സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ അഭിനേതാവായി അലൻസിയർ നടത്തിയ പ്രസ്താവന വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. അത് കൂടാതെ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ സദസ്സിൽ ഒരു അനക്കവുമില്ലാതെ എഴുന്നേറ്റു നിന്ന ഭീമൻ രഘുവിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ ഇതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നർത്തകിയും, നടിയുമായ രചന നാരായണൻകുട്ടി. എന്തൊരു നല്ല പ്രതിമ അല്ലെ… അയ്യോ പ്രതിമ അല്ല പ്രതിഭ എന്നാണ് താരം സമൂഹമാധ്യമത്തിൽ കുറിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം…
എന്തൊരു നല്ല പ്രതിമ അല്ലെ …. അയ്യോ പ്രതിമ അല്ല പ്രതിഭ !!!
ഡിജി ആർട്സിന്റെ കലാപ്രതിഭക്ക് ആശംസകൾ…
അലൻസിയർ ലോപ്പസിന് ഈ “പ്രതിഭ” മതിയാകുമോ എന്തോ!!!
അതേസമയം, പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. അലന്‍സിയര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനായി ഓടിയതായിരുന്നു ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു ആ അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോട് പറയാമായിരുന്നു, ഇപ്പോള്‍ സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം, ഇത് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടനുള്ള പുരസ്‌കാരം എല്ലാവര്‍ക്കും കിട്ടും.
എന്നാല്‍ സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്കു സ്വര്‍ണത്തിലെങ്കിലും പൊതിഞ്ഞ പ്രതിമ തരണം. എനിക്കും കുഞ്ചാക്കോ ബോബനും ഇരുപത്തയ്യായിരം രൂപയെന്നു പറഞ്ഞു അപമാനിക്കരുത്. ഞങ്ങള്‍ക്കും പൈസയൊക്കെ കൂട്ടണം. അത് ഞാന്‍ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷിനോട് പറയുകയാണ്. ഒരു അഭ്യര്‍ത്ഥനകൂടി എനിക്ക് പറയാനുണ്ട്. ഈ പെണ്‍ പ്രതിമ തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ളൊരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള പ്രതിമ തരണം. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാന്‍ കഴിയുന്നോ, അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.” എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.
അതിനുശേഷം, വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍ എത്തിയിരുന്നു. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തില്‍ തെറ്റില്ലെന്നും പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അലന്‍സിയര്‍ വ്യക്തമാക്കി. അതില്‍ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്‌കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നല്‍കിയത്. ഞാനൊരു സ്ത്രീവിരുദ്ധന്‍ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെണ്‍കൂട്ടായ്മക്ക് ഉണ്ടാകണം. ആണ്‍കരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവര്‍ഷവും ഒരേ ശില്പം തന്നെ നല്‍കുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയില്‍ അലന്‍സിയര്‍ വിശദീകരിച്ചത്.
സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങിലാണ് മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ഭീമന്‍ രഘു ആദരവ് പ്രകടിപ്പിച്ചത്. പിണറായി വിജയന്‍ പ്രസംഗിച്ച 15 മിനിറ്റും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പായിരുന്നു. ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും അച്ഛന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു.