൻ.

പ്രിയപ്പെട്ടവരുടെ സ്വന്തം പിവിജി. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലിടം പിടിച്ച പി.വി. ​ഗം​ഗാധരൻ നിലവിൽ aicc അംഗം കൂടെയാണ്. 2011 ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അതോടൊപ്പം സാംസകാരിക മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലായി വലിയൊരു സൗഹൃദവലയം തന്നെ പി.വി.ജിയ്ക്കുണ്ടായിരുന്നു. സംവിധാന മേഖലയില്‍ പോലും നവാഗതര്‍ക്ക് അവസരം നല്‍കാന്‍ പിവിജി മടി കാട്ടിയില്ല., അങ്ങാടിയും, ഏകലവ്യനും, വാര്‍ത്തയും പോലെ സിനിമ പ്രേമികൾ നെഞ്ചേറ്റിയ ഒരുപിടി സൂപ്പര്‍ഹിറ്റുകള്‍.

മലയാള ചലച്ചിത്ര ലോകത്തെ എക്കാലത്തേയും മികച്ച സിനിമകളില്‍ ഒന്നായ ഒരു വടക്കന്‍ വീരഗാഥയും, എന്ന് സ്വന്തം ജാനകിക്കുട്ടിയും, തൂവല്‍ക്കൊട്ടാരവും വീണ്ടും ചില വീട്ടുകാര്യങ്ങളും, കൊച്ചു കൊച്ചു സന്തോഷങ്ങളും, ഒരു പിടി നല്ല സിനിമകൾ പി.വി.ജി മലയാള സിനിമയ്ക്ക് സമ്മാനിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ.വി.ശശിയുടെ ശ്രദ്ധേയമായ ഒട്ടനവധി ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് അദ്ദേഹം. ഏതൊരു സിനിമ പ്രേമിയോടും അവരുടെ പ്രിയപ്പെട്ട സിനിമകളുടെ പേര് ചോദിച്ചാല്‍ അതില്‍ പിവിജിയുടെ ഒരു സിനിമയെങ്കിലുമുണ്ടാകും. കാരണം ആ സിനിമകള്‍ പറഞ്ഞു വെച്ചതെല്ലാം ജീവിതഗന്ധിയായ കഥകളായിരുന്നു.

എം.ടിയെ പോലെ മികച്ച എഴുത്തുകാരുടെ തിരക്കഥകളായിരുന്നു ആ സിനിമകളുടെയും കാമ്പ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവിജി നിര്‍മ്മിച്ചത് 22 സിനിമകള്‍ ആയിരുന്നു. ആദ്യ സിനിമയായ ‘സുജാത’യില്‍ പ്രശസ്ത നടന്‍ പ്രേംനസീറിനെ നായകനാക്കി. സുജാത പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചതോടെ പി.വി.ജിയുടെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും കല്‍പ്പക റിലീസും മലയാളികളുടെ പ്രിയപ്പെട്ട ബാനറായും മാറി. നിർമാതാവിന്റെ പേര് നോക്കിയും ആളുകൾ സിനിമ കാണാൻ കയറി തുടങ്ങി.

ഐവി ശശിയും ഭരതനും സത്യന്‍ അന്തിക്കാടും തുടങ്ങി പ്രശസ്ത സംവിധായകന്മാരെല്ലാം തന്നെ കോഴിക്കോടിന്റെ മണ്ണില്‍ സിനിമയെടുത്തു. പി.വി.ജി. തുടങ്ങിവെച്ച കോഴിക്കോടന്‍ സിനിമകള്‍ പിന്നീട് പ്രിയദര്‍ശനും മറ്റുള്ളവരും ഏറ്റെടുത്തു. പതിനാറ് വർഷം മുൻപ് അദ്ദേഹം സിനിമ നിർമാണ മേഖലയിൽ നിന്നും പിന്മാറിയെങ്കിലും അച്ഛന്റെ പാത പിന്തുടര്‍ന്ന് നല്ല സിനിമകളുടെ ഭാഗമാകാൻ എസ്. ക്യൂബ് പ്രൊഡക്ഷന്‍സിലൂടെ മക്കളായ ഷെനൂഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരും ശ്രമിച്ചു കൊണ്ടേയിരുന്നു. പി.വി ഗംഗാധരന്‍ വിടപറയുമ്പോള്‍ കലാസ്‌നേഹികളായ പഴയ നിര്‍മാതാക്കളുടെ കാലഘട്ടം കൂടിയാണ് അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here